പാറശാല: കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ വില്ലൻ പൊലീസ് പിടിയിൽ. കോഴിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്. തമിഴ്‌നാട് പൊലീസാണ് അതിവേഗ നടപടി എടുത്തത്.

ക്രൂരതയുടെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പൊലീസ് നടപടി. ഇറച്ചി വാങ്ങാൻ എത്തിയ യുവാവാണു രംഗം മൊബൈൽ ഫോണിൽ പകർത്തിയത്. കോഴിയെ ജീവനോടെ തൊലിയുരിക്കുന്നത് ഏവരേയും ഞെട്ടിപ്പിക്കുന്ന വീഡിയോയായി മാറി. ഇതിന് പിന്നാലെ പരാതിയും പൊലീസിന് കിട്ടി. ഇതാണ് അറസ്റ്റിലേക്ക് എത്തിച്ചത്. കാമറയിൽ നോക്കി ചിരിച്ചുകൊണ്ടായിരുന്നു മനു ഈ ക്രൂരത ചെയ്തത്. വീഡിയോയ്ക്ക് എതിരെ വലിയ വിമർശനമാണ് ഉയർന്നത്.

കഴിഞ്ഞ 16ാം തിയതിയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണങ്ങളാക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം-160ന്റെ 11(1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്‌ഐ ജയകുമാർ പറഞ്ഞു.

തമിഴ്‌നാട് കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കോഴി കടയിലെ അറവുകാരനാണ് പിടിയിലായത്. ഇയാൾ ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങളും കശാപ്പ് ചെയ്യുന്ന ദൃശ്യങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി എന്ന് കൊല്ലങ്കോട് ഇൻസ്‌പെക്ടർ അന്തോണിയമ്മ പറഞ്ഞു. സാധാരണ തല അറുത്തുകൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തോലുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാൽ ജീവനോടെ കോഴിയെ തോലുരിക്കുന്നത് ആസ്വദിക്കുന്ന മനുവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റിയത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംഭവത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഈ മേഖലയിലെ മാന്യമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുണ്ട്. അവരുടെ മുഖത്ത് കരി വാരിത്തേക്കുന്ന രീതിയിലുള്ള നീചപ്രവർത്തിയെ ശക്തിയുക്തം അപലപിക്കുന്നുവെന്ന് ചിക്കൻ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ മുന്നിൽ ഇയാളെ എത്തിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. മാന്യമായി വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്നവയാണ് ഇത്തരം സംഭവങ്ങളെന്നും പ്രസ്താവനയിൽ പറഞ്ഞു.

മാംസത്തിന് വേണ്ടിയാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ, നിന്ദ്യമായ നിലയിൽ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന കാഴ്ച കാണികളിൽ അമ്പരപ്പും വെറുപ്പും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ അം?ഗീകരിക്കാൻ സാധിക്കില്ല. ഇവർക്കെതിരെ സംഘടനപരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നതാണ്. ഇയാൾക്കെതിരെ നിയമ പരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.