- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടാട്ടുപാറയിൽ രൂപേഷിന്റെ മകളുടെ നേതൃത്വത്തിൽ രഹസ്യയോഗം? ആമിയ്ക്കൊപ്പം എസ് എൽ എഫ് എന്ന സംഘടനയുടെ ലേബലിൽ ഒരുമിച്ചത് 50പേരെന്ന് രഹസ്യാന്വേഷണ വിഭാഗം; സൗകര്യമൊരുക്കിയ നാല് പേരെ നിരീക്ഷിച്ച് പൊലീസ്
കോതമംഗലം: മാവോയിസ്റ്റ് അനുകൂലികളുമായി ബന്ധമുണ്ടെന്നുള്ള സംശയത്തെത്തുടർന്ന് വടാട്ടുപാറ സ്വദേശികളായ 4 യുവാക്കൾ പൊലീസ് നിരീക്ഷണത്തിൽ. ഇവരിൽ ഒരാൾ സ്വകാര്യബസ്സ് ജീവനക്കാരനും മറ്റൊരാൾ വൈദ്യുതി വകുപ്പിന്റെ ചില്ലറ കരാർജോലികൾ ഏറ്റെടുത്തു നടത്തുന്നയാളും മറ്റു രണ്ടുപേർ വിവിധ ജോലികൾ ചെയ്ത് ജീവിച്ചുപോരുന്ന സാധാരണക്കാരുമാണ്. അടുത്തിടെ
കോതമംഗലം: മാവോയിസ്റ്റ് അനുകൂലികളുമായി ബന്ധമുണ്ടെന്നുള്ള സംശയത്തെത്തുടർന്ന് വടാട്ടുപാറ സ്വദേശികളായ 4 യുവാക്കൾ പൊലീസ് നിരീക്ഷണത്തിൽ. ഇവരിൽ ഒരാൾ സ്വകാര്യബസ്സ് ജീവനക്കാരനും മറ്റൊരാൾ വൈദ്യുതി വകുപ്പിന്റെ ചില്ലറ കരാർജോലികൾ ഏറ്റെടുത്തു നടത്തുന്നയാളും മറ്റു രണ്ടുപേർ വിവിധ ജോലികൾ ചെയ്ത് ജീവിച്ചുപോരുന്ന സാധാരണക്കാരുമാണ്.
അടുത്തിടെ ഇവിടെ നടന്ന മാവോയിസ്റ്റ് അനുകൂലികളുടെ കൺവെൻഷനു വേണ്ട മുന്നൊരുക്കൾ നടത്തിയത് ഇവരായിരുന്നെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പൊലീസ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലുമെല്ലാം ഇപ്പോൾ നിരന്തരം പൊലീസിന്റെ ചാരക്കണ്ണുകളെത്തുന്നുണ്ട്. കൺവെൻഷനെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ളത് ശരിയായ വിവരങ്ങൾ അല്ലെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇവരെ കേന്ദ്രീകരിച്ചു നടന്നുവരുന്ന അന്വേഷണത്തിലൂടെ കൺവെൻഷന്റെ യഥാർത്ഥ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വെളിച്ചത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് ഇക്കൂട്ടരുടെ കണക്കുകൂട്ടൽ .
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് എസ് എൽ എഫ് എന്ന സംഘടനയുടെ ലേബലിൽ 50-ളം പേർ വടാട്ടുപാറയിൽ സംഗമിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന ഇവരുടെ ക്യാമ്പ് നിരീക്ഷിച്ചിരുന്നെങ്കിലും എന്തിനാണ് ഇവിടെ ഇത്തരത്തിലൊരു കൺവെൻഷൻ നടത്തിയതെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. കൊച്ചി നീറ്റ ജലാറ്റിൻ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത ജയ്‌സൺ കൂപ്പർ, അഡ്വ: നിർമ്മൽ തുഷാർ ഭാരതി എന്നിവരും ജയിലിൽക്കഴിയുന്ന നക്‌സലൈറ്റ് നേതാവ് രൂപേഷിന്റെ മക്കളായ ആമി , സവേര എന്നിവരും ഇവിടുത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി പബ്‌ളിക്ക് ലൈബ്രറിക്കടുത്തുള്ള കെട്ടിടത്തിലും ഇവർ സംഘടിച്ചിരുന്നു. രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട ജെ എൻ യു വിവാദവും പിന്നോക്ക ദളിത് വിഭാഗങ്ങൾക്കെതിരെ നടന്നുവരുന്ന അടിച്ചമർത്തലുമായിരുന്നു സംഗമത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
മാവോയിസ്റ്റ് ആശയങ്ങൾ സമൂഹം ചർച്ചചെയ്യപ്പെടേണ്ടതാണെന്നും ഇടതുപക്ഷ നിലപാടുകളോടാണ് കൂടുതൽ ആഭിമുഖ്യമെന്നുമാണ് എസ് എൽ എഫ് ഭാരവാഹികളുടെ വെളിപ്പെടുത്തൽ. നയരേഖ രൂപീകരണത്തോടെയാണ് വടാട്ടുപാറയിലെ കൺവെൻഷൻ സമാപിച്ചത്. രാജ്യത്ത അതിരുകടന്ന സൈനികവൽരണവും അടിച്ചമർത്തലും ചെറുത്തുതോൽപ്പിക്കുക എന്നതാണ് ഭാവിപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള നയരേഖയിലെ പ്രധാന പരാമർശമെന്ന് സംഘടനാ നേതാക്കളായ അജിതൻ സി എ, കെ കെ മണി, അഡ്വ: നിർമ്മൽ തുഷാർ ഭാരതി എന്നിവർ വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾ സമൂഹം ചർച്ചചെയ്യപ്പെടേണ്ടതാണെന്ന പൊതുനിലപാടാണ് ഈ കൂട്ടായ്മക്കുള്ളതെന്നും നക്‌സലുകളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെ പൊലീസ് ജനങ്ങളിൽ നിന്നകറ്റാൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു.
യു പി എ, എൻ എസ് എ ഭീകരനിയമം പിൻവലിക്കുക , രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ആദിവാസി മേഖലകളിൽ നിന്നും തണ്ടർബോൾട്ടിനെ പിൻവലിക്കുക, മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക, സവർണ്ണ ഫാസിസത്തെ ചെറുക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങളിലൂന്നിയാണ് നരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭ -കർമ്മ പരിപാടികളെ സംബന്ധിച്ച് നയരേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സമ്മേളന പ്രതിനിധികൾ നടത്തിയ ഗ്രൂപ്പ് ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നയരേഖ തയ്യാറാക്കിയതെന്നും ഇവർ തുടർന്നു പറഞ്ഞു. വടാട്ടുപാറയിലെ കുട്ടംപുഴ പഞ്ചായത്ത് മിനി സ്റ്റേഡിയം ഹാളിൽ സംഘടിപ്പിച്ചിരുന്ന യോഗത്തിൽ പൊലീസ് ഒഴികെ മറ്റാർക്കും സംഘാടകർ പ്രവേശനം അനുവദിച്ചിരുന്നില്ല. കനത്ത പൊലീസ് നിരീക്ഷണത്തിലാണ് യോഗം നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 സ്ത്രീകളുൾപ്പെടെ 50-തോളം പേർ പങ്കെടുത്ത കൺവെൻഷൻ പോരാട്ടം ചെയർമാൻ എം എൻ രാവുണ്ണിയാണ് ഉദ്ഘാടനം ചെയ്തത്.
ആഭ്യന്തരവകുപ്പിന്റെ നിരീക്ഷണത്തിലുള്ള ഈ സംഘടനയുടെ പ്രമുഖ പ്രവർത്തകരും നേതാക്കളുമാണ് ഇവിടുത്തെ യോഗത്തിൽ പങ്കെടുത്തത്. പോരാട്ടം, ഞാറ്റുവേല, തിരുക്കുറൽ തുടങ്ങി പന്ത്രണ്ടോളം സംഘടനകളുടെ കൂട്ടായ്മയാണ് സോഷ്യലിസ്റ്റ് ലിബറേഷൻ ഫ്രണ്ടെന്നും പ്രഖ്യാപിത ആശയങ്ങളിൽ നിന്നും വ്യതിചലിക്കാതെയാണ് ഓരോ സംഘടനയും ഈ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്കുള്ള പണം സാധാരണക്കാരിൽ നിന്നും പിരിച്ചെടുക്കുന്നതാണെന്നും ബ്ലേഡുകാരുടെയും ക്വാറി മാഫിയകളുടെയും മണ്ണ്-മണൽ മാഫിയകളുടെയും പക്കൽ നിന്നും സംഭാവന സ്വീകരിക്കാറില്ലന്നും ഇവർ .വ്യക്തമാക്കി.
രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ വൻ പൊലീസ് സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്. യോഗത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടണ്ട്. മഫ്തിയിലും അല്ലാതെയുമായി യോഗം നടന്ന ദിവസങ്ങളിൽ വടാട്ടുപാറയിലും സമീപപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
സംഘടനാ പ്രവർത്തകർ അതീവ രഹസ്യമായിട്ടാണ് യോഗം സംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിയിരുന്നത്. വിശ്വസ്തർക്കുമാത്രമാണ് യോഗത്തെ സംബന്ധിക്കുന്ന ലഘുലേഖകളും അറിയിപ്പുകളും മറ്റും കൈമാറിയിരുന്നത്. സ്റ്റേറ്റ് ലിബറേഷൻ ഫ്രണ്ടിന്റെ.(എസ് എൽ എഫ് )മുതിർന്ന ഭാരവാഹികളായ കെ കെ മണി, അജിതൻ സിഎ , അഡ്വ: നിർമ്മൽ തുഷാർ ഭാരതി തുടങ്ങിയവരായിരുന്നു യോഗം സംഘടിപ്പിച്ചതിന്റെ മുഖ്യചുമതലക്കാർ . പോരാട്ടം, അയ്യങ്കാളിപ്പട, ഞാറ്റുവേല, തിരുക്കുറൽ തുടങ്ങി മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവമുള്ള സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും സമാന ചിന്താഗതിക്കാരും ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകിയിട്ടുള്ളതെന്നാണ് പൊലീസ് നൽകുന്ന വിവരം.