- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാണാസുര വനത്തിൽ പൊലീസ് വെടിയേറ്റ് മരിച്ചത് തമിഴ്‌നാട് തേനി വേൽമുരുകൻ എന്ന 33 കാരൻ; ചുമതല ആദിവാസികളെ മാവോയിസ്റ്റ് സംഘത്തിൽ ചേർക്കലും ആയുധ പരിശീലനം നൽകലും; ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും പൊലീസ്
കൽപ്പറ്റ: വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗർ കോളനി സ്വദേശിയായ വേൽമുരുകൻ (33) ആദിവാസികളെ റിക്രൂട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ട നേതാവെന്ന് പൊലീസ്. സർക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാൻ പ്രേരിപ്പിക്കുകയും ഇവർക്ക് ആയുധ പരിശീലനം നൽകുകയും സംഘത്തിലേക്കു കൂടുതൽപേരെ ചേർക്കുകയുമാണ് ഇയാളുടെ പ്രധാന ചുമതലകളെന്നു പൊലീസ് പറയുന്നു.
വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഇയാളുടെ ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ നിലവിലുണ്ട്. വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാവിലെയാണു പൊലീസ് സംഘത്തിനുനേരെ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണമുണ്ടായത്. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു വേൽമുരുകൻ മരിച്ചത്.
മാനന്തവാടി എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം കോമ്പിങ് നടത്തിവരവേ രാവിലെ 9.15ഓടെയാണു മീന്മുട്ടി ഭാഗത്ത് വനത്തിനുള്ളിൽ ഒരുസംഘം ആൾക്കാർ വെടിവച്ചത്. ആയുധധാരികളായ അഞ്ചിലധികം പേരുള്ളതായിരുന്നു സംഘം. ഏറ്റുമുട്ടൽ അൽപസമയം നീണ്ടു. തുടർന്നു സംഘത്തിലെ ആളുകൾ ഓടിപ്പോയി. പൊലീസ് സംഘം സ്ഥലത്തെത്തി നോക്കിയപ്പോഴാണു യൂണിഫോം ധരിച്ച ഒരാൾ മരിച്ചു കിടക്കുന്നതു കണ്ടത്.ഇയാളുടെ കൈവശം 0.303 റൈഫിൾ ഉണ്ടായിരുന്നു. അക്രമികൾ സമീപത്തില്ല എന്നുറപ്പാക്കിയശേഷം മൊബൈൽ റേഞ്ച് കിട്ടുന്ന ഭാഗത്തേക്കുമാറി പൊലീസുകാർ വിവരം സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. രണ്ടുമാസമായി ഒരു സംഘം മാവോയിസ്റ്റുകൾ പടിഞ്ഞാറത്തറ, തൊണ്ടർനാട്, ബാണാസുരസാഗർ പ്രദേശത്ത് പ്രത്യക്ഷപ്പെടുന്നതായി ആദിവാസികൾ അറിയിച്ചിരുന്നു. തണ്ടർബോൾട്ട് സംഘം ഇവിടെ നിരന്തരം നിരീക്ഷിക്കുകയും പ്രദേശത്തു വനം, പൊലീസ് സേനകൾ സംയുക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ