കാസർഗോഡ്: മതം മാറി മൂന്നുവിവാഹം കഴിച്ചശേഷം നാലാമതൊരു കാമുകിയോടൊപ്പം നാടുവിടാൻ കൊലയും നടത്തി. തളങ്കര സ്വദേശിയായ മൻസൂർ അലിയെ കൊലപ്പെടുത്തിയത് തമിഴ്‌നാടിൽ നിന്നെത്തി മതപരിവർത്തനം ചെയ്ത യുവാവാണെന്ന നിഗമനത്തിലാണ് പൊലീസ്.

കാസർഗോഡ് ബയാറിൽ കച്ചവടം നടത്തി വരുന്ന തമിഴ്‌നാട് സ്വദേശി പ്രണയത്തിലായ യുവതിക്കൊപ്പം നാടുവിടാൻ പണത്തിനു വേണ്ടി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ കാമുകിയെക്കൂടി കാണാതായതോടെ ഇക്കാര്യത്തിൽ സംശയം ബലപ്പെട്ടിരിക്കയാണ്. ഇയാൾ മതം മാറിയതും വിവാഹം കഴിച്ചതുമെല്ലാം പണത്തിനു വേണ്ടിയാണെന്ന് അറിവായിട്ടുണ്ട്. തമിഴ് നാട്ടിൽ ഇയാൾക്ക് കുടുംബമുണ്ടോയെന്നും സംശയമുണ്ട്.

15 വർഷം മുമ്പാണ് നാട്ടുകാർ അണ്ണൻ എന്നു വിളിച്ചിരുന്ന ഇയാൾ ബയാറിൽ എത്തിയത്. ഇവിടെയെത്തി കച്ചവടം നടത്തി വരവേ മതപരിവർത്തനം നടത്തി ഇസ്ലാമായി. നേരത്തെ ഇയാൾ ഏതു മതത്തിലായിരുന്നെന്നും യഥാർത്ഥ പേരെന്താണെന്നും വ്യക്തമായി ആർക്കും അറിയില്ല. നാട്ടിൽ മാന്യമായ ജീവിതമാണ് ഇയാൾ നയിച്ചതെന്നാണ് ബയാറുകാരുടെ അഭിപ്രായം. ഭർത്താവ് ഉപേക്ഷിച്ച രണ്ടു സ്ത്രീകൾക്കു പുറമേ മൂന്ന് വിവാഹവും ബയാറിലെത്തിയപ്പോൾ നടത്തി. ഇതും ധന ലാഭത്തിനു വേണ്ടിയാണെന്ന അഭിപ്രായവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.

കൊല ചെയ്യപ്പെട്ട മൻസൂർ അലിയെ ഇയാൾ കുടുക്കിയ കഥ ഇങ്ങനെ. ബാങ്കിൽ പണയം നൽകിയ സ്വർണം തിരിച്ചെടുക്കാൻ സഹായിക്കുന്ന ഇടപാടുകാരനാണ് മൻസൂർ അലി. ആദ്യം പണം നൽകിയാണ് ഇടപാടുകാരെ ഇയാൾ സഹായിക്കുക. ചെറിയ ഇടപാട് നടത്തി വരുന്ന മൻസൂർ കച്ചവടത്തിൽ മിതമായ കമ്മീഷൻ വാങ്ങുന്നതിനാൽ നാട്ടുകാർക്ക് വിശ്വസ്തനായിരുന്നു.

മൻസൂറിന്റെ ഫോൺ നമ്പർ കരസ്ഥമാക്കി രണ്ടു ലക്ഷം രൂപയുടെ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞാണ് തമിഴൻ മൻസൂർ അലിയെ ബയാറിലേക്ക് വിളിപ്പിച്ചത്. തമിഴൻ തനിച്ചാണ് ഇത് ആസൂത്രണം ചെയ്തതെന്നാണ് വിവരം. സ്വന്തമായി ഓംനി വാനുള്ള ഇയാൾ മറ്റൊരു ഡ്രൈവറെ വണ്ടിയോടിക്കാൻ ഏർപ്പെടുത്തിയിരുന്നു. മൻസൂറലി ബയാറിലെത്തിയപ്പോൾ തമിഴൻ ശരിക്കും ഭയന്നു. അരോഗദൃഢഗാത്രനായ മൻസൂറിനെ തനിച്ചു നേരിടാൻ പ്രയാസമായിരുന്നു.

അതിനാൽ സുന്നാഡെ ചക്കര ഗുജെയിലെത്തിച്ച് ഇടപാടു നടത്താം എന്ന് ധരിപ്പിച്ച ശേഷം അവിടെയെത്തിയ ഉടൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മൻസൂറിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. അതിനു മുമ്പ് മുളകു പൊടിയും എറിഞ്ഞു. അടിയേറ്റ് വീണ് മൻസൂറിനെ ഓംനി വാനിൽ എടുത്തു കയറ്റി. തലക്ക് പിറകിലെ ഗുരുതരമായ പരിക്കുകളോടെ മൻസൂറിനെ ബിജെപി. ഭൂരിപക്ഷ ഗ്രാമത്തിലെ പൊട്ടക്കിണറ്റിൽ കൊണ്ടു പോയി. ഇട്ടു. വർഗീയ കൊലപാതകം എന്നു വരുത്തിത്തീർക്കാനായിരുന്നു ഇത്.

മൻസൂർ അലിയിൽ നിന്നും നല്ലൊരു തുക തമിഴനും കൂട്ടാളികളും തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. മൻസൂറിന്റെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കെയ്‌സാണ് കൊണ്ടുപോയത്. എന്നാൽ അലി ദേഹത്ത് ഒളിപ്പിച്ചു വച്ച മൂന്ന് ലക്ഷത്തിപതിനായിരം രൂപ ഇവരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ായിരിക്കാം. കിണറ്റിൽനിന്നു മൻസൂറിന്റെ മൃതദേഹം പുറത്തെടുത്ത ശേഷമുള്ള ജഡപരിശോധനയിലാണ് മൻസൂറിന്റെ ശരീരത്ത് ഒളിപ്പിച്ചു വച്ച രൂപ കണ്ടെത്തിയത്.

മൻസൂറിനെ കിണറ്റിൽ തള്ളിയ കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ബയാറിലെ ഒരു വീട്ടിൽ ഘടിപ്പിച്ച സി.സി. ടി.വി ദൃശ്യങ്ങളിലൂടെയാണ് അന്വേഷണം തമിഴ്‌നാട്ടുകാരനിലേക്ക് എത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെത്തേടി മൈസൂർ വരെ പൊലീസ് എത്തിയെങ്കിലും പിന്നീട് ഫോൺ സ്വീച്ച് ഓഫ് ചെയ്തതോടെ അയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന.