മാനന്തവാടി: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പടിഞ്ഞാറേത്തറയിലെ വാളരം കുന്നിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു മാവോയിസ്റ്റ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മറ്റുള്ളവർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തണ്ടർബോൾട്ട് സംഘവുമായാണ് ഏറ്റുമുട്ടൽ. അതേസമയം വെടിവെപ്പിന് പ്രകോപനം അടക്കമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. മൂന്ന് പേരാണ് മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധട്ടൊണോ ഏറ്റുമുട്ടൽ എന്നതിൽ വ്യക്തതയില്ല.

മൂന്ന് മാവോയിസ്റ്റുകൾ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ നിന്നും ലഘുലേഖയും തോക്കും കണ്ടെത്തി. മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സംഘത്തെ ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തിരിച്ചു വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നച്. 303 റൈഫിളെന്നും പൊലീസ് വ്യക്തമാക്കി. മരിച്ചത് 35 വയസ് പ്രായം തോന്നിക്കുന്ന ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.