- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂർ വധക്കേസിലെ പത്താം പ്രതിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ചു; വാഹനങ്ങൾ അഗ്നിക്കിരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം
പാനൂർ: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി.പി ജാബിറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ടു. വീടിനു പിന്നിലെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. പെരിങ്ങത്തൂർ മുക്കിൽപ്പീടികയിൽ പുലർച്ചെ രണ്ടോടെയാണ് സംഭവം.
വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഉടനെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയതിനാൽ വീടിനു അകത്തേക്ക് തീ പടർന്നില്ല. അതേസമയം, വാഹനങ്ങൾ അഗ്നിക്കിരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. പ്രതിയെ പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർധരാത്രി ആക്രമണമുണ്ടാകുന്നത്.
ജാബിറിനെ കൂടാതെ പ്രതികളായ സിപിഎം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ.അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പർ നാസർ, ഇബ്രാഹിം എന്നിവരും ഇപ്പോഴും ഒളിവിലാണ്. പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. പ്രദേശത്തെ സുരക്ഷ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്ത് പാനൂർ എസ്ഐയുടെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ