കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്‌പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

അതേസമയം, മൻസൂർ വധക്കേസിൽ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. മൻസൂർ വധക്കേസിൽ നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ല. ഒരു കേസിലെ പ്രതികളെ പിടികൂടിയില്ലെന്ന് പറഞ്ഞ് മറ്റു കേസുകളിലെ പ്രതികളെ പിടികൂടുന്നതിനെതിരേ പ്രതിഷേധിക്കുന്നത് ശരിയല്ല.

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എത്രയുംവേഗം പിടികൂടാനാണ് ശ്രമം. പൊലീസ് നിക്ഷ്പക്ഷതയോടെയാണ് പ്രവർത്തിക്കുന്നത്. സിപിഎം ഓഫീസുകൾക്ക് നേരെയുണ്ടായ അക്രമങ്ങളും അന്വേഷിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. അക്രമം വ്യാപിക്കാതിരിക്കാൻ പാനൂർ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായും ആർ. ഇളങ്കോ വിശദീകരിച്ചു.

നേരത്തെ, കണ്ണൂരിൽ ചേർന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. മൻസൂർ വധക്കേസിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും നാട്ടുകാർ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാർഹമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

പൊലീസിൽനിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകൾ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുകയാണ്. പൊലീസ് ജീപ്പിലിട്ടും സ്റ്റേഷനിൽവെച്ചും ലീഗ് പ്രവർത്തകരെ മർദിച്ചു. വ്യാഴാഴ്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാൽ മൻസൂർ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.