പത്തനംതിട്ട: കുളനട മാന്തളിർ പള്ളിയിൽ കോലഞ്ചേരി ആവർത്തിക്കുമെന്ന് പാത്രിയർക്കീസ് പക്ഷത്തിന്റെ മുന്നറിയിപ്പ്. പള്ളിയും സ്വത്തുക്കളും ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിക്കൊണ്ട് നിലവിൽ കോടതി വിധി ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ സംസ്‌കാരച്ചടങ്ങുകൾ സെമിത്തേരിയിൽ നടത്താൻ അനുവദിച്ചില്ലെങ്കിൽ സമാധാന അന്തരീക്ഷം വഷളാകുമെന്ന് പാത്രിയർക്കീസ് പക്ഷം കലക്ടർക്ക് കത്തു നൽകി. കഴിഞ്ഞ മാസം സുപ്രീംകോടതി തള്ളിയ പ്രത്യേകാനുമതി ഹർജിയുടെ പേരിൽ, വിധി ദുർവ്യാഖ്യാനം ചെയ്യാനാണ് ഓർത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നും അത് നടപ്പില്ലെന്നും ശക്തമായ ഭാഷയിൽ പാത്രിയാർക്കീസ് പക്ഷം പ്രതികരിക്കുന്നു.

മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ പാത്രിയർക്കീസ് വിഭാഗത്തിന്റെ സംസ്‌കാരം നടത്തുന്നതിന് ഓർത്തഡോക്‌സ് വിഭാഗം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. യാക്കോബായ വിഭാഗത്തിന്റെ പ്രത്യേക അനുവാദ ഹർജി തള്ളുക മാത്രമാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. ഇതിനർഥം പള്ളിയുടെയും വസ്തുവകകളുടെയും അവകാശം ഓർത്തഡോക്‌സ് പക്ഷത്തിന് വിട്ടു നൽകി എന്നല്ലെന്ന് ട്രസ്റ്റി സി.കെ. സഖറിയ, സെക്രട്ടറി കെ.ജെ. ജോൺ, വികാരി എബി സ്റ്റീഫൻ എന്നിവർ പറഞ്ഞു.

പള്ളിയും സ്വത്തും സംബന്ധിച്ച തർക്കം 2007 ൽ വിധിയായെന്നാണ് ഓർത്തഡോക്‌സ് പക്ഷം വാദിക്കുന്നത്. എന്നാൽ, പാത്രിയർക്കീസ് പക്ഷത്തിന്റെ അപ്പീൽ സ്വീകരിച്ച് ആ കേസ് വീണ്ടും നിലവിൽ വന്നു. ഇത് 2012 ൽ ഹൈക്കോടതി തള്ളിക്കളഞ്ഞു. യാക്കോബായ വിഭാഗത്തിന് പള്ളിയിൽ അവകാശമില്ല എന്നു പറഞ്ഞ് ഓർത്തഡോക്‌സ് വിഭാഗം നൽകിയ കേസ് ഇതോടെ ഇല്ലാതായി. 2007 ലെ കോടതി ഉത്തരവ് പ്രകാരം റീസീവറായി നിയമിതനായ ആലപ്പുഴ ആർ.ഡി.ഒ പള്ളിയുടെ സെമിത്തേരിയും അഞ്ച് സെന്റ് സ്ഥലവും ഒഴികെയുള്ള വസ്തുവകകൾ ഏകപക്ഷീയമായി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. ഈ നടപടി തെറ്റാണെന്ന ജില്ലാക്കോടതി വിധി യാക്കോബായ വിഭാഗത്തിന് അനുകൂലമായി ലഭിച്ചു.

ഇതിനെതിരേ ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരേയാണ് യാക്കോബായ വിഭാഗം സുപ്രീംകോടതിയിൽ പ്രത്യേക അനുവാദ ഹർജി നൽകിയിരുന്നത്. ഇതാണിപ്പോൾ തള്ളിയത്. ഹർജി തള്ളിയതോടെ ഹൈക്കോടതി വിധി നിലനിൽക്കുന്നുവെന്നതാണ് നിലവിലെ സാഹചര്യം. അതായത് അഞ്ചു സെന്റ് സ്ഥലവും സെമിത്തേരിയും ഒഴികെയുള്ള സ്ഥലം ആർ.ഡി.ഒ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ നടപടിയാണ് നിലനിൽക്കുന്നത്.

1863 ൽ സ്ഥാപിതമായ പള്ളിയിലെ സെമിത്തേരി സഭ ഒന്നായിരുന്നപ്പോഴും 1974 ന് ശേഷം പള്ളിപൂട്ടിയതിന് ശേഷവും ഇരുവിഭാഗവും ഒരു പോലെ ഉപയോഗിച്ചു വന്നിരുന്നതാണെന്ന് യാക്കോബായ വിഭാഗം പറയുന്നു. നിലവിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് മാത്രമായി സ്വത്തുക്കളും പള്ളിയും ഏൽപിച്ചു കൊടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ സെമിത്തേരി പ്രവേശനം തടയുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ കലക്ടർ ഇടപെട്ടില്ലെങ്കിൽ പ്രശ്‌നം വഷളാകുമെന്ന സൂചനയാണ് അവർ നൽകുന്നത്.

തങ്ങളുടെ വിഭാഗത്തിന് സംസ്‌കാരത്തിന് നിയന്ത്രണം പാടില്ല, പ്രാർത്ഥിക്കുന്നതിനും ധൂപപ്രാർത്ഥനയ്ക്കും തടസമുണ്ടാക്കരുത്, കല്ലറകൾ സംരക്ഷിക്കാൻ അനുവദിക്കുക, സെമിത്തേരിക്ക് പ്രത്യേക ചട്ടം ഏർപ്പെടുത്തുന്നതിന് ആരെയും അനുവദിക്കാൻ പാടില്ല, ഓർത്തഡോക്‌സ് വിഭാഗത്തിന് കപ്പം കൊടുത്തിട്ട് സംസ്‌കാരം നടത്തണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്നിവയാണ് പാത്രിയർക്കീസ് പക്ഷത്തിന്റെ നിബന്ധന. മറിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് ഓർത്തഡോക്‌സ് പക്ഷത്തിന്റെ നീക്കമെങ്കിൽ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുമെന്നാണ് മുന്നറിയിപ്പ്. നേരത്തേ നിരവധി തവണ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയ പള്ളിയാണിത്. സഭാതർക്കവും സംഘർഷവും പതിവാണ് താനും.