നിലമ്പൂർ: നിലമ്പൂർ വനമേഖലയിൽ മാവോവാദികൾക്ക് നേരേയുണ്ടായ വെടിവെപ്പ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമെന്ന് സൂചന. ഒരുമാസം മുൻപ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നതായാണ് അറിയുന്നത്. മാവോവാദികളെ ശക്തമായി നേരിടാനായിരുന്നു നിർദ്ദേശം. മോദി സർക്കാരിന്റെ ആവശ്യം കേരളം അംഗീകരിച്ചു. മവോവാദികൾക്കെതിരെ കടുത്ത നിലപാട് എടുക്കാന് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കുകയും ചെയ്തു.

കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് നക്‌സൽവിരുദ്ധസേന കഴിഞ്ഞ ഒരുമാസമായി നിലമ്പൂർ കാടുകളിൽ അതീവരഹസ്യമായി നിരീക്ഷണം നടത്തിവരികയായിരുന്നു. നിരീക്ഷണത്തിനിടയിൽ മുതിർന്ന മാവോവാദി നേതാക്കളായ വിക്രംഗൗഡ, കുപ്പു ദേവരാജ് എന്നിവരുടെ സാന്നിധ്യം നിലമ്പൂർ വനമേഖലയിലുള്ളതായി സേനയ്ക്ക് വിവരം ലഭിച്ചിരുന്നതായും സൂചനയുണ്ട്. കേരളതമിഴ്‌നാട് വനാതിർത്തി പ്രദേശമായ ഒണക്കപ്പാറ കണ്ടംതരിശ് മേഖലയിൽ മാവോവാദികൾ സ്ഥിരം ക്യാമ്പ് ആരംഭിച്ചതായുള്ള സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. ദിവസങ്ങൾനീണ്ട പരിശോധനകളും നക്‌സൽവിരുദ്ധസേന ഇവിടെ നടത്തിയിരുന്നു.

ഇതിനിടെ ഇരുനൂറംഗ തണ്ടർബോൾട്ട് സേന കരുളായി വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മാവോവാദികളെ കണ്ടെത്താനാകാതെ മടങ്ങിയിട്ടുമുണ്ട്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ജനവികാരം ഭ്‌യന്ന് കടുത്ത നടപടി യുഡിഎഫ് സർക്കാർ ഒഴിവാക്കുകയായിരുന്നു. എന്നാൽ പിണറായി എത്തിയതോടെ കാര്യങ്ങൾ മാറി. മാവോയിസ്റ്റുകളെ കർശനമായി നേരിടാൻ തീരുമാനിച്ചു. ഇതോടെ വിണ്ടു തണ്ടർ ബോൾട്ട് വീണ്ടും കാടു കയറി. അങ്ങനെയാണ് രണ്ട് പേരെ കൊന്നത്.

മലയാളിയായതിനാൽ ജനവികാരം എതിരാകുമെന്ന് മുൻകൂട്ടിക്കണ്ട് വയനാട് കൽപ്പറ്റ സ്വദേശിയായ മാവോവാദി നേതാവ് സോമനെ വെടിവെക്കരുതെന്ന നിർദേശവുമുണ്ടായിരുന്നതായി പറയപ്പെടുന്നു. നിലമ്പൂർ മേഖലയിലെ ക്യാമ്പിനെ കുറിച്ചും കേരളാ പൊലീസിന് കേന്ദ്ര വ്യക്തമായ സൂചന നേരത്തെ കൊടുത്തിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. ഇതോടെ മാവോ വാദികൾക്കെതിരെ ശക്തമായ നീങ്ങൾ ഉണ്ടായില്ല. ഇതിന്റെ ഫലമായി കേന്ദ്രം അതിശക്തമായ നിലപാട് എടുത്തു. പൊലീസിനുള്ള കേന്ദ്ര ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയും സജീവമായി.

ഇതുകൊണ്ട് കൂടിയാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പിണറായി സർക്കാർ പാലിക്കുന്നക്കുന്നത്. ഇതിലൂടെ ശതകോടികൾ ഗ്രാന്റായി ലഭിക്കും. ഇനിയും മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരും.