- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതവുമായുള്ള ഉടമ്പടികൾ
മലയാളത്തിൽ ഇന്ന് ഏറ്റവും മികച്ച ഗദ്യം എഴുതുന്നതാരാണ്? ഗദ്യത്തിന്റെ മികവ് നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചിരിക്കും ഇതിനുള്ള ഉത്തരം എന്നറിയായ്കയല്ല. രചന, മാധ്യമം, അവതരണവിഷയം, ആവിഷ്‌കാരരീതി, ഭാഷാശൈലി, രാഷ്ട്രീയനിലപാട്... തുടങ്ങിയവയിലൊക്കെ ആധികാരികതയും ആർജ്ജവവും ലാവണ്യാത്മകതയും അനുഭവപ്പെടുന്നത് എഴുത്തിന്റെയെന്നപോലെ വായനയുടെയും കല മുൻനിർത്തിയാണ്. അതുകൊണ്ടുതന്നെ ഒരാളുടെ ഗദ്യം എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. മികച്ചതെന്ന് ഒരാൾക്കു തോന്നുന്ന ഭാഷണരൂപം മറ്റൊരാൾക്ക് മികച്ചതായി തോന്നണമെന്നുമില്ല. എങ്കിലും നിലനിൽക്കുന്ന ചില പൊതുബോധങ്ങൾ, ആധുനിക മലയാളഗദ്യത്തിന്റെ ചില പാഠമാതൃകകളെ അവയുടെ ജൈവികവും ധൈഷണികവും സൗന്ദര്യാത്മകവുമായ ആഖ്യാനകല മുൻനിർത്തി മികവിന്റെ ഉദാഹരണങ്ങളായി അംഗീകരിച്ചുപോരുന്നുണ്ട്. ജോർജ് മാത്തന്റെ ഗദ്യഭാഷയാണെന്നു തോന്നുന്നു, ഈവിധമൊരു സാംസ്‌കാരികപദവിക്കർഹമാകുന്ന ആദ്യമാതൃക. പിന്നീടിങ്ങോട്ട് ഓരോ കാലത്തും ഭാഷയുടെ പലതരം സിദ്ധിവിശേഷങ്ങളെ തനതു ഭാവബന്ധമായി വികസിപ്പിച്ചെടുത്ത് മല
മലയാളത്തിൽ ഇന്ന് ഏറ്റവും മികച്ച ഗദ്യം എഴുതുന്നതാരാണ്? ഗദ്യത്തിന്റെ മികവ് നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചിരിക്കും ഇതിനുള്ള ഉത്തരം എന്നറിയായ്കയല്ല. രചന, മാധ്യമം, അവതരണവിഷയം, ആവിഷ്‌കാരരീതി, ഭാഷാശൈലി, രാഷ്ട്രീയനിലപാട്... തുടങ്ങിയവയിലൊക്കെ ആധികാരികതയും ആർജ്ജവവും ലാവണ്യാത്മകതയും അനുഭവപ്പെടുന്നത് എഴുത്തിന്റെയെന്നപോലെ വായനയുടെയും കല മുൻനിർത്തിയാണ്. അതുകൊണ്ടുതന്നെ ഒരാളുടെ ഗദ്യം എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. മികച്ചതെന്ന് ഒരാൾക്കു തോന്നുന്ന ഭാഷണരൂപം മറ്റൊരാൾക്ക് മികച്ചതായി തോന്നണമെന്നുമില്ല. എങ്കിലും നിലനിൽക്കുന്ന ചില പൊതുബോധങ്ങൾ, ആധുനിക മലയാളഗദ്യത്തിന്റെ ചില പാഠമാതൃകകളെ അവയുടെ ജൈവികവും ധൈഷണികവും സൗന്ദര്യാത്മകവുമായ ആഖ്യാനകല മുൻനിർത്തി മികവിന്റെ ഉദാഹരണങ്ങളായി അംഗീകരിച്ചുപോരുന്നുണ്ട്.
ജോർജ് മാത്തന്റെ ഗദ്യഭാഷയാണെന്നു തോന്നുന്നു, ഈവിധമൊരു സാംസ്‌കാരികപദവിക്കർഹമാകുന്ന ആദ്യമാതൃക. പിന്നീടിങ്ങോട്ട് ഓരോ കാലത്തും ഭാഷയുടെ പലതരം സിദ്ധിവിശേഷങ്ങളെ തനതു ഭാവബന്ധമായി വികസിപ്പിച്ചെടുത്ത് മലയാളിയുടെ ഭാഷാഭൂപടത്തിൽ (ഭാവനാഭൂപടത്തിലും) ഇടംപിടിച്ചവരുടെ എണ്ണം അത്രയ്ക്കധികമൊന്നുമില്ല. ഹിംസാത്മകമായ ഭാഷണവ്യവഹാരങ്ങൾ മുതൽ കാല്പനികമായ സൗന്ദര്യശില്പങ്ങൾ വരെ, ഏറെ വൈവിധ്യമുള്ളവയാണ് ഇത്തരം ഗദ്യശൈലികൾ. സി.വി.യും വി.ടി.യും സി.ജെ.യും പി.കെ. ബാലകൃഷ്ണനും ഒ.വി. വിജയനും കെ.പി. അപ്പനും മറ്റുമാണ് ഈവഴിയിലെ നക്ഷത്രങ്ങൾ. പുതിയ നൂറ്റാണ്ടിലേക്കു വരുമ്പോൾ ഇങ്ങനെയുള്ള ഭാഷാജീനിയസുകളുടെ എണ്ണം തീരെ കുറവാണെന്നും കാണാം. ഒരുപക്ഷെ, വാഗർഥങ്ങളുടെ സ്വരച്ചേർച്ചയും ശൈലിയുടെ പാഞ്ചാലതയും രൂപകങ്ങളുടെ ഊർജ്ജശേഷിയും കൊണ്ട് ഇന്നു മലയാളത്തിൽ ഏറ്റവും ലാവണ്യാത്മകവും (അതാകട്ടെ, സൗന്ദര്യാത്മകമെന്നതുപോലെതന്നെ രാഷ്ട്രീയവുമാണ്) ജൈവികവുമായ ഗദ്യമെഴുതുന്നത് എസ്. ഗോപാലകൃഷ്ണനായിരിക്കും. പി.കെ. ബാലകൃഷ്ണന്റെ മുഴങ്ങുന്ന ധ്വന്യാത്മകഗദ്യത്തെയും അപ്പന്റെ അസ്ത്രമൂർച്ചയുള്ള ബിംബാത്മകഗദ്യത്തെയും ആനന്ദിന്റെ ചരിത്രബോധം ഖനീഭവിച്ച ധൈഷണികഗദ്യത്തെയും ബാലചന്ദ്രന്റെ കാവ്യാത്മക ഗദ്യത്തെയും പലനിലകളിൽ സമീകരിക്കുന്ന അസാധാരണമായ ഒരു ഭാഷാവ്യവസ്ഥയ്ക്കുടമയാണ് ഗോപാലകൃഷ്ണൻ. ആവിഷ്‌ക്കാരത്തിന്റെ ഭാവവും രൂപവും രണ്ടല്ലാതാകുന്ന ഒരു ലാവണ്യരസവിദ്യയാണ് മികച്ച ഗദ്യാഖ്യാനങ്ങളെന്നു തെളിയിക്കുന്നതിൽ 'ജലരേഖകൾ', 'ചെവിയോർക്കുമ്പോൾ' എന്നീ പംക്തികളിൽ ഗോപാലകൃഷ്ണനെഴുതുന്ന രചനകളെക്കാൾ നല്ല ഉദാഹരണങ്ങൾ നമ്മുടെ കാലത്ത് മറ്റൊന്നില്ല. ഈ രചനകൾ സമാഹരിച്ച് അദ്ദേഹം പ്രസിദ്ധീകരിക്കുന്ന നാലാമത്തെ പുസ്തകമാണ് 'മനുഷ്യനുമായുള്ള ഉടമ്പടികൾ'. മലയാളഗദ്യത്തിന്റെ ഭാഷാലാവണ്യവും ഉപന്യാസരചനയുടെ വിചാരബദ്ധതയും പംക്തിയെഴുത്തിന്റെ ആത്മനിഷ്ഠസൗന്ദര്യവും മാധ്യമപ്രവർത്തനത്തിന്റെ മനുഷ്യകേന്ദ്രിതത്വവും അനുഭൂതിവിശകലനത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയവും ഒന്നിച്ചവതരിക്കുന്ന മലയാളത്തിലെ ഏറ്റവും മൗലികവും ദീപ്തവുമായ ഭാവസസന്ദർഭങ്ങളിലൊന്നാകുന്നു, ഗോപാലകൃഷ്ണന്റെ പംക്തികളിലെ മിക്കവാറും രചനകൾ.
പംക്തികൾ പൊതുവെ രണ്ടുതരമാണ്. ഏതെങ്കിലും ഒരു വിഷയത്തെ മാത്രം കേന്ദ്രീകരിച്ച് തുടർച്ചയായെഴുതപ്പെടുന്നവയാണ് ഒന്ന്. രാഷ്ട്രീയം, കല, സാഹിത്യം, ശാസ്ത്രം, വാണിജ്യം, വിദ്യാഭ്യാസം... എന്നിങ്ങനെ അതാതുവിഷയത്തിൽ പരന്നതോ കുഴിഞ്ഞതോ ആയ ജ്ഞാനവും കാഴ്ചപ്പാടുകളുമുള്ളവർ എഴുതുന്നവ.
വിഷയനിഷ്ഠമാകുന്നതിനുപകരം പംക്തിയെഴുതുന്നയാളുടെ കാലികമായ താൽപര്യത്തിനു മുൻതൂക്കം കിട്ടുന്നവയാണ് രണ്ടാമത്തേത്. നിരവധിയായ വിഷയങ്ങളെ കേന്ദ്രീകരിച്ചെഴുതപ്പെടുന്ന ഇവയ്ക്ക് ആത്മനിഷ്ഠതയ്‌ക്കൊപ്പം വിഷയസ്വീകാരത്തിന്റെയും സ്വാതന്ത്ര്യം ഏറും. ഈ രണ്ടാമത്തെ വിഭാഗത്തിൽപെടുന്ന പംക്തീകാരനാണ് ഗോപാലകൃഷ്ണൻ.
ഏറെ വൈവിധ്യമുള്ള വിഷയങ്ങളെ മുൻനിർത്തി രണ്ടു പംക്തികളിലെഴുതിയ നാൽപ്പത്തിമൂന്നു രചനകളുടെ സമാഹാരമാണ് 'മനുഷ്യനുമായുള്ള ഉടമ്പടികൾ'. വിഷയമണ്ഡലങ്ങളിലും മേഖലകളിലും സന്ദർഭങ്ങളിലും പുലർത്തുന്ന ബഹുസ്വരസമീപനം തന്നെയാണ് ഗോപാലകൃഷ്ണന്റെ പംക്തീകർതൃത്വത്തിന്റെ ആദ്യ സാധൂകരണം. ഏതുവിഷയം അവതരിപ്പിക്കുമ്പോഴും സ്വീകരിക്കുന്ന ചടുലവും മൂർത്തവും ഊർജ്ജസ്വലവുമായ രാഷ്ട്രീയ പ്രതിബദ്ധത അതിനു പിൻബലമേകുന്നു. സൂക്ഷ്മമായ ചരിത്രബോധവും നിശിതമായ ജനാധിപത്യവിശ്വാസവും കണിശമായ മാനവികതാവാദവും ചേർന്നു രൂപം കൊടുക്കുന്നതാണ് ഈ പ്രതിബദ്ധത. ഉപരിപ്ലവമായ കാഴ്ചകളോ ചെടിപ്പിക്കുന്ന ശൈലികളോ ആലങ്കാരികം മാത്രമായ വർണനകളോ അരാഷ്ട്രീയമായ നിലപാടുകളോ ആവർത്തനവിരസമായ പ്രമേയങ്ങളോ അകാലികമായ സമീപനങ്ങളോ ഗോപാലകൃഷ്ണന്റെ പംക്തികൾക്കില്ല. അസാമാന്യമായ പ്രജ്ഞാവൈഭവത്തോടെയും അപൂർവമായ വീക്ഷണസ്ഥൈര്യത്തോടെയും തന്റെ ഓരോ രചനയും പ്രൊഫഷണലാക്കാൻ ഗോപാലകൃഷ്ണൻ ശ്രദ്ധിക്കുന്നു. ഈ പുസ്തകത്തിലെ മുഴുവൻ രചനകളും ഇതിനു തെളിവാണ്.
ചിത്രകല, സംഗീതം, ശില്പകല, നൃത്തം, സാഹിത്യം, കഥകളി, റേഡിയോ, സിനിമ, ഫോട്ടോഗ്രഫി, പ്രഭാഷണം, കാവ്യാലാപനം, കാർട്ടൂൺ... എന്നിങ്ങനെയുള്ള ഭാവാനുഭൂതികളും രൂപവിശേഷങ്ങളും; ശാസ്ത്രം, ചരിത്രം, നിയമം, മാർക്‌സിസം, വംശം, ജാതി, മതം, കൊളോണിയലിസം, നവോത്ഥാനം, ദേശീയത, ഭരണകൂടം തുടങ്ങിയവ ബൃഹദാഖ്യാനങ്ങൾ; യുദ്ധം, രോഗം, ആത്മഹത്യ, മരണം, ഹിംസ, പലായനം, ഏകാന്തത, ദാരിദ്ര്യം.... തുടങ്ങിയ മർത്യജന്മത്തിന്റെ കഷ്ടാനുഭവങ്ങൾ; കോട്ടകൾ, മ്യൂസിയങ്ങൾ, ക്ഷേത്രങ്ങൾ, മരുഭൂമികൾ, മഹാപർവതങ്ങൾ, ആഴക്കടലുകൾ, ചരിത്രാവിശിഷ്ടങ്ങൾ... എന്നിങ്ങനെയുള്ള സ്ഥല-നിർമ്മിതികൾ-ഗോപാലകൃഷ്ണന്റെ സംസ്‌കാരവിചാരങ്ങൾ ഒരു കാലഘടികാരത്തിന്റെ ജീവിതസൂചികൾ പോലെ ഈ അക്ഷരമണ്ഡലത്തിൽ ചലിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ചതുരമായി ഈ രചനാലോകത്തെ സങ്കല്പിച്ചാൽ അതിന്റെ മൂലകളെ ഇങ്ങനെ അടയാളപ്പെടുത്താം.
ഒന്ന്, മുഖ്യമായും ഒറ്റയോ പറ്റമോ ആയ വ്യക്തികളെ കേന്ദ്രീകരിച്ച് കലയുടെ മാനവികത മുതൽ മാനവികതയുടെ കലാപരത വരെയുള്ള സംസ്‌കാരത്തിന്റെ ജൈവരാഷ്ട്രീയം വിശകലനം ചെയ്യുന്ന രചനകൾ.
ഫ്രാൻസിസ്‌കോ ഗോയ മുതൽ സോമനാഥ്‌ഹോർ വരെയുള്ള കലാകാരന്മാർ ചിത്രകലയിൽ സൃഷ്ടിച്ച മാനവികതയുടെ രക്തസാക്ഷ്യങ്ങളെക്കുറിച്ചും രാജാദീൻദയാലിലൂടെ കൊളോണിയൽ ഇന്ത്യൻ ഫോട്ടോഗ്രഫി കൈവരിച്ച ചരിത്രമാനങ്ങളെക്കുറിച്ചും കാർട്ടൂണിസ്റ്റ് എന്ന നിലയിലുള്ള ബാൽതാക്കറെയുടെ ജീവിതത്തിലെ കറുത്ത അടിവരകളെക്കുറിച്ചും ഇറോം ശർമിളയുടെ സഹനസമരങ്ങളെക്കുറിച്ചും പെരുമാൾ മുരുകന്റെ പ്രതീകാത്മക സർഗ-ആത്മഹത്യയെക്കുറിച്ചും ജഗദീഷ് ചന്ദ്രബോസിന്റെയും നിക്കൊളാസ് ടെസ്‌ലയുടെയും തമസ്‌കരിക്കപ്പെട്ട ശാസ്ത്രപ്രതിഭകളെക്കുറിച്ചും സാദത്ത് ഹസൻ മാന്തോയുടെ വിഭ്രമകരമായ കലയെയും ജീവിതത്തെയും കുറിച്ചും അനീഷ്‌കപൂറിന്റെ ശില്പകലാ വൈഭവത്തെക്കുറിച്ചുമൊക്കെയുള്ള രചനകൾ ഈ വിഭാഗത്തിൽപെടുന്നു. വ്യക്തിചിത്രങ്ങൾക്കാണ് ഇവയിൽ പ്രാഥമിക ഊന്നൽ.
രണ്ട്, പ്രധാനമായും സ്ഥലങ്ങളെയും നിർമ്മിതികളെയും മുൻനിർത്തി ചരിത്രത്തിന്റെ ബഹുതലസ്പർശിയായ സാമൂഹ്യപാഠങ്ങൾ ചൂണ്ടിക്കാണിക്കുന്ന രചനകൾ.
കുലധാരയിലെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ കാലം കാത്തുവച്ച മിത്തുകളെയും ചരിത്രങ്ങളെയും കുറിച്ചും, എഡ്മണ്ട് ഹിലാരിയുടെയും അദ്ദേഹത്തെ സാഹസികയാത്രയിലേക്കു നയിച്ച ചെറിജറാർഡിന്റെയും യാത്രാനുഭവവിവരണങ്ങൾ സൃഷ്ടിക്കുന്ന ബ്രഹ്മാണ്ഡസമാനമായ സ്ഥലഭൂമികകളെക്കുറിച്ചും ജന്തർമന്ദിറിൽ നിശ്ശബ്ദമായിപ്പോയ കാലഘടികാരത്തെക്കുറിച്ചും ആന്തമാനിലെ ജരാവകളുടെ ദേശസ്വത്വത്തെക്കുറിച്ചും ചരിത്രത്തിന്റെ ശവകുടീരങ്ങളായ മ്യൂസിയങ്ങളെക്കുറിച്ചും ചരിത്രത്തിന്റെ പുറമ്പോക്കിലായിപ്പോയ ദാരാഷുക്കോവിന്റെ നാലടി ശവക്കല്ലറയെക്കുറിച്ചും ലോദിഗാർഡൻ തൊട്ട് പുന്നപ്രവയലാർ വരെയും പുരി മുതൽ കൊണറാക് വരെയുമുള്ള സംസ്‌കൃതിയുടെ മഹാക്ഷേത്രങ്ങൾക്കു മുന്നിൽ സ്തംഭിച്ചുനിൽക്കുന്ന വർത്തമാനകാലത്തെക്കുറിച്ചും എഴുതുന്ന ലേഖനങ്ങൾ ഈ സ്വഭാവമുള്ളവയാണ്. ചരിത്രത്തിന്റെ ധൈഷണിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും.
മൂന്ന്, പ്രാഥമികമായും കലാസാഹിത്യപാഠങ്ങൾ മാതൃകയാക്കി ജീവിതത്തിന്റെ ലാവണ്യാനുഭൂതികളും അനുഭൂതികളുടെ ജീവിതബന്ധങ്ങളും വിശദീകരിക്കുന്ന രചനകൾ.
ഏറിയും കുറഞ്ഞും ഈ പുസ്തകത്തിലെ ഭൂരിപക്ഷം രചനകളുടെയും സ്വഭാവം ഇതുതന്നെയാണ്. ഗോയയുടെയും ഹോറിന്റെയും കലാരാഷ്ട്രീയങ്ങൾ കണിശത കൈവിടാതെ മാനവികതയോടു പുലർത്തിയ കൂറിനെക്കുറിച്ചും ആഗസ്റ്റോറോഡിന്റെ ബൽസാക്ക് പ്രതിമയുടെ പ്രകോപനപരമായ ചരിത്രജീവിതത്തെക്കുറിച്ചും കഥകളിയിലെ മന്ദത സൃഷ്ടിക്കുന്ന കലയുടെ ക്ലാസിക്കൽ ഭാവമാനങ്ങളെക്കുറിച്ചും കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ ശൗര്യഗുണത്തെക്കുറിച്ചും ഇ.പി. ഉണ്ണിയുടെ കാർട്ടൂൺ കല സൃഷ്ടിക്കുന്ന ചരിത്ര-രാഷ്ട്രീയവിമർശനപാഠങ്ങളെക്കുറിച്ചും ജീവിതാസക്തിക്കൊപ്പം മരണത്തെയും അജ്ഞാതവാസങ്ങൾക്കൊപ്പം നൃത്തത്തെയും ശരീരത്തിൽ ഏകകാലത്തു സാക്ഷാത്കരിച്ച മാതാഹരിയെ നായികയാക്കി വൈലോപ്പിള്ളി എഴുതിയ 'നർത്തകി'യെന്ന കവിതയെക്കുറിച്ചും ഫലസ്തീനിയൻ കവിയായ മഹ്മുദ് ദർവീഷിന്റെ ഗതികിട്ടാത്ത പലായനങ്ങളെക്കുറിച്ചും പിക്കാസോയും എം.എഫ്. ഹുസൈനും മറ്റും ചിത്രങ്ങളിലൊളിപ്പിച്ച കുതിരക്കുളമ്പുകളുടെ ചലന-നിശ്ചലതകളെക്കുറിച്ചും മാന്തോയുടെയും ഫൈസ് അഹമ്മദ് ഫൈസിന്റെയും സാംസ്‌കാരിക ആത്മബലികളെക്കുറിച്ചുമൊക്കെയുള്ള രചനകൾ ഈവിഭാഗത്തിൽപെടുന്നു. ഒപ്പം, നാരായണഗുരു മുതൽ മാധവിക്കുട്ടിയും കടമ്മനിട്ടയും അഴീക്കോടും ചിന്തരവിയും ഉൾപ്പെടെയുള്ള മലയാളികളുടെ കലയും ചിന്തയും വാക്കും ഭാവനയും സൃഷ്ടിച്ച ഭാവലോകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും. സംസ്‌കാരത്തിന്റെ രാഷ്ട്രീയഭാവനയ്ക്കും കാവ്യകലയ്ക്കുമാണ് ഇവയിൽ മുൻതൂക്കം.
നാല്, ആത്മനിഷ്ഠമോ അപരനിഷ്ഠമോ ആയ അനുഭവഗാഥകൾ ആധാരമാക്കി മർത്യജന്മത്തിന്റെ സാർഥകമോ നിരർഥകമോ ആയ ഭാവസന്ധികളെക്കുറിച്ചു ചിന്തിക്കുന്ന രചനകൾ.
കുഞ്ഞുങ്ങളുടെ യുദ്ധാനുഭവം വിവരിക്കുന്ന അസാധാരണമായ ഒരു ഗ്രന്ഥത്തിന്റെ ഉള്ളുരുക്കങ്ങളെക്കുറിച്ചും വിശ്വവിഖ്യാതമായ വിക്കിന്റെ രാഷ്ട്രീയസന്ദർഭങ്ങൾ മുൻനിർത്തി ഇ.എം.എസിന്റെ ഭാഷണകലയെക്കുറിച്ചും 'മഹാരോഗങ്ങളുടെ ചക്രവർത്തി'യെന്ന കാൻസറിന്റെ ജീവിചരിത്രം ആവിഷ്‌ക്കരിക്കുന്ന രോഗങ്ങളുടെ ചരിത്രഗാഥയെക്കുറിച്ചും കാഫ്കയൻ അനുഭവമായി മാറുന്ന ആരൻസ്വാർത്‌സിന്റെ ആത്മാഹൂതിയെക്കുറിച്ചും കടുവയുടെയും ഭാഷകളുടെയും വംശനാശത്തെക്കുറിച്ചും ബാബ്‌റമസ്ജിദിന്റെ തകർച്ച അഴീക്കോടിലും കടമ്മനിട്ടയിലും സൃഷ്ടിച്ച അപാരമായ അന്തഃസംഘർഷങ്ങളെക്കുറിച്ചും ആകാശവാണിയിലെ ശബ്ദകലയുടെ കാലാന്തരാനുഭവങ്ങളെക്കുറിച്ചും മുപ്പത്താറുകൊല്ലം പാക്ജയിലിൽ കഴിഞ്ഞ കാശ്മീർ സിങ് എന്ന പഞ്ചാബിയുടെയും ബഷീറിന്റെ മതിലുകളിലെ നാരായണിയുടെയും ജയിൽജീവിതത്തിന്റെ ലോഹത്തിളപ്പുകളെക്കുറിച്ചും മൈക്കലാഞ്ചലോയും വാൻഗോഗും റെംബ്രാൻഡും പി.യുമൊക്കെ ആവിഷ്‌ക്കരിച്ച അനുഭവകിടിലങ്ങളുടെ അവസ്ഥാന്തരങ്ങളെക്കുറിച്ചും മാധവിക്കുട്ടിയുടെ അസാധാരണമായ തുറന്നുപറച്ചിലുകളെക്കുറിച്ചും കെ.ജി.എസിന്റെ കവിതയും സ്വന്തം അമ്മയുടെ മരണവും കൂട്ടിയിണക്കുന്നതിന്റെ ആത്മവേദനകളെക്കുറിച്ചുമൊക്കെയുള്ള രചനകൾ ഈ വിഭാഗത്തിൽപെടുന്നു. അനുഭവങ്ങളുടെ ആത്മവും അപരവും ഏറ്റവും ദുഃഖഭരിതമായ വരികളിലൂടെ ആവിഷ്‌ക്കരിക്കുന്നു, ഇവയിൽ ഗോപാലകൃഷ്ണൻ.
തമ്മിൽതമ്മിൽ വെള്ളം കടക്കാത്ത അറകളല്ല മേല്പറഞ്ഞ നാലുകോണുകളും. ആത്യന്തികമായി മാനവികതയുടെയും മതേതര ജനാധിപത്യത്തിന്റെയും രാഷ്ട്രീയയുക്തികളെ ചരിത്രബോധത്തിലടിയുറച്ച ഭൂതവർത്തമാനങ്ങളിലേക്കും ദേശാന്തരസ്ഥലഭൂപടങ്ങളിലേക്കും സഞ്ചരിപ്പിക്കുന്ന വൈയക്തികവും സാമൂഹികവുമായ സാംസ്‌കാരികരൂപങ്ങളുടെയും പഠനങ്ങളുടെയും പാഠാന്തരമാതൃകകളാകുന്നു 'മനുഷ്യനുമായുള്ള ഉടമ്പടികൾ'. ജീവിതത്തിന്റെതന്നെ ഉടമ്പടികൾ.
നരവംശശാസ്ത്രവും മനുഷ്യാനുഭവങ്ങളും ശാസ്ത്രീയസംഗീതവും കലാരൂപങ്ങളും ചരിത്രപഠനവും രാഷ്ട്രീയനിരീക്ഷണവും വർഗീയതാവിമർശനവും പുസ്തകങ്ങളും മ്യൂസിയങ്ങളും ശരീരവും.... അതിന്റെ ആധാരശ്രുതികളായി മാറുന്നു. ഒരർഥത്തിൽ ഗോപാലകൃഷ്ണന്റെ പംക്തികളുടെ അടിസ്ഥാനസ്വഭാവം അവയുടെ ആത്മനിഷ്ഠമെന്നപോലെതന്നെ വസ്തുനിഷ്ഠവും പാഠനിഷ്ഠമെന്നപോലെ പാഠാന്തരവും വൈയക്തികമെന്നപോലെതന്നെ സാമൂഹികവും കാല്പനികമെന്നപോലെതന്നെ ചരിത്രപരവും സൗന്ദര്യാത്മകമെന്നപോലെതന്നെ രാഷ്ട്രീയവും പ്രാദേശികമെന്നപോലെതന്നെ ദേശാന്തരവുമായ വിഷയ-വിശകലന പദ്ധതിയാണ്. ഒരു രചന ഉദാഹരിച്ച് ഇതു വിശദമാക്കാം.
'ശവകുടീരത്തിന്റെ കണ്ണ്' എന്ന ലേഖനം നോക്കുക. കൊൽക്കത്തയിലെ ഒരു റിക്ഷാക്കാരൻ, ബംഗ്ലാദേശ് യുദ്ധത്തിന്റെയും പലായനത്തിന്റെയും നാളുകളിൽ പണ്ടെന്നോ കിണറ്റിൽ വീണു മരിച്ച തന്റെ കുഞ്ഞുപെങ്ങളെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നിടത്തുനിന്നാരംഭിക്കുന്ന ആഖ്യാനം ശ്രീലങ്കയിലെ തോക്കേന്തിയ കുഞ്ഞുങ്ങളിലൂടെ, ഒന്നാംലോകയുദ്ധം മുതൽ ഇറാഖ് യുദ്ധം വരെയുള്ളവയിൽ കുട്ടികളനുഭവിച്ച നരകക്കെടുതികളെക്കുറിച്ച് അവർതന്നെ എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'stolen voices' എന്ന പുസ്തകത്തിൽ ചെന്നെത്തുന്നു. ഫലസ്തീനിയൻ യുദ്ധങ്ങളുടെ ഇരയായ മേരി എന്ന പെൺകുട്ടിയുടെയും ബോസ്‌നിയൻ യുദ്ധത്തിന്റെ ഇരയായ സ്ലേറ്റഫിലിപ്പോവിച്ചിന്റെയും കഥ ഗോപാലകൃഷ്ണൻ പുനഃസൃഷ്ടിക്കുന്നു. നസ്രുൽഗീതങ്ങളിലൂടെ റിക്ഷാക്കാരനും മൈക്കൽജാക്‌സൺന്റെ പാട്ടുകളിലൂടെ സ്ലേറ്റയും മാഴ്‌സൽ കലീഫിന്റെ ഗാനങ്ങളിലൂടെ മേരിയും തങ്ങളുടെ ദുരിതജന്മങ്ങളിൽ ശാന്തിതേടുന്നു. മനുഷ്യനിലുള്ള എല്ലാ വിശ്വാസവും നഷ്ടമായ റിക്ഷാക്കാരൻ കുഞ്ഞുങ്ങളുടെ ദുരന്തം ലോകാവസാനമാണെന്നു തിരിച്ചറിയുന്നു. അയാളുടെ ശാപം കിട്ടിയ വാക്കുകളിൽ ഗോപാലകൃഷ്ണൻ ലേഖനമവസാനിപ്പിക്കുന്നു:
'എന്തുകൊണ്ടാണ് ഈ നഗരത്തിൽ താങ്കൾ അവിവാഹിതനായി തുടരുന്നത് എന്നു ഞാൻ ചോദിച്ചപ്പോൾ കറപിടിച്ച പല്ലുകൾ പുറത്തുകാട്ടി വന്യമായ ഒരു ചിരിയോടെ അയാൾ പറഞ്ഞു: ഇണ ചേരാൻ മനുഷ്യന് അർഹതയില്ല. ഇണ ചേരുന്നവൻ കുഞ്ഞുങ്ങളോട് ചില അടിസ്ഥാന മര്യാദകൾ കാണിക്കേണ്ടതുണ്ട്. മനുഷ്യന് അതിനു കഴിയില്ല'.
ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും ഈവിധം നിങ്ങളെ ദിവസങ്ങളോളം അശാന്തരും വ്യവസ്ഥകളിൽ അവിശ്വാസികളും അനീതിക്കെതിരെ രോഷാകുലരുമാക്കി മാറ്റുകതന്നെ ചെയ്യും. അത്രമേൽ ആർജ്ജവത്തോടെ മനുഷ്യാവസ്ഥകളെ ചരിത്രബദ്ധവും നീതിയുക്തവുമായി വിചാരണചെയ്യുന്നവയാണ് അവയോരോന്നും.
മലയാളഗദ്യത്തിന്റെ മാന്ത്രികലാവണ്യം തിടംവച്ചുനിൽക്കുന്ന എത്രയെങ്കിലും സന്ദർഭങ്ങൾ ഈ ലേഖനങ്ങളിൽ കാണാം. ചിലതു നോക്കുക:
'1840-ൽതന്നെ ഇന്ത്യയിൽ ഫോട്ടോഗ്രാഫി വന്നുചേർന്നുവെങ്കിലും 1870-കളിൽ ദീൻദയാൽ വരാൻവേണ്ടി കാലം കാത്തുകെട്ടിക്കിടന്നു'.
'ജോർജ് ആറാമനെ സംബന്ധിച്ചിടത്തോളം അപമാനകരമായിരുന്ന തന്റെ വിക്കിനെ കേരളത്തിൽ ഇ.എം.എസ്. എന്ന ജനനേതാവ് എങ്ങനെയാണ് അതിജീവിച്ചത്? ഇ.എം.എസ്സിന് ഒരിക്കലും വിക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല. വിക്കിനാകട്ടെ, ഇ.എം.എസ്സിനെയും അതിജീവിക്കാൻ കഴിഞ്ഞില്ല'.
'വെറുതെ കാലം കളയരുത് എന്ന് കാമുകൻ കാമുകിയോടു പറയാൻ ആട്ടപ്രകാരം ഗോപിയാശാൻ ചെലവാക്കുന്നത് പത്തുമിനിറ്റിൽ കൂടുതലാണ്. വിളംബിതകാലത്തിൽ, ഡാഗറിന്റെ രുദ്രവീണയിൽ തോടി വിടരുന്നതുപോലെ'.
'ചങ്ങമ്പുഴയിൽനിന്നുള്ള ആധുനിക മലയാള കവിതയുടെ വിടുതൽ പൂർണ്ണമായും നാം ദർശിച്ച എൻ.എൻ. കക്കാടിന്റെ ജീവിതത്തിൽ വാതിലിൽ മുട്ടാതെ അകത്തു കയറിയ രോഗം കാൻസറായിരുന്നു. ഹൃദയത്തിൽനിന്നും രക്തം വമിക്കുന്ന കാല്പനികതയിൽനിന്നു സൂക്ഷ്മകോശങ്ങളിൽ ഞണ്ടിറുക്കുന്ന ആധുനിക കവിതയിലേക്കുള്ള ഭാവാന്തരം കക്കാട് മാഷിന്റെ കവിതയിൽ മലയാളി കണ്ടു'.
'സുകുമാർ അഴീക്കോടിന് നന്നായി അറിയാമായിരുന്നു പ്രസംഗത്തിൽ താനും അത്ര മോശക്കാരനൊന്നുമല്ലായിരുന്നുവെന്ന്. ആ പ്രസംഗത്തിന്റെ ശബ്ദകോശത്തിന് പലപ്പോഴും ഒരു സംഗീതശില്പത്തിന്റെ ആസൂത്രിതഭദ്രതയുണ്ടായിരുന്നു. വിളംബിതത്തിൽ കൊട്ടി സമയമാത്രകളെ കൃത്യമായ പദ്ധതികൊണ്ട് ഘട്ടംഘട്ടമായി പെരുപ്പിച്ച് കൊട്ടിക്കേറുന്ന തേക്കിൻകാടൻ പഞ്ചാരിയുടെ ശബ്ദഗോപുരംപോലൊന്ന്'.
'ഞാനോർക്കുന്നു, ഒരിക്കൽ കോട്ടയം അമ്പലത്തിൽ കഥകളിക്ക് അദ്ദേഹം താമസിച്ചു കയറിവന്നത്. മേളപ്പദത്തിനു വന്നില്ല. കളി തുടങ്ങി. ഞാൻ പറഞ്ഞല്ലോ, എന്റെ കൗമാരക്രോധങ്ങൾ പൊതുവാളിൽ ഒരു നേതാവിനെ ദർശിച്ചിരുന്നുവെന്ന്. വേദിയിൽ കലാമണ്ഡലം രാമൻകുട്ടിനായരുമുണ്ടായിരുന്നു. എന്നിട്ടും മനസ്സ് അസ്വസ്ഥം. അപ്പോഴാണ് രൗദ്രഭാവങ്ങളെ കൂസാത്ത ഒറ്റയാനെപ്പോലെ പൊതുവാൾ വേദിയിലെത്തി ചെണ്ട ചുമലിൽ തൂക്കിയത്. ചെറിയ ഇലയനക്കംപോലെ ഒരു ശബ്ദം ചെണ്ടയിൽ. ഞാൻ ശ്രദ്ധിച്ചു, പൊടുന്നനെ കലാമണ്ഡലം രാമൻകുട്ടിനായരുടെ ചുവടിലും കൺമുനയിലും വന്യമായ ഒരു ജാഗ്രത പടരുന്നത്'.
'കൗസാനിയിൽ നിന്നാൽ 350 കിലോമീറ്റർ നീളത്തിൽ ഹിമവൽശൃംഗങ്ങൾ കാണാം. ഇത്രയും വലിയ ഹിമവൽ കാഴ്ച കിട്ടുന്നയിടങ്ങൾ വിരളമാണ്. ഹിന്ദിയിലെ മഹാകവി സുമിത്രാനന്ദൻ പന്തിന്റെ ജന്മസ്ഥലമാണത്. സ്വാതന്ത്ര്യസമരക്കാലത്ത് ഗാന്ധി അവിടെ സന്ദർശിച്ചപ്പോൾ, മുഴുവൻ പരിപാടികളും റദ്ദാക്കി പതിനെട്ടു ദിവസം കൗസാനിയിൽ താമസിച്ചു. അക്കാലത്താണ് അദ്ദേഹം അനാസക്തിയോഗം എന്ന പേരിൽ ഭഗവദ്ഗീതയുടെ വ്യാഖ്യാനം എഴുതിയത്. ഒരുപക്ഷേ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുവാൻ പതിനെട്ടു ദിവസം വൈകിപ്പോയത് അതിനാലാണെന്നു പറയാം'.
'നമ്മുടെ കുഞ്ഞുങ്ങൾ, ആൺകുട്ടികൾ, നല്ല കാലുകൾ കണ്ടു വളരണം. പണ്ട് ഒരു ദിവസം മകൻ പുറത്തുപോയപ്പോൾ ഞാൻ അവന്റെ മുറിയിൽ പോയി. അവൻ കൗമാരത്തിലായിരുന്നു. മെത്തയ്ക്കടിയിൽ തരംതാണ മഞ്ഞപ്പുസ്തകങ്ങൾ കണ്ടു. ഞാൻ ഉടൻതന്നെ പുറത്തുപോയി മെർലിൻ മൺറോയുടെ നഗ്നമായ കാലുകൾ നിറഞ്ഞ മനോഹരചിത്രങ്ങൾ കൊണ്ടുവന്നു മുറിയിൽ പതിച്ചു. മകൻ തിരിച്ചുവന്നപ്പോൾ അവനോടു പറഞ്ഞു: 'കാണുമ്പോൾ നല്ല കാലുകൾതന്നെ കാണുക' എന്ന്. പിന്നെ ഈ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾക്കെതിരെ ഫെമിനിസ്റ്റുകൾ ബഹളംവയ്ക്കുന്നത് എന്തുകൊണ്ടാണെന്നോ? നമ്മുടെ ഫെമിനിസ്റ്റുകൾക്കൊന്നും നല്ല കാലുകളില്ല. നല്ല കാലുകളില്ലാത്ത പെൺകുട്ടികളാണ് ഇവിടെ ഫെമിനിസ്റ്റുകളാകുന്നത്. ഇത്രയും പറഞ്ഞ് മാധവിക്കുട്ടി സ്വതസ്സിദ്ധമായ കുസൃതിച്ചിരി മുറിയാകെ നിറച്ചു'.
എറണാകുളത്തെ വീട്ടിൽ കമലാ സുരയ്യയെ കാണാൻ പോയി. പരമകാരുണികനായ ദൈവത്തെ നോക്കുന്നതുപോലെ അത്ഭുതാദരങ്ങളോടെയാണ് അക്കാലത്ത് അവർ സർവ്വ ജീവജാലങ്ങളെയും നോക്കിയിരുന്നത്. അവരുടെ അക്കാലത്തെ ചിത്രങ്ങളിലെ കണ്ണുകളിലേക്കു നോക്കിയാൽ ഇതു മനസ്സിലാകും. ശരീരത്തിനുമേൽ നാടകാന്ത്യത്തിൽ വലിച്ചിട്ട യവനികയ്ക്കിടയിലൂടെ ചുളിവീണ കൈവിരലുകൾ മാത്രം കാണാമായിരുന്നു. പർദ്ദ ശരീരത്തെയല്ല, അവരുടെ വാർദ്ധക്യത്തെയാണ് മറച്ചിരുന്നത് എന്നെനിക്കുതോന്നി. അതായിരുന്നുവോ ഒരുപക്ഷേ, അവർ ആഗ്രഹിച്ചിരുന്നതും? കടലിന്റെ ആഴങ്ങളിലെ ഇരുട്ടിൽ ശരീരം വലിയ കണ്ണുകൾ മാത്രമായി മാറിയ ഒരു മത്സ്യത്തെപ്പോലെ പർദ്ദയിൽ അവർ കാണപ്പെട്ടു'.
പുസ്തകത്തിൽനിന്ന്
'ആൽഫ്രഡ് ഹിച്ച്‌കോക്ക് മരിച്ചപ്പോൾ ശവസംസ്‌കാരശുശ്രൂഷ നടത്തിയത് അമേരിക്കയിലെ ഒരു കത്തോലിക്കാപ്പള്ളിയിലെ സെമിത്തെരിയിലായിരുന്നു. ആശങ്കയുടെയും ഭയത്തിന്റെയും മനഃശാസ്ത്രമറിഞ്ഞ്, ചലച്ചിത്രപ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഹിച്ച്‌കോക്ക് മരിച്ചത് ശാന്തമായിട്ടാണ്. തന്റെ എൺപതാം വയസ്സിൽ, ഉറക്കത്തിൽ. അദ്ദേഹത്തിന്റെ ശവദാഹത്തിനുശേഷം ചിതാഭസ്മം പസഫിക് സമുദ്രത്തിൽ വിതറുകയായിരുന്നു. കടലിൽ ശവം മറവുചെയ്യുന്നതിനെക്കുറിച്ച് സ്വപ്നസന്നിഭമായ ഭാഷയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.
'കടലിൽ ശവം മറവുചെയ്യുംപോലെ ശാന്തമായി മറ്റെന്തുണ്ട്? ലളിതം, ശുദ്ധം. സത്യത്തിൽ മൃതശരീരത്തെ നാം സംസ്‌കരിക്കുന്നുപോലുമില്ല'.
ഏതൊരു ഹിച്ച്‌കോക്ക് സിനിമയുടെ അപസർപ്പകലാവണ്യത്തെയും തൃണസമാനമാക്കുന്നവിധം ജീവിച്ച ഒസാമ ബിൻ ലാദൻ മരിച്ചത് ഹിച്ച്‌കോക്ക് മരിച്ചതുപോലെ ശാന്തമായി രാത്രിയിൽ ഉറങ്ങുമ്പോഴായിരുന്നില്ലല്ലോ. രാത്രിയിൽ ഒന്നരയ്ക്കു വെടിയേറ്റു മരിക്കുകയായിരുന്നു. എന്നാൽ, ഹിച്ച്‌കോക്ക് ആഗ്രഹിച്ച ശവമറ അനുവദിക്കപ്പെട്ടത് ബിൻ ലാദൻ എന്ന അശാന്തജന്മത്തിനും. സത്യത്തിൽ അദ്ദേഹത്തിന്റെ ജന്മം അശാന്തമായിരുന്നോ? ആ മുഖവും കണ്ണുകളും എപ്പോഴും പ്രശാന്തമായിരുന്നു. മുഖലക്ഷണംകൊണ്ട് ജന്മലക്ഷണം പറയാമെങ്കിൽ ബിൻ ലാദൻ ശാന്തസമുദ്രം മനസ്സിൽ കൊണ്ടുനടന്നു എന്നുവേണം കരുതാൻ. കപ്പൽച്ചേതങ്ങളും കാണാച്ചുഴലികളും നാവികർക്കു സമ്മാനിച്ച ഒരു ശാന്തസമുദ്രം.
ഒസാമ ബിൻ ലാദന്റെ മൃതദേഹം മുകളിലും താഴെയും സുഷിരങ്ങളിട്ട ഒരു ഇരുമ്പുപേടകത്തിൽ വച്ചു. അതിനുമുൻപ് ഇസ്ലാമിക മുറപ്രകാരമുള്ള ശവോപചാരങ്ങൾ നടത്തിയെന്നാണ് മൃതദേഹം കൈവശമുണ്ടായിരുന്നവർ പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴക്കടലിൽ പെട്ടെന്നു മീൻ കൊത്തിവലിക്കാത്ത ആഴങ്ങളിലേക്ക് ആ ശവശരീരം ആഴ്ന്നിറങ്ങി. ഇതാരുടെ മൃതദേഹം എന്നറിയേണ്ട ആവശ്യമില്ലാത്ത ആഴമത്സ്യങ്ങൾ എപ്പോഴോ ബിൻ ലാദന്റെ ഭൗതികശരീരത്തെ തിന്നിട്ടുണ്ടാകണം. കടലിലെ വൻസ്രാവുകളുടെ ദഹനേന്ദ്രിയങ്ങൾ അസ്ഥിയും സംസ്‌കരിക്കും. ബിൻ ലാദന്റെ അസ്ഥികൾക്ക് 54 വയസ്സിന്റെ മൂപ്പുണ്ടായിരുന്നു.
എനിക്കുറപ്പാണ് ബിൻ ലാദൻ ചിരിച്ചുകൊണ്ടായിരിക്കും വെടിയുണ്ട ഏറ്റുവാങ്ങിയിരിക്കുക. അദ്ദേഹം പരിശീലിപ്പിച്ച ജിഹാദികൾ അങ്ങനെയാണ് ചെയ്തിരുന്നത്. ഉപദേശിക്കുന്നതുപോലെ ജീവിച്ച അദ്ധ്യാപകനായിരുന്നെങ്കിൽ അദ്ദേഹം വെടിയുണ്ടയെ സ്വർഗ്ഗവാതിലിന്റെ സ്വർണ്ണത്താക്കോലായി കരുതിയിരിക്കണം. ഇനി അങ്ങനെയല്ല എന്നു വന്നാൽ സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ പറയുന്നതുപോലെ ഭാര്യയെ മുൻനിർത്തി ഒളിക്കാൻ ശ്രമിച്ചു എന്നു വിശ്വസിക്കണം. ആർക്കറിയാം? ഒരുപക്ഷേ, ഭാര്യ സ്വമേധയാ മുൻനിന്നതുമാകാം.
ബിൻ ലാദന്റെ ഒരു സുപ്രധാന ശിഷ്യനായിരുന്നു മുഹമ്മദ് അറ്റയുടെ ശവദാഹം നടന്നത് കരയിലോ കടലിലോ അല്ല. പഞ്ചഭൂതങ്ങളിലെ മൂന്നാമങ്കമായ ആകാശത്തുവച്ചായിരുന്നു. നരകാഗ്നിക്കു തുല്യമായ വ്യോമയാന വാതകാഗ്നിയിൽ സ്വയം ദഹിച്ച് അയാൾ സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുകയായിരുന്നു. 2001-ലെ സെപ്റ്റംബർ പതിനൊന്നാം തീയതി ലോകവാണിജ്യകേന്ദ്രത്തിൽ രണ്ട് അംബരചുംബികളിലെ വടക്കേ നിലയിലേക്ക് വിമാനം ഇടിച്ചിറക്കിയ പൈലറ്റായിരുന്നു മുഹമ്മദ് അറ്റ. മരണശേഷം വിമാനത്താവളത്തിൽ കണ്ടുകിട്ടിയ ബാഗിൽ അറ്റയുടെ കൈപ്പടയിൽ ഇങ്ങനെയൊരു കുറിപ്പു കണ്ടു:
പരിപൂർണ്ണമായ വിശ്രാന്തി നിങ്ങൾ അപ്പോൾ അനുഭവിക്കും. കാരണം, സ്വർഗ്ഗത്തിൽ ഒരുങ്ങുന്ന എന്റെ വിവാഹത്തിനും എനിക്കും ഇടയിലുള്ള സമയം തുലോം ചെറുതായിരിക്കുന്നു. പുറപ്പെടുന്നതിനു മുൻപ് നിങ്ങളുടെ ആയുധങ്ങൾ നന്നായി പരിശോധിക്കണം. കത്തിക്കു നല്ല മൂർച്ചയുണ്ടായിരിക്കണം. കൊലപ്പെടുന്ന മൃഗത്തിന് മൂർച്ചയില്ലാത്ത ആയുധംവഴി ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാകാൻ പാടില്ല'.
മനുഷ്യനുമായുള്ള ഉടമ്പടികൾ
എസ്. ഗോപാലകൃഷ്ണൻ
ഡി.സി. ബുക്‌സ്
2016, വില : 180 രൂപ