ജിദ്ദ: രാജ്യത്ത് നടന്നുവരുന്ന നിമയലംഘകരെ കണ്ടെത്താനുള്ള പരിശോധന ജിദ്ദയിൽ വ്യാപമാക്കി. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാത്ത അധികൃതർ അലഗയിലെ പഴം- പച്ചക്കറി മാർക്കറ്റിൽ നടത്തിയ വ്യാപക പരിശോധനയിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ അറസ്റ്റിലായതായാണ് സൂചന.

മലയാളികൾ കൂടുതലുള്ള ശറഫിയ, അലഗ, റുവൈസ്, ബലദ്, റഹേലി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി പരിശോധന നടത്തിവരികയാണ്.വാഹനങ്ങളിലെത്തി മാർക്കറ്റ് വളഞ്ഞ് തൊഴിൽ മന്ത്രാലയത്തിലെയും സുരക്ഷാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. മാർക്കറ്റിലേക്ക് പച്ചക്കറികളും മറ്റും എത്തിക്കുന്നതിനും പുറത്തേക്ക് കൊണ്ടുപോവുന്നതിനുമായി എത്തിയവരാണ് പിടിയിലായവരിൽ അധികവും.

പച്ചക്കറി മാർക്കറ്റിൽ സ്വദേശിവൽക്കരണം നടപ്പാക്കിയതിനാൽ വിദേശികൾ വ്യാപാരത്തിൽ ഏർപ്പെടുന്നതിന് കർശന നിയന്ത്രണമുണ്ട്. കഴിഞ്ഞ ഓക്ടോബർ-നവംബർ മാസങ്ങളിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി മാർക്കറ്റിൽ കനത്ത പരിശോധന നടത്തിയിരുന്നു. ജിദ്ദ പച്ചക്കറി മാർക്കറ്റിൽ നിന്നും പച്ചക്കറി മൊത്തമായി വാങ്ങുന്നതിന് വിദേശികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശികൾ മൂന്ന് പെട്ടികളിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും വാങ്ങാൻ പാടില്ലെന്നാണ് നിബന്ധന. നേരത്തെ തന്നെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കർശനമാക്കുകയാണുണ്ടായത്. സൗദിയിലെ വിവിധ മേഖലകളിലെ മാർക്കറ്റുകളിൽ നിന്നും മൊത്തത്തിൽ പച്ചക്കറി വാങ്ങുന്നതിന് വിദേശികൾക്ക് വിലക്കുണ്ട്.

പച്ചക്കറി മാർക്കറ്റിലെ എല്ലാ സ്റ്റാളുകളിലും നിർബന്ധമായും സ്വദേശികളുണ്ടായിരിക്കണമെന്നും തൊഴിലാളികൾ യൂനിഫോം ധരിച്ചിരിക്കണമെന്നും മാർക്കറ്റിന്റെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളിൽ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ജിദ്ദ ഗവർണറേറ്റിനു കീഴിലെ സ്വദേശിവൽക്കരണ സമിതി നിർദ്ദേശിച്ചിരുന്നു. കൂടുതൽ പച്ചക്കറികൾ ആവശ്യമുള്ള ഹോട്ടലുകളിലേക്കും ഹൈപ്പർ, സൂപ്പർമാർക്കറ്റ് പോലുള്ള സ്ഥാപനങ്ങളിലേക്കും സാധനങ്ങൾ വാങ്ങുന്നതിന് സ്ഥാപനങ്ങളുടെ സ്വദേശി പ്രതിനിധിക്ക് (മൻദൂബ്) മാത്രമാണ് അനുമതിയുള്ളത്.

ശറഫിയയിലെ ഷോപ്പുകളിലും തെരുവുകളിലും കഴിഞ്ഞ ദിവസങ്ങളിൽ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരും പൊലീസിലെ പരിശോധനാ സ്‌ക്വാഡ് അംഗങ്ങളും പരിശോധന നടത്തി. കടകളിൽ ജോലി ചെയ്യുന്നവരുടെയും അങ്ങാടിയിൽ എത്തിയവരുടെയും ഇഖാമകൾ പരിശോധിച്ചു. ഇഖാമ കാലാവധി കഴിഞ്ഞവരും ഇഖാമ കൈവശം വയ്ക്കാൻ മറന്നവരും അറസ്റ്റിലായിട്ടുണ്ട്.

പ്രധാന പാതകളിൽ പൊലീസ് പട്രോളിങ് വിഭാഗം വാഹനങ്ങൾ പാർക്ക് ചെയ്തും പരിശോധന നടത്തുന്നുണ്ട്. ഇഖാമ മാത്രമാണ് ഇവർ പരിശോധിക്കുന്നത്. മദീന റോഡിലും റഹേലിയിലും ഇന്നലെ പരിശോധന നടന്നു. ബലദ്, റുവൈസ് ഭാഗങ്ങളിലും സ്ഥിരമായി പരിശോധന നടക്കുന്നുണ്ട്‌.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ