കഞ്ചിക്കോട്: മകളുടെ തൊട്ടിൽ കയറിൽ അവസാനിച്ചതും പ്രണയത്തിലൂടെ ഒരുമിച്ച ദമ്പതികൾ. ഓമനിച്ച് ആശ തീരും മുൻപേ ഒന്നര വയസ്സുകാരി മിത്രയെ തനിച്ചാക്കി ആ അച്ഛനും അമ്മയും പോയി. ഈ പൊന്നോമന ഇനി ബന്ധുക്കളുടെ തണലിൽ. കഴിഞ്ഞ രാത്രിയാണു മിത്രയുടെ രക്ഷിതാക്കളായ കഞ്ചിക്കോട് നേതാജി നഗർ മണികണ്ഠൻ മകൻ മനു(29), ദൃശ്യ(22) എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയാണു ആദ്യം ദൃശ്യയും പിന്നാലെ മനുവും ആത്മഹത്യ ചെയ്തത്. ദൃശ്യയുടെ ആത്മഹത്യ കണ്ട ശേഷമായിരുന്നു മനുവിന്റെ ആത്മഹത്യ. തൂങ്ങി നിന്ന ദൃശ്യയെ അഴിച്ചിറക്കി ആശുപത്രിയിൽ കൊണ്ടു പോകാൻ ആംബുലൻസ് കാത്ത് നിൽക്കുമ്പോൾ മനുവും മകളെ മറന്ന് ജീവനൊടുക്കുകയായിരുന്നു. ഇന്നലെ ഇരുവരുടെയും സംസ്‌കാര ചടങ്ങുകൾക്കു ശേഷം കുഞ്ഞിനെ കഞ്ചിക്കോട് ചെടയൻകാലായിൽ താമസിക്കുന്ന ദൃശ്യയുടെ അമ്മ സരിതയുടെ അടുത്തേക്ക് മാറ്റി. അനാഥത്വത്തിലേക്ക് തള്ളിവിട്ടെന്ന് അറിയാതെയുള്ള കുട്ടിയുടെ കളിയും ചിരിയും നാട്ടുകാർക്കും നൊമ്പരമായി.

അതേ സമയം ദമ്പതികളുടെ ആത്മഹത്യയ്ക്കു കാരണം സാമ്പത്തിക ബാധ്യതയും കുടുംബവഴക്കുമാണെന്നാണ് സൂചനകൾ. കഞ്ചിക്കോട് വർക് ഷോപ്പ് ജീവനക്കാരനായ മനുവും ദൃശ്യയും പ്രണയിച്ചു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായവരാണ്. ജോലി കുറഞ്ഞതോടെ സാമ്പത്തികമായി ഇവർ തകർന്നു. ഭാര്യയുടെ സ്വർണം ഉൾപ്പെടെ പണയപ്പെടുത്തി. സംഭവ ദിവസം രാത്രി വഴക്കിനെത്തുടർന്നു മനു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഈ നേരം കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി ദൃശ്യ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. മനു തിരിച്ചെത്തിയപ്പോഴാണു ദൃശ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മനു വിവരമറിയിച്ചതിനെ തുടർന്നു ഉടൻ അയൽവാസികളെ ഓടിയെത്തി. അയൽവാസികളും അഗ്‌നിരക്ഷാസേനയും ചേർന്നു ദൃശ്യയെ ആംബുലൻസിലേക്കു മാറ്റുന്നതിനിടെ തൊട്ടടുത്ത മുറിയിലേക്ക് കയറി മനു വാതിലടച്ചു. എല്ലാവരും പുറത്തെത്തിയിട്ടും മനുവിനെ കാണാതായതോടെ സംശയം തോന്നിയ അയൽവാസികൾ വീണ്ടും വീട്ടിനകത്തേക്കു കയറി. പൂട്ടിയിട്ട മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മനുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളും വിവാഹ പരിപാടികളിലും പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തിരുന്നെന്നും അയൽവാസികൾ പറയുന്നു. പുറമേ സന്തോഷത്തോടെയാണ് പെരുമാറിയിരുന്നത്. വീടിനുള്ളിൽ നിന്ന് കണ്ടെത്തിയ ഡയറിയിലും സാമ്പത്തിക ബാധ്യത സംബന്ധിച്ച് വിവരങ്ങളുണ്ടായിരുന്നെന്നും സ്ഥലത്തെത്തിയ കസബ പൊലീസ് എസ്‌ഐ ആർ.പൈലോത്ത് അറിയിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കാരം നടത്തി.