കോഴിക്കോട്: ഭർത്താവ് ഉപേക്ഷിച്ചവരേയും വിധവകളേയും വശീകരിച്ച് പണവും ആഭരണവും തട്ടിയെടുക്കുന്ന സംഘം കോഴിക്കോട് സജീവമെന്ന് പൊലീസ്. ഈ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ചാലിയം പുതിയപുരയിൽ മൻസൂർ (24), വള്ളിക്കുന്ന് അരിയല്ലൂർ വടക്കാപ്പുറത്ത് മുജീബ് (22) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നാണ് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്ന നിരവധി പേരുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്.

സംഭവത്തക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭർത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂർ സ്വദേശിനിയായ 40കാരിയെ സൗഹൃദം നടിച്ച് ഇവർ കോഴിക്കോട്ടേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചവരും വിധവകളുമായ സ്ത്രീകളോട് സൗഹൃദം നടിച്ച് ആഭരണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുയാണ് പതിവ്. ചൊവ്വാഴ്‌ച്ച പരാതിക്കാരിയെ കോഴിക്കോട് നഗരം കാണിച്ചുതരാമെന്നു പറഞ്ഞ് പ്രതികളിൽ ഒരാളായ മൻസൂർ പുതിയ സ്റ്റാന്റിലേക്ക് ഫോണിൽ വിളിച്ചു വരുത്തി.

പ്രതികളായ മൻസൂറും മുജീബും ചേർന്ന് നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് സ്ത്രീയുടെ ആഭരണം കവർന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന നാല് പവൻ മാലയും രണ്ട് ലോക്കറ്റും സ്ത്രീയുടെ കഴുത്തിൽ നിന്നും ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവതിയെ ലോഡ്ജ് മുറിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. മാല മോഷണം പോയ വിവരം യുവതിയാണ് കസബ പൊലീസിൽ പരാതിയുമായെ എത്തിയത്.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിൽ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയുകയായിരുന്നു. ഇവർ ആഭരണം പണയം വച്ച കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാൻസിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. മുമ്പും ഇവർ സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആരും പരാതി നൽകാത്തതിനാൽ ഇവർക്കെതിരെ കൂടുതൽ കുറ്റം ചുമത്താനാകില്ല.

സ്ത്രീകളെ സൗഹൃദം നടിച്ച ശേഷം പറ്റിക്കുന്ന സംഘം സജീവമാണ് എന്ന തിരിച്ചറിവാണ് ഈ കേസ് നൽകുന്നത്. ഭർത്താവ് ഉപേക്ഷിച്ച് സ്ത്രീകളെയും വധവകളെയും കണ്ടെത്തി ഇവരുമായി സൗഹൃദം സ്ഥാപിച്ചു വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നു പൊലീസ് പറയുന്നു.