- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോയിൽ കണ്ടത് മാവോയിസ്റ്റ് രൂപേഷ് തന്നെയാണോ? എത്തും പിടിയുമില്ലാതെ പൊലീസ്; വീഡിയോ മാതൃഭൂമി ന്യൂസിന്റെ ബോക്‌സിൽ എത്തിയതിനെക്കുറിച്ച് അന്വേഷണം; മാദ്ധ്യമപ്രവർത്തകരെയും ചോദ്യം ചെയ്തേക്കും
കൊച്ചി: തണ്ടർബോൾട്ട് കാടിളക്കി പരിശോധിച്ചിട്ടും കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് തെളിയാക്കാൻ തക്കവണ്ണമുള്ള ശക്തമായ തെളിവുകൾ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ചാനലുകളിലൂടെ പുറത്തുവന്നത്. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോയിൽ സൈനിക വേഷം ധരിച്ച് തോ
കൊച്ചി: തണ്ടർബോൾട്ട് കാടിളക്കി പരിശോധിച്ചിട്ടും കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് തെളിയാക്കാൻ തക്കവണ്ണമുള്ള ശക്തമായ തെളിവുകൾ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ചാനലുകളിലൂടെ പുറത്തുവന്നത്. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോയിൽ സൈനിക വേഷം ധരിച്ച് തോക്കുമേന്തിയ ആളാണ് സംസാരിച്ചത്. വീഡിയോയെ സംബന്ധിച്ച് അന്ന് തന്നെ പൊലീസ് അന്വേഷണവും എൻ.ഐ.എ അന്വേഷണവും ആരംഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല.
കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും ചോദ്യം ചെയ്യാനോ മൊഴി രേഖപ്പെടുത്താനോ പൊലീസ് സംഘത്തിന് ഇതുവരെയായിട്ടില്ല. കഴിഞ്ഞ ആഴ്‌ച്ചയാണ് മാദ്ധ്യമങ്ങളിലൂടെ രൂപേഷിന്റേതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കോഴിക്കോട് പ്രസ് ക്ലബിലെ മാതൃഭൂമി ന്യൂസിന്റെ ബോക്‌സിൽ ആരോ കൊണ്ട് വന്നുവച്ചതാണ് ദൃശ്യങ്ങൾ അടങ്ങിയ ടേപ്പെന്നാണ് വിശദീകരണം. ഇത് മുഖവിലക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ദൃശ്യങ്ങളിൽ കാണുന്ന വനമേഖല നിലമ്പൂരോ, വയനാടോ ആണെന്ന് പറയുമ്പോഴും അതിനും വ്യക്തമായ സ്ഥിരീകരണം പൊലീസിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.
ആദ്യഘട്ടത്തിൽ മാദ്ധ്യമ പ്രവർത്തകർ ആരെങ്കിലും അഭിമുഖം നടത്തിയതാണോ ദൃശ്യമെന്ന സംശയം പൊലീസിനുണ്ടായിരുന്നുവെങ്കിലും തൽക്കാലം അത്തരമൊരു അന്വേഷണം വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാൽ മൊഴി രേഖപ്പെടുത്തുകയെന്ന പേരിൽ ദൃശ്യങ്ങൾ ലഭിച്ച മാദ്ധ്യമ പ്രവർത്തകരെ ചോദ്യം ചെയ്യാനും പൊലീസിന് പദ്ധതിയുണ്ട്. പ്രസ് ക്ലബിലെ ബോക്‌സിൽ വെറുതേയല്ല വീഡിയോ എത്തിയതെന്നാണ് നിരീക്ഷണം. അതുകൊണ്ടാണ് മാദ്ധ്യമപ്രപ്രവർത്തകരെ ചോദ്യം ചെയ്യാൻ പൊലീസ് പദ്ധതിയിടുന്നത്.
ദൃശ്യത്തിൽ ഉള്ളത് രൂപേഷ് തന്നെയാണോ എന്നതാണ് പൊലീസിന്റെ മറ്റൊരു സംശയം. അതിനായി ശാസ്ത്രീയ പരിശോധന നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് വിശദീകരണം. എന്തായാലും പട്ടാളവേഷത്തിൽ തോക്കുമേന്തി രൂപേഷിന്റെ ദൃശ്യം പുറത്ത് വന്നത് തങ്ങൾ അതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് തണ്ടർ ബോൾട്ടിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ കേരളം മാവോയിസ്റ്റുകൾക്ക് അത്ര വളക്കൂറുള്ള മണ്ണാണെന്ന് പൊലീസും കരുതുന്നില്ല.
പശ്ചിമഘട്ടത്തിലെ കേവലമൊരു ഒളിതാവാളമായി മാത്രമാണ് മാവോയിസ്റ്റുകൾ നമ്മുടെ സംസ്ഥാനത്തെ കാണുന്നതെന്നാണ് പൊലീസ് നിഗമനം. എന്നാൽ രാജ്യത്തെ പ്രമുഖ മാവോയിസ്റ്റു നേതാക്കൾ പശ്ചിമഘട്ട സോണൽ കമ്മിറ്റിക്ക് കീഴിൽ ഉള്ള താവളങ്ങളിലേക്ക് എത്താറുണ്ടെന്നും പൊലീസ് പറയുന്നു. സ്ഥിരമായി ഇവിടെ എട്ടംഗ സംഘമാണ് പ്രവർത്തിക്കുന്നതെന്നും ഇവർ കലാപം നടത്താൻ പദ്ധതിയുള്ളവരല്ലെന്നുമാണ് പൊലീസ് ഭാഷ്യം.
തങ്ങളെ ആരും ശ്രദ്ധിക്കാതെ വന്നതോടെയാണ് ഇത്തരമൊരു ടേപ്പ് പുറത്ത് വിട്ടതെന്നും അന്വേഷണസംഘം കരുതുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം തന്നെ പൊലീസ് ആഭ്യന്തരമന്ത്രിക്ക് കൈമാറും. മാവോയിസ്റ്റ് അന്വേഷണ സംഘത്തിലേക്ക് പുതിയ പൊലീസുകാരെ ഉൾപ്പെടെ റിക്രൂട്ട് ചെയ്യണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലാണ്.
ചാണകപ്പച്ച നിറത്തിലുള്ള സൈനിക യൂണിഫോമണിഞ്ഞ് കയ്യിൽ യന്ത്രത്തോക്കും പിടിച്ച് രൂപേഷ് സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ചുവന്ന നക്ഷത്രം വച്ച തൊപ്പിയും ധരിച്ചിട്ടുണ്ട്. ജനകീയ പിന്തുണയോടെ സായുധ വിപ്ലവം നടപ്പാക്കും എന്ന് രൂപേഷ് പറയുന്നു. കേരള സർക്കാർ സമൂഹത്തെ സൈനികവൽക്കരിക്കുകയാണ്. ജനമൈത്രി പൊലീസ് ജനങ്ങളെ നിരീക്ഷിക്കാനാണ്. കേരളത്തിലെ എല്ലാ പാർട്ടികളും ആദിവാസികളെയും അടിസ്ഥാന ജനവിഭാഗത്തെയും വഞ്ചിച്ചുവെന്നും രൂപേഷ് കുറ്റപ്പെടുത്തുന്നു. മാവോയിസ്റ്റുകൾക്കെതിരെ സാൽവാ ജുദൂം നടപ്പിലാക്കാനാണ് കേരളത്തിൽ ഹോംഗാർഡുകളെ നിയമിച്ചതെന്നും രൂപേഷ് ആരോപിക്കുന്നു. എല്ലാ തരത്തിലുള്ള ജനാധിപത്യ സമരങ്ങളും നിഷേധിക്കപ്പെടുന്നതുകൊണ്ടാണ് സായുധ വിപ്ലവത്തിന് ഒരുങ്ങുന്നത് എന്നാണ് രൂപേഷിന്റെ പക്ഷം.