മലപ്പുറത്തെ നർത്തകരും സഹോദരങ്ങളുമായ റൂബിയയെയും മൻസിയയെയും അത്രപെട്ടെന്നൊന്നും മലയാളി മറക്കില്ല. കുറച്ചു വർഷങ്ങൾക്കു മുമ്പത്തെ കഥയാണ്. തൊണ്ണൂകളുടെ അവസാനവും രണ്ടായിരത്തിന്റെ ആദ്യവും കേരളം സജീവമായി ചർച്ച ചെയ്ത മലപ്പുറത്തെ മതവിലക്കിന്റെ ചരിത്രം. കഥകളി പഠിക്കാൻ പോയതിനാണ് റൂബിയയെയും മൻസിയയെയും കുടുംബത്തോടെ മഹല്ലും നാട്ടിലെ മതവാദികളും പലതരത്തിൽ വിലക്കിയത്. എന്നാൽ തോറ്റുപിൻവാങ്ങാൻ തയാറായിരുന്നില്ല രണ്ടുപേരും. അരങ്ങുകളിൽ ചിലങ്കയിലായി ഇരുവരും സമ്മാനങ്ങൾ വാരിക്കൂട്ടി. വിലക്കുകളെ നൃത്തം ചെയ്തു തോൽപിച്ചു. ഇളയകുട്ടി മൻസിയ ഇപ്പോൾ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. മദ്രാസ് സർവകലാശാലയിൽ എംഎ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയാണ് മൻസിയ ഇക്കാലമത്രയും വിലക്കുകളിലൂടെ ഉപദ്രവിച്ച മതവാദികൾക്കു മറുപടി നൽകിയിരിക്കുന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് മൻസിയയ്ക്ക് ചെന്നൈയിൽപോയി പഠിക്കാൻ സഹായമൊരുക്കിയത്. മൻസിയ മറുനാടൻ മലയാളിയോടു സംസാരിക്കുന്നു, കഴിഞ്ഞകാലത്തെക്കുറിച്ച്... പോരാട്ടങ്ങളെക്കുറിച്ച്... സ്വപ്‌നങ്ങളെക്കുറിച്ച്....

മലപ്പുറം വള്ളുവമ്പ്രത്തെ ഒരു സാധാരണ മുസ്‌ളിം കുടുംബത്തിൽ അലവിക്കുട്ടി, ആമിന ദമ്പതികളുടെ ഇളയ മകളായാണ് മൻസിയയുടെ ജനനം. നൃത്തം അഭ്യസിച്ചതിന്റെ പേരിൽ മഹല്ലിൽനിന്നും സമുദായത്തിൽനിന്നു വരെ ഒറ്റപ്പെട്ടു കഴിയേണ്ടിവന്നു. പ്രതിസന്ധികളും ഭീഷണികളും നിറഞ്ഞ ജീവിതത്തിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ മൻസിയ വിജയത്തിന്റെ പടവുകൾ ചവിട്ടുകയായിരുന്നു. ഇഷ്ടവിഷയത്തിൽ ഒന്നാം റാങ്കിന്റെ തിളക്കം കാണാൻ ഉമ്മ ആമിന ജീവിച്ചിരിപ്പില്ലെന്ന സങ്കടം മാത്രമാണ് മൻസിയക്ക് ബാക്കി.

ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം തുടങ്ങിയ ഇനങ്ങളിൽ മൻസിയ സ്‌കൂൾ പഠനകാലത്തേ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. എന്നാൽ കഥകളി അഭ്യസിച്ച് അരങ്ങിലെത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ക്ഷേത്രകല അഭ്യസിക്കുകയും കഥകളിവേഷം കെട്ടുകയും ചെയ്തത് മതമേലധ്യക്ഷന്മാർ അപരാധമായി കണ്ടു. മലപ്പുറം ജില്ലയിൽനിന്നു കഥകളി അവതരിപ്പിച്ച ആദ്യ മുസ്ലിം സഹോദരിമാർ കൂടിയായിരുന്നു മൻസിയയും ജേഷ്ഠ സഹോദരി റൂബിയയും. എതിർപ്പുകളും വിമർശനങ്ങളും മൻസിയക്ക് നൽകിയത് മുന്നോട്ടു ഗമിക്കാനുള്ള ഊർജ്ജമായിരുന്നു. ഇന്ന് സ്‌കൂൾ കലോത്സവങ്ങളിൽ വിധികർത്താവായെത്തുന്ന സ്ഥിരം അതിഥികൂടിയാണ് മൻസിയ. ഡാൻസിൽ എംഫിലും പിഎച്ച്ഡിയും ചെയ്യുന്നതോടൊപ്പം ഒരു പെർഫോമറായി തിളങ്ങാനാണ് മൻസിയയുടെ ആഗ്രഹം.

വിമർശകർ പലരും ഇന്ന് പിന്തുണയുമായെത്തിയിട്ടുണ്ട്. എതിർപ്പുകളില്ലായിരുന്നെങ്കിൽ താൻ ഒന്നുമാകില്ലായിരുന്നുവെന്നും എതിർത്തവർക്കും പിന്തുണച്ചവർക്കും നന്ദിയുണ്ടെന്നും മൻസിയ മറുനാടൻ മലയാളിയോട് പറഞ്ഞു. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ എം.എ പരീക്ഷാ ഫലം വന്ന ശേഷം വി.പി മൻസിയ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിന്റെ പൂർണരൂപം:

? വിമർശനങ്ങളോടും പ്രതിബന്ധങ്ങളോടും പൊരുതിയാണ് മൻസിയ ഇപ്പോൾ ഈ നേട്ടത്തിൽ എത്തിനിൽക്കുന്നത്. എന്താണ് തോന്നുന്നത്.

എന്റെ ഇഷ്ട വിഷയമായ ഭരതനാട്യത്തിൽ തന്നെ ഒന്നാം റാങ്ക് ലഭിച്ചതിൽ ഞാൻ ഏറെ സന്തോഷത്തിലാണ്. സഹായിച്ചവർക്കും പിന്തുണച്ച് കൂടെ നിന്നവർക്കും നന്ദിയുണ്ട്. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ ബി.എ ഇംഗ്ലീഷ് ഡിഗ്രി കഴിഞ്ഞ് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ പോയി. രണ്ട് വർഷത്തെ പിജി കോഴ്‌സ് എം.എ ഭരതനാട്യമായിരുന്നു പഠിച്ചത്. കഴിഞ്ഞ ദിവസം റിസൾട്ട് വന്നു. അതിനു ശേഷമാണ് റാങ്ക് ഉണ്ടെന്ന് അറിയുന്നത്. ഒരുപാട് സന്തോഷമുണ്ട് കാരണം, പത്താം ക്ലാസിൽ ഫുൾ എ പ്ലസ് ആയിരുന്നു. പ്ലസ് ടുവിനും ഒരു എ പ്ലസ് മാത്രമായിരുന്നു കുറഞ്ഞത്. പഠനത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായിരുന്നൈങ്കിലും അന്നില്ലാത്തത്രയും സന്തോഷം ഇപ്പോഴുണ്ട്. ഡാൻസ് പഠിച്ചതുകൊണ്ട് മാത്രമാണ് എനിക്ക് ഈ എതിർപ്പുകളെല്ലാം വന്നത്. എതിർപ്പ് നേരിട്ട അതേ വിഷയത്തിൽ ആരുടെയൊക്കെയോ പ്രാർത്ഥനകൊണ്ട് കിട്ടിയ നേട്ടം ഇരട്ടി മധുരമായി തോന്നുകയാണിപ്പോൾ. ഉമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല, ഉപ്പയ്ക്കും ഉമ്മയ്ക്കും കൊടുക്കാൻ പറ്റുന്ന വലിയൊരു സമ്മാനമായാണ് ഞാൻ ഇതിനെ കാണുന്നത്. ഇനി അവർ ആഗ്രഹിക്കുന്ന പോലെ മുന്നോട്ടു പോകും. എന്റെ നേട്ടം കാണാൻ ഉമ്മ ജിവിച്ചിരിപ്പില്ലെന്ന സംങ്കടം എനിക്കുണ്ട്. പക്ഷേ, ഉമ്മ എവിടെ നിന്നെങ്കിലും ഇത് കാണുമെന്ന് എനിക്കുറപ്പാണ്. അതുകൊണ്ടായിരിക്കാം ഇത്രയും മത്സരം നിറഞ്ഞ സാഹചര്യത്തിൽ നിന്നും എനിക്ക് ഒന്നാം റാങ്ക്
ലഭിച്ചത്. എന്നെക്കാളും സന്തോഷം എന്റെ കൂട്ടുകാർക്കും പിന്തുണച്ചവർക്കുമെല്ലാമാണ്. ഫോൺ കോളിലൂടേയും അല്ലാതെയും അവരെല്ലാം അഭിനന്ദനം അറിയിച്ചിരുന്നു.

? സ്പീക്കർ ശ്രീരാമകൃഷ്ണൻ പഠനച്ചെലവ് വഹിക്കുന്നത് എങ്ങിനെയായിരുന്നു.

സ്പീക്കർ ശ്രീരാമകൃഷ്ണൻ സാറും ഉപ്പയുടെ ഫാമിലി ഫ്രണ്ടായ സിബി സാറുമാണ് എന്റെ പഠനച്ചെലവ് വഹിച്ചത്. രണ്ട് പേരും എന്നെക്കുറിച്ചുള്ള വാർത്തകളും പ്രശ്‌നങ്ങളും അറിഞ്ഞിരുന്നവരാണ്. ഞാൻ പാർട്ടി പ്രവർത്തക കൂടിയായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഒരു വേദിയിൽ നിന്നാണ് ശ്രീരാമകൃഷ്ണൻ സാർ എന്റെ ഡാൻസും പഠനവും അന്വേഷിച്ചത്. എന്റെ തുടർപഠനത്തെ കുറിച്ച് അന്ന് അവിടെവച്ച് അവർ തിരക്കിയിരുന്നു. പിന്നീടാണ് വിളിച്ചു പറഞ്ഞത് ചെന്നൈയിലൊക്കെ പഠിക്കാൻ നല്ല ചെലവ് വരില്ലേ.., കുഴപ്പമില്ല ഇഷ്ടള്ള സ്ഥലത്ത് പഠിച്ചോളൂ ചെലവ് നോക്കാമെന്ന്.

? തുടർ പഠനം, ഭാവി.

എം.എഫിൽ ചെയ്യണം. എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. കലാമണ്ഡലത്തിൽ എൻട്രൻസ് എഴുതി കിട്ടിയിട്ടുണ്ട്. ഒന്നാം റാങ്ക് കിട്ടിയതുകൊണ്ട് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ തന്നെ സീറ്റ് ലഭിക്കും. രണ്ട് വർഷം ചെന്നൈയിൽ ആയിരുന്നില്ലേ, ഇനി നാട്ടിൽ നിന്ന് പഠിക്കണമെന്നാണ് താൽപര്യം. ചെന്നൈയിൽ നൃത്തത്തിൽ ഒരുപാട് അവസരങ്ങളുണ്ട്. പക്ഷേ, നാട്ടിൽ എന്നെ അറിയും, അവിടെ ഞാൻ മറ്റൊരാളല്ലേ... ഡാൻസ് പഠനം മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത് ഒരു പെർഫോമർ കൂടിയാവാനാണ്. പിഎച്ച്ഡി എടുക്കണം നെറ്റ് പരീക്ഷ എഴുതി കോളേജ് ലക്ച്ചറർ ആകണം എന്നൊക്കെയാണ് ആഗ്രഹം. ടീച്ചിങ് ഫീൽഡിൽ മാത്രം ഒതുങ്ങിക്കൂടാൻ താൽപര്യമില്ല, പേർഫോമറാകാനാണ് അതിലേറെ താൽപര്യം. കേരളത്തിൽ ഒരുപാട് നൃത്താധ്യാപികമാരുണ്ടെങ്കിലും മിക്കവരും സ്റ്റേജിൽ ഇപ്പോൾ കയാറാത്തവരാണ്. ചെന്നൈയിൽ നേരെ തിരിച്ചാണുള്ളത്. അവിടെ അദ്ധ്യാപകർ സ്റ്റേജിലും ലൈവാകുന്നവരാണ്.

?വിവാഹം, കുടുംബം.

ഇപ്പോഴില്ല. പഠനവും ഡാൻസും ലക്ഷ്യങ്ങളുമാണിപ്പോൾ. എന്തായാലും ഒരു അഞ്ച് കൊല്ലം കഴിഞ്ഞിട്ടേ അതിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ... ഞാനും ഉപ്പയുമാണ് ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ താമസിക്കുന്നത്. ഉപ്പ ക്ലിനിക്ക് നടത്തുന്നു. എന്റെ ജേഷ്ഠ സഹോദരി റൂബിയ വിവാഹം കഴിഞ്ഞ് ഇപ്പോൾ ഉത്തർപ്രദേശിലാണുള്ളത്. താത്തയും ഡാൻസിന്റെ ഫീൽഡിലാണുള്ളത്.

?എതിർപ്പുകൾ ഇപ്പോഴുമുണ്ടോ.

എന്നെ വിമർശിച്ചിരുന്ന ആളുകളിൽ പലരും ഇപ്പോൾ അഭിന്ദനവുമായെത്തുന്നുണ്ട്. ആ സമയത്ത് നാട്ടിലുള്ള പലർക്കും എന്നെ പരസ്യമായി പിന്തുണയ്ക്കാൻ പേടിയായിരുന്നു. അവർക്കെല്ലാം ഇപ്പോൾ ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയും നാട്ടിൽനിന്നുമെല്ലാം ഇപ്പോൾ നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്. അന്ന് ഞങ്ങളെ എതിർത്തവരെല്ലാം ഇപ്പോഴും ഇവിടെ അതുപോലെയുണ്ട്. ഞങ്ങളും അതുപോലെ തന്നെയുണ്ട്. അവരാരും ഇപ്പോൾ എതിർപ്പുമായി വരാറില്ല. ഞങ്ങൾ അവരെ ആശ്രയിക്കാറുമില്ല. ഉമ്മ ആയിരുന്നു ഞങ്ങളുടെ വീട്ടിൽ വിശ്വാസിയായി ഉണ്ടായിരുന്നത്. ഉപ്പ പക്കാ കമ്മ്യൂണിസ്റ്റാണ്. ഞാനും താത്തയും അതു പോലെതന്നെയാണ് വളർന്നത്. ഉമ്മ പോയി. ഇപ്പൊ ഞങ്ങൾക്ക് മഹല്ലിന്റെ ഒരു ആവശ്യവുമില്ല. ആ കാര്യങ്ങൾ നോക്കാറുമില്ല, അവർ ഇങ്ങോട്ടുമില്ല. ഇടക്ക് ചില തലപ്പാവുധാരികളായ മതപണ്ഡിതർ എത്തി ഉപദേശിച്ചിട്ടൊക്കെ പോകും. മരണവും മരണാനന്തര ജീവിതവുമൊക്കെയായിരിക്കും അവർ പറയുക. നാട്ടിൽനിന്നുള്ള വിമർശനങ്ങൾ കുറവാണ്. ചിലർ ഇപ്പോഴും കുശുകുശുക്കും. നമ്മൾ നടന്നു പോകുമ്പോൾ ചിലർ എന്തെങ്കിലും കമന്റ്‌സ് പറയും. പക്ഷ, പണ്ടുണ്ടായിരുന്നത്രയും ഇപ്പോയില്ല. പണ്ട് ഞങ്ങൾ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. അന്ന് പത്തു പേരിൽ ഒരാൾ മാത്രമായിരുന്നു ഞങ്ങളെ നോക്കി ചിരിച്ചിരുന്നത്. ഇപ്പോൾ ഈ എണ്ണം കൂടിവന്നു.

? എതിർപ്പുകളുടെ തുടക്കം എങ്ങിനെയാണ്

എന്റേയും താത്തയുടേയും ഡാൻസ് ആയിരുന്നു എതിർപ്പുകളുടെ തുടക്കമെങ്കിലും അതിനു പിന്നിൽ രാഷ്ട്രീയം കൂടിയുണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ ഞങ്ങളുടെയൊക്കെ പ്രദേശം മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഉപ്പ ചെറുപ്പം തൊട്ടേ ഉറച്ച കമ്മ്യൂണിസ്റ്റുകാരനും നാടകനടനുമായിരുന്നു. ഞങ്ങൾ സജീവ രാഷ്ട്രീയത്തിൽ ആദ്യം ഉണ്ടായിരുന്നില്ല. താത്ത തീരെ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. ഉപ്പ കമ്മ്യൂണിസ്റ്റാണെന്നും ഹിന്ദുക്കളുടെ ഡാൻസ് കുട്ടികൾ പഠിക്കുന്നുവെന്നും പറഞ്ഞായിരുന്നു എതിർപ്പ് തുടങ്ങിയത്. ഞങ്ങൾക്കെതിരെയുള്ള എതിർപ്പുകളുടെ പിന്നിൽ രാഷ്ട്രീയം ഒരു കാരണമായിരുന്നു. താത്ത ഡാൻസ് പഠിച്ചിരുന്ന കാലത്താണ് ശരിക്കും വിവാദങ്ങൾ തുടങ്ങുന്നത്. പത്താം ക്ലാസ് പഠിച്ചിരുന്ന കാലം. പിന്നീട് പ്ലസ്ടു കഴിഞ്ഞ ശേഷം അവൾ കേരളം വിട്ടു. ഇതിനു ശേഷമാണ് എനിക്കെതിരെയുള്ള എതിർപ്പുകൾ തുടങ്ങുന്നത്. ഈ സമയം ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അന്നു മുതൽ ഓരോ കലോത്സവങ്ങളിലും സമ്മാനങ്ങൾ നേടുമ്പോൾ എതിർപ്പുകളും കൂടി വന്നു. പഠിച്ച സ്‌കൂളിൽ നിന്നുവരെ എതിർപ്പുയർന്നു. ഞാനും താത്തയും കഥകളി ചെയ്തതോടു കൂടിയാണ് ഇവർക്ക് ആകെ പ്രശ്‌നമായത്.

? ഏതൊക്കെ തരത്തിലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നു.

ഉമ്മ മരിച്ചപ്പോൾ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കാൻ പറ്റിയിരുന്നില്ല. ഉമ്മുയുടെ ആങ്ങളമാരുടെ ഇടപെടലുകളെത്തുടർന്ന് അവരുടെ നാടായ കൊണ്ടോട്ടിയിലായിരുന്നു അന്ന് ഖബറടക്കിയത്. 2006 ലായിരുന്നു ഇത്. ഉമ്മയുടെ ചികിത്സക്കായി സഹായം ലഭിക്കാൻ മഹല്ലിൽനിന്ന് ഒരു കത്ത് ആവശ്യമായി വന്നു. ഈ കത്തിനായി മഹല്ല് അധികൃതരെ സമീപിച്ചപ്പോഴാണ് അറിയുന്നത് ഞങ്ങൾ മഹല്ല് കമ്മറ്റിയിൽ ഇല്ല എന്ന്. രണ്ടു കുട്ടികളും ഹിന്ദുക്കളുടെ ഡാൻസ് കളിക്കുന്നു, ഉപ്പ നാടക നടനായിരുന്നു എന്നൊക്കെയായിരുന്നു അവർ പറഞ്ഞ കാരണങ്ങൾ. എതിർപ്പുകളിലെല്ലാം ഞങ്ങളുടെ രാഷ്ട്രീയവും പ്രധാനഘടകമായിരുന്നു. പല പരിപാടികൾ പോലും ഞങ്ങളെ അതിന്റെ പേരിൽ അറിയിച്ചിരുന്നില്ല. പലതിനും വിലക്കേർപ്പെടുത്തി. മൊറയൂർ സ്‌കൂളിൽ ഒരിക്കൽ എൻ.എസ്്.എസ് ക്യാമ്പ് നടക്കുന്ന സമയത്ത് എന്നെയും താത്തയേയും ഉദ്ഘാടനത്തിന് ക്ഷണിച്ചു. അവിടത്തെ ലീഗുകാരായിരുന്നു ക്യാമ്പിനുള്ള സൗകര്യങ്ങളൊക്കെ ഒരുക്കിക്കൊടുത്തത്. മൻസിയയും റൂബിയയും ഉദ്ഘാടനം ചെയ്യാനുണ്ടെങ്കിൽ ഞങ്ങൾക്ക് മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ലയെന്ന് അവർ പറഞ്ഞു. ഇത്തരത്തിലുള്ള പല സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. ഭീഷണിയും ഒരുപാടുണ്ടായിട്ടുണ്ട്. നേരിട്ടായിരുന്നില്ല, ഇതെല്ലാം ഫേസ്‌ബുക്ക് വഴിയായിരുന്നു. അതൊക്കെ ഓരോ ബുദ്ധിയില്ലാത്ത ആളുകളാണെന്നേ കരുതുന്നുള്ളൂ..ഓരോ ഇഷ്യൂ വരുമ്പോഴാണ് ഇവരെല്ലാം സോഷ്യൽ മീഡിയയിൽ എതിർപ്പുമായെത്തുന്നത്. കോഴിക്കോട് സ്‌റ്റേറ്റ് കലോത്സവം നടന്ന സമയത്ത് ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറഞ്ഞിന്റെ പേരിൽ ഫേസ്‌ബുക്കിലൂടെ ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു. എതിർപ്പുകളെല്ലാം മതത്തിന്റെ പേരിലായിരുന്നു നടത്തിയതെല്ലാം. രാഷ്ട്രീയക്കാരാണെങ്കിൽ പോലും മതത്തിന്റെ കാര്യം പറഞ്ഞായിരുന്നു എതിർത്തത്. അതുകൊണ്ടു തന്നെ മറ്റു മതക്കാർക്ക് ഇടപെടാനും പറ്റാത്ത അവസ്ഥയായിരുന്നു.

? മതപരമായ കാര്യങ്ങളായിരുന്നോ പ്രശ്‌നത്തിന്റെ കാതൽ.

മതത്തിനല്ല പ്രശ്‌നം യഥാർത്ഥത്തിൽ, ആളുകൾക്കാണ്. മതത്തിന് ഒരിക്കലും പ്രശ്‌നമില്ല. പക്ഷേ ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല. എന്റെ ഉപ്പ ചെറുപ്പകാലത്ത് വിശ്വാസിയായിരുന്നു. ഉമ്മ മരിക്കും വരെ വിശ്വാസിയായിരുന്നു. ഞങ്ങളെ മദ്രസയിലേക്കൊക്കെ വിട്ടിരുന്നു. അതോടൊപ്പം രാമായണവും ബൈബിളും മറ്റു മതങ്ങളെപ്പറ്റി പഠിക്കാനും ഉപ്പ ഞങ്ങളോടു പറഞ്ഞു. എന്നാൽ മാത്രമേ അതിലെ ശരി തെറ്റുകൾ മനസിലാക്കാൻ പറ്റുകയുള്ളൂ. ഞാൻ ഒമ്പതാം ക്ലാസ് വരെയും താത്ത എട്ടാം ക്ലാസ് വരെയും മദ്രസയിൽ പഠിച്ചു. ഏഴാം ക്ലാസ് മുതൽ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. പിന്നീട് കഷ്ടിച്ച് രണ്ടു വർഷം കൂടി പഠിച്ചായിരുന്നു മദ്രസ നിർത്തിയത്. അന്നു മുതൽ ഞാൻ മതവിശ്വാസിയായിരുന്നില്ല. ഉസ്താദുമാർ എന്തു കഥ പറയുമ്പോഴും പാഠമെടുക്കുമ്പോഴും ഞാൻ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അത്ര സംസാരിക്കാത്ത കുട്ടിയായിരുന്ന എന്നെ സംശയം ചോദിക്കുന്നതു മുതലാണ് നോട്ട് ചെയ്തത്. അങ്ങോട്ട് ചോദ്യം ചോദിക്കൽ കൂടിയപ്പോയാണ് താത്തയെ ഉപ്പയെ വിളിച്ച് തട്ടമിടാത്ത കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ലെന്ന് പറയുന്നത്. മദ്രസയിൽ തട്ടമിട്ട് അതിന്റെ നിയമാവലി അനുസരിച്ചായിരുന്നു പോയിരുന്നത്. പക്ഷേ പുറത്തു വരുമ്പോൾ തട്ടമിടാറില്ലായിരുന്നു. തട്ടമിടാത്തതും ഡാൻസുമെല്ലാം കാരണമായി കാണിച്ച് അവർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇപ്പോ വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. ജീവിതം സുഖമായി പോകുന്നു.

? രാഷ്ട്രീയത്തിൽ സജീവമാകാൻ പദ്ധതിയുണ്ടോ

ഞാൻ സ്‌കൂൾ പഠനകാലം മുതൽ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചിരുന്നു. എസ്.എഫ്.ഐയുടെ ഏരിയാ കമ്മിറ്റി വരെ പ്രവർത്തിച്ചിരുന്നു. പിന്നീട് ഡിവൈഎഫ്‌ഐയിലും കുറച്ചു കാലം സജീവമായി. ഇക്കഴിഞ്ഞ സംഘടനാ കാലയളവ് വരെ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഇനി നാട്ടിൽ തന്നെ ഉണ്ടാകും. പാർട്ടിയിൽ തുടർന്നും പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

? വിമർശകരോട് എന്താണ് പറയാനുള്ളത്

എതിർപ്പുകളാണ് എന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായത്. ചെറുപ്പം മുതലേ നല്ല എതിർപ്പുകൾ ഉണ്ടായതു കൊണ്ട് മാത്രമാണ് ഞാൻ മുന്നോട്ടു പോയത്, അല്ലെങ്കിൽ ഞാൻ മടിച്ചിയാകുമായിരുന്നു. സത്യത്തിൽ എതിർപ്പുകളുണ്ടായതു കൊണ്ടാണ് പഠിക്കുമ്പോഴും മറ്റും എനിക്ക് ജയിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നത്. എം.എ ഭരതനാട്യത്തിനു പോയ സമയത്തും എല്ലാവരും കളിയാക്കിച്ചിരിച്ചിട്ടുണ്ട്. ഇവളൊക്കെ ഡാൻസ് പഠിച്ചിട്ട് എന്താക്കാനാ എന്ന രീതിയിൽ ചോദിച്ചിട്ടുണ്ട്. അവരുടെ മുഖം ആലോചിക്കുമ്പോൾ ഡാൻസ് പഠിച്ചിട്ട് എനിക്കിവിടെ നിൽക്കാൻ പറ്റുമെന്ന് കാണിച്ചുകൊടുക്കണം അത്രയേ ആഗ്രഹിച്ചിട്ടുള്ളൂ. വിമർശിച്ചവർക്കെല്ലാം നന്ദി. ഇനിയും ഇതുപോലെ എതിർപ്പുകളും വിമർശനങ്ങളും ഉണ്ടാകണം മുന്നോട്ടു പോകാൻ. അല്ലെങ്കിൽ മടിച്ചിയായി ഒരു മൂലയിൽ ഒതുങ്ങിക്കൂടുമായിരുന്നു. സപ്പോർട്ട് ചെയ്യുന്നവർ സപ്പോട്ട് ചെയ്യുക. എതിർപ്പുകളെല്ലാം പോസിറ്റീവ് മൈൻഡിലാണ് എടുത്തിട്ടുള്ളത്.