ആറ്റിങ്ങൽ:പൂവൻപാറ കൊച്ചുവീട്ടിൽ മനു കാർത്തികേയനെ (33) കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ കേസിലും ചുരുളുകളും പൊലീസ് അഴിച്ചു. കടയ്ക്കാവൂരിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക ശാരദയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കടയ്ക്കാവൂർ തൊപ്പിച്ചന്തയ്ക്കു സമീപം പനയിൽക്കോണം ചരുവിള പുത്തൻവീട്ടിൽ മണികണ്ഠൻ (30) തന്നെയാണു മനുവിനേയും കൊന്നത്.

മുൻവൈരാഗ്യമാണു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. ഈ കൊലപാതകം കഴിഞ്ഞു മൂന്നു ദിവസത്തിനുശേഷം രാത്രി വീട്ടിലെത്തി ശാരദയെ വെട്ടിക്കൊല്ലുകയായിരന്നു. മാനഭംഗശ്രമം എതിർത്തതാണു കാരണമെന്നു പൊലീസ് പറഞ്ഞു. മണികണ്ഠന്റെ സുഹൃത്ത് കടയ്ക്കാവൂർ പന്തുകളം അശോകൻ (44) മനു വധക്കേസിനു വഴിവച്ച സംഘട്ടനത്തിൽ ഉൾപ്പെട്ടിരുന്നതായും കൊലപാതക വിവരം അയാൾ നേരത്തെ അറിഞ്ഞിരുന്നതായും റൂറൽ എസ്‌പി: ഷെഫീൻ അഹമ്മദ് അറിയിച്ചു.

കടയ്ക്കാവൂർ പാലാംകോണം കൊടിക്കകത്ത് ശാരദയെ കൊലപ്പെടുത്തിയ കേസിൽ മണികണ്ഠന്റെ ഫോട്ടോ മാദ്ധ്യമങ്ങളിൽ കണ്ട് തിരിച്ചറിഞ്ഞ നാട്ടുകാരാണ് രണ്ടാഴ്ച മുമ്പ് മനുവിന്റെ വീട്ടുപടിക്കൽ വച്ച് മണികണ്ഠനുമായുണ്ടായ വഴക്കിനെപ്പറ്റി പൊലീസിന് സൂചന നൽകിയത്. തുടർന്ന് ആറ്റിങ്ങൽ പൊലീസ് കടയ്ക്കാവൂരിലെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയതപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ ആറിനാണു വീട്ടുമുറ്റത്തു മനു കൊല്ലപ്പെട്ടത്.

രാത്രി ഒൻപതരയോടെ എത്തിയ മനു ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കുത്തിയ ശേഷം മൂർച്ചയേറിയ കത്തി വലിച്ചൂരിയെടുത്തു മണികണ്ഠൻ ഓടിപ്പോയെന്നു പൊലീസ് പറഞ്ഞു. ബൈക്കിനടിയിൽ ചോരവാർന്ന നിലയിൽ കണ്ടെത്തിയ മനു അബോധാവസ്ഥയിലായിരുന്നതിനാൽ കൊലപാതകത്തിനു തെളിവുണ്ടായിരുന്നില്ല. മണികണ്ഠനൊപ്പം അശോകനും മനുവിനെ ആക്രമിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

മൂന്നാഴ്ച മുൻപു മണികണ്ഠനും അശോകനും പൂവൻപാറയിൽ മദ്യപിക്കാനെത്തിയപ്പോൾ മനുവും സുഹൃത്ത് വിഷ്ണുവുമായുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. മനുവും വിഷ്ണുവും ചേർന്ന് അന്നു മണികണ്ഠനെയും അശോകനെയും മർദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കൊല. ഈ സംഭവത്തോടെ മനുവിനെയും വിഷ്ണുവിനെയും ആക്രമിക്കാൻ കത്തിയുമായാണു മണികണ്ഠൻ നടന്നിരുന്നത്. ഒരാഴ്ച ജോലിക്കു പോലും പോകാതെ മനുവിന്റെ വീടിനും പരിസരത്തും കാത്തിരുന്നു. ഒടുവിൽ മനു പുറത്തുപോകുന്നതു കണ്ടു. തിരിച്ചെത്തുമ്പോൾ ആക്രമിക്കാൻ തീരുമാനിച്ചു. ഇതിനിടെ അശോകനെ മൊബൈലിൽ വിളിച്ച് 'ഇന്നവനു പണി നൽകുമെന്നു' പറയുകയും ചെയ്തുവത്രെ.

ബിവറേജസിൽനിന്ന് മദ്യം വാങ്ങി മനുവിന്റെ വീടിന് സമീപമുള്ള കടയിലും വാഴപ്പണയിലും മണികണ്ഠനും കൂട്ടുകാരും പതിവായെത്തി മദ്യപിക്കാറുണ്ട്. രണ്ടാഴ്ച മുമ്പ് മദ്യവുമായി വന്നപ്പോൾ മനുവിന്റെ വീടിനടുത്തുള്ള കട അടച്ചിട്ടിരിക്കുന്നതിനാൽ വെള്ളം വാങ്ങാൻ കഴിഞ്ഞില്ല. ഈസമയം വീടിന് മുന്നിൽ സുഹൃത്തായ പാക്കുവെട്ടിയെന്ന് വിളിക്കുന്ന വിഷ്ണുവുമായി സംസാരിച്ച് നിൽക്കുകയായിരുന്നു മനു. മനുവിനോട് ഇവർ വെള്ളം ആവശ്യപ്പെട്ടപ്പോൾ കാരണം അന്വേഷിച്ചു. മദ്യപിക്കാനെണെന്ന് മറുപടി നൽകിയ മണികണ്ഠനോട് മദ്യപിക്കാൻ നിന്റെ കൈയിലെന്തുണ്ടെന്നായി വിഷ്ണുവിന്റെ ചോദ്യം. ഒരുഫുള്ളും രണ്ട് ഹാഫും കൈയിലുണ്ടെന്ന് പറഞ്ഞ മണികണ്ഠനെ വിഷ്ണു അടിച്ചു. എതിർക്കാൻ ശ്രമിച്ചതോടെ മണികണ്ഠനെയും കൂട്ടുകാരെയും വിഷ്ണു അടിച്ചവശരാക്കി. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയല്ലാതെ മനു മറ്റൊന്നും ചെയ്തില്ല. അടിപിടിക്കുശേഷം മനുവിന്റെ ബൈക്കിലാണ് വിഷ്ണു അവിടെ നിന്ന് പോയത്. കാണിച്ചുതരാമെന്ന് പറഞ്ഞ് മണികണ്ഠനും കൂട്ടരും മടങ്ങി.

മനുവിന്റെ വീട്ടിൽ നിന്ന് വിഷ്ണു ബൈക്കെടുത്ത് പോകുന്നത് കണ്ട മണികണ്ഠൻ അത് വിഷ്ണുവിന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചു. തന്നെ മർദ്ദിച്ചതിന്റെ വൈരാഗ്യം മനസിൽ സൂക്ഷിച്ച മണികണ്ഠൻ സംഭവത്തിന് രണ്ട് ദിവസം മുമ്പ് പകരം ചോദിക്കാനായി പട്ടണത്തിലെ ഒരു കടയിൽ നിന്ന് സ്റ്റെയിൻലസ് സ്റ്റീൽ കത്തി വാങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ മദ്യപിച്ചശേഷം മനുവിന്റെ വീടിന്റെ പരിസരത്ത് ഇരുളിന്റെ മറവിൽപതുങ്ങിയിരുന്നു. പൂവമ്പാറ അപ്പൂപ്പൻ നടയിലെ വിളക്ക് കഴിഞ്ഞ് മനുവിന്റെ ബൈക്ക് വിഷ്ണു ഓടിച്ച് വീട്ടിലേക്കുള്ള വഴിയിലെത്തിച്ചശേഷം മടങ്ങിയിരുന്നു. മണികണ്ഠൻ വരുമ്പോൾ ബൈക്ക് വീടിന്റെ വഴിയിലുണ്ടായിരുന്നു. വിഷ്ണുവിന്റെ വീടും ബൈക്കുമാണ് ഇതെന്ന് കരുതിയിരുന്ന മണികണ്ഠൻ പ്രതികാരം തീർക്കാനായി വീടിന്റെ പരിസരത്ത് മാറി പതിയിരുന്നു. അൽപ്പസമയം കഴിഞ്ഞ് മനുവെത്തി ബൈക്ക് അവിടെ നിന്ന് ഓടിച്ച് വീടിന്റെ മുന്നിലെത്തി നിർത്തിയപ്പോഴേക്കും പിന്നാലെ പതുങ്ങിയെത്തിയ മണികണ്ഠൻ തന്റെ കൈവശം കരുതിയിരുന്ന സ്റ്റെയിൻലസ് സ്റ്റീൽ കത്തി വലതുചെവിയുടെ താഴെ കഴുത്തിലേക്ക് കുത്തിയിറക്കി.

അടുത്തദിവസമാണ് മനു കാർത്തികേയനാണ് കൊല്ലപ്പെട്ടതെന്നും തനിക്ക് ആളുമാറിയെന്നും മണികണ്ഠന് മനസിലായത്. ദൃക്‌സാക്ഷികളൊന്നുമില്ലാതിരുന്ന കേസിൽ മനുവിന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദിവസങ്ങളായി പൊലീസ് ചോദ്യെ ചെയ്തിരുന്നെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ ് ശാരദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മണികണ്ഠന്റെ അറസ്റ്റും നാട്ടുകാരുടെ വെളിപ്പെടുത്തലും പൂവമ്പാറ കൊലപാതകക്കേസിൽ നിർണായകമായത്.