- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൺസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ; ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ല; എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണം; അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസികൾ വേണം: അന്വേഷണത്തിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാനൂരിലെ മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിനെതിരെ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ യുഡിഎഫിന്റെ നേതാക്കൾ മൻസൂറിന്റെ വീട്ടിൽ പോകുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാൻ ഏതറ്റംവരെ പോകാനും പാർട്ടിയും മുന്നണിയും പിന്നിൽത്തന്നെ നിൽക്കും. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോയി തുമ്പില്ലാതാക്കാൻ പറ്റിയ ആജ്ഞാനുവർത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിയമിക്കുകയാണ്. അന്വേഷണം കേവലം ഒരു പ്രഹസനം മാത്രമാണ്. ഈ അന്വേഷണത്തിൽ വിശ്വാസമില്ല. കൊല്ലണമെന്ന് ഉറപ്പിച്ച് സിപിഎം വെട്ടിനുറുക്കുകയാണ്. ജീവന് യാതൊരു വിലയും നൽകുന്നില്ല. ഇത്തരം പ്രവൃത്തികളുടെ കാലം കഴിഞ്ഞു എന്ന് അവർ വൈകാതെ മനസ്സിലാക്കും, കുഞ്ഞാലിക്കുട്ടി പറഞ്ഞു.ട
നേരത്തെ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപിയും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥൻ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്. പൊലീസിലെ സിപിഎം ക്രിമിനൽ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൻസൂർ വധക്കേസിൽ നീതി കിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
അന്വേഷണ സംഘത്തലവനായ ഇസ്മാഈൽ സിപിഎം നേതാക്കളുടെ സന്തതസഹചാരിയാണ്. ഇസ്മാഈലിന് കിട്ടിയ വകുപ്പുതല സ്ഥാനക്കയറ്റം വരെ സിപിഎമ്മിനെ ആശ്രയിച്ച് സംഘടിപ്പിച്ചതാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മൻസൂറിനെയും കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ഇത്തരം കേസുകളിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തേണ്ടതാണ്. മൻസൂർ വധക്കേസിൽ അന്വേഷണ സംഘത്തിന്റെ കുറ്റകരമായ വീഴ്ചയാണ് യു.എ.പി.എ ചുമത്താത്തത്.
കൊലപാതകം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കമീഷണറെ വിളിച്ചപ്പോൾ 14 പ്രതികളിൽ 10 പേരെ തിരിച്ചറിഞ്ഞെന്നാണ് പറഞ്ഞത്. എന്നാൽ, ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പിടിച്ചു കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്റെ കൈവശമുള്ളത്. പ്രതികളെ കണ്ടെത്താൻ ഒരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല.
മൻസൂർ വധക്കേസിലും നീതി ലഭിക്കാൻ കോടതികളെ സമീപിക്കേണ്ടി വരും. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ