- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂർ വധക്കേസിൽ പ്രതിപക്ഷത്തിന്റെ വിമർശനം ഫലം കണ്ടു; അന്വേഷണ സംഘത്തെ മാറ്റി; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ നേതൃത്വം നൽകും; അന്വേഷണ ചുമതല ഡിവൈഎസ്പി പി.വിക്രമന്
കണ്ണൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മൻസൂർ വധക്കേസിൽ അന്വേഷണ സംഘത്തെ മാറ്റി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വിക്രമനാണ് അന്വേഷണച്ചുമതല.
എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ അന്വേഷണത്തിനു നേതൃത്വം നൽകും. കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജി ജി.സ്പർജൻകുമാർ അന്വേഷണം ഏകോപിപ്പിക്കും.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ. ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ വിമർശനം ഉയർത്തിയതോടെയാണ് പുതിയ സംഘത്തെ നിയോഗിക്കുന്നത്.
മൻസൂറിന്റെ കൊലപാതകം ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി കെ.സുധാകരൻ എംപിയും ആരോപിച്ചിരുന്നു.
കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിലായിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരുടെ എണ്ണം നാല് ആയി.
ഇന്നലെ രാത്രി ഒരാളെയും ഇന്ന് രാവിലെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും അടക്കമുള്ളവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൻസൂറിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിന് ദൃക്സാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും മൊഴിയും എടുക്കുന്നുണ്ട്.
ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവൻ, സുഹൈൽ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്. പ്രതികളെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബെറിഞ്ഞതെന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവം നടന്ന സ്ഥലത്തിനടുത്തുനിന്ന് നാട്ടുകാർക്കു കിട്ടിയ മൊബൈൽഫോൺ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇത് വിശദ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ മാതൃഭൂമിയോടു പറഞ്ഞു. ഈ ഫോൺ ഷിനോസിന്റെതാണെന്നാണ് സൂചന. ഫോണിലെ വാട്സാപ്പ് സന്ദേശങ്ങൾ നീക്കംചെയ്തതായി സംശയിക്കുന്നു. ഇത് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ