ഡൽഹി: ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കാൻ പുത്തൻ മുഖം. എഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ മൻപ്രീത് സിങ് നയിക്കും. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് പകരമാണ് മൻപ്രീത് സിംഗിന്റെ നിയമനം. ക്യാപറ്റനെമാറ്റിയതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വെളിവായിട്ടില്ല. ചിങ്ലെൻസാം സിങ് ആണ് വൈസ് ക്യാപ്റ്റൻ. ശ്രീജേഷിനൊപ്പം യുവ ഗോൾകീപ്പർ കൃഷൻ ബഹാദൂർ പഥക്കിനെയും 18 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തമാസം മസ്‌കറ്റിലാണ് എഷ്യൻ ചാമ്പ്യൻസ് ട്രോഫി . സർദാർ സിങ് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടൂർണമെന്റാണിത്. ഇരുപതുകാരൻ ഹർദിക്‌സിംഗാണ് ടീമിലെ പുതുമുഖം. ഭുവനേശ്വറിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ്.

ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. 2016ൽ പാക്കിസ്ഥാനെ 3-2ന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. സർദാർ സിങ് വിരമിച്ചശേഷം ഇന്ത്യ പങ്കെടുക്കുന്ന പ്രധാന ടൂർണമെന്റാണിത്. മലേഷ്യ, പാക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ഒമാൻ എന്നിവരാണ് ടൂർണമെന്റിൽ ഇന്ത്യയുടെ എതിരാളികൾ.