ന്യൂഡൽഹി: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചു നൽകിയ ഇളവുകളെ വിമർശിച്ചു കോൺഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്വി. വലിയ പെരുന്നാളിന് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷ വിമർശനമാണ് സിങ്വി ഉന്നയിച്ചത്. സംസ്ഥാന സർക്കാർ നടപടി നിന്ദ്യമാണ്. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെന്നിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്വി ട്വീറ്റ് ചെയ്തു. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വിമർശിച്ചു.

പെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തും. ഭക്തർ സാമൂഹിക അകലം ഉൾപ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ഉപകരിക്കും.

കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നൽകാനും നിർദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂർണ്ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് അനൗൺസ്മെന്റ് നടത്തും.

ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും. ബീറ്റ് പട്രോൾ, മൊബൈൽ പട്രോൾ, വനിതാ മോട്ടോർസൈക്കിൾ പട്രോൾ എന്നീ യൂണിറ്റുകൾ സദാസമയവും നിരത്തിലുണ്ടാകും. മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കുമെന്നും ഡിജിപി വ്യക്തമാക്കി.