മേപ്പാടി: മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് വനാതിർത്തിയിൽ നിന്നും മൂന്ന് ദിവസമായി റിസോർട്ട് മാനേജരെ കാണാതായ സംഭവത്തിൽ അവ്യക്തത തുടരുന്നു. മവോയിസ്റ്റ് തട്ടിക്കൊണ്ടു പോയതാണെന്ന അഭ്യൂഹങ്ങളും ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നെങ്കിലും സംഭവത്തിനു പിന്നിൽ മാവോയിസ്റ്റല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റിസോർട്ട് മാനേജറുടെ  തിരോധാനത്തിനു പിന്നിൽ എന്താണെന്ന് ഇപ്പോഴും പൊലീസിനു വ്യക്തമായിട്ടില്ല. റിപ്പൺ വാളത്തൂരിൽ നിലമ്പൂർ-വയനാട് വനാതിർത്തിയോട് ചേർന്ന, മൈ ഗാർഡൻ ഓഫ് ഏദൻ റിസോർട്ടിലെ മാനേജർ ഈങ്ങാപ്പുഴ കൈതപ്പൊയിൽ സ്വദേശി ലിജീഷ് എം ജോസ്(35)നെയാണ് കാണാതായത്. റിസോർട്ട് മാനേജരുടെ തിരോധാനത്തിനു പിന്നിൽ മാവോയിസ്റ്റാണെന്ന അഭ്യൂഹങ്ങൾ പരന്നതോടയാണ് പൊലീസും തണ്ടർബോൾട്ടും അന്വേഷണം ശക്തമാക്കിയത്. 

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ലിജീഷിനെ കാണാതാവുന്നത്. തുടർന്ന് റിസോർട്ടിലെ പണിക്കാരനായ പോളിനെ ഫോണിൽ വിളിച്ച് തന്നെ കാക്കി ധരിച്ച എട്ടംഗ സംഘം ബലമായി കൊണ്ടു പോകുകയായിരുന്നെന്നും ഹിന്ദിയിലും തെലുങ്കിലും സംസാരിക്കുന്ന കാക്കി വസ്ത്രധാരികൾ ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുപോയതെന്നും പോളിനോടു പറഞ്ഞിട്ടുണ്ട്. എന്നാൽ ലിജീഷിന്റെ ഫോണിലേക്ക് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വാളത്തൂരിൽ താമസിക്കുന്ന പോൾ അയൽക്കാരെകൂട്ടി റിസോർട്ടിലെത്തിയപ്പോൾ ഓഫീസ് മുറിയും റിസപ്ഷനും തുറന്നിട്ട നിലയിലായിരുന്നു. നാശനഷ്ടങ്ങളൊന്നും വരുത്തിയിരുന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചതോടെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല.

രണ്ടു ദിവസമായി പൊലീസും തണ്ടർബോൾട്ടും നടത്തി വരുന്ന പരിശോധനയിലും മാവോയ്‌സ്റ്റുകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം ലിജീഷ് കെട്ടിച്ചമച്ച മാവോയിസ്റ്റ് കഥകളാണ് പിന്നിലെന്നും പൊലീസിന് സംശയമുണ്ട്. ബുധനാഴ്ച ലിജീഷ് ഭാര്യയെ വിളിച്ച് താൻ പോകുകയാണെന്നും കുട്ടികളെ നന്നായി നോക്കണമെന്നും പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ലിജീഷിനെ അർധരാത്രി വരെ റിപ്പൺ ടൗണിലും പരിസരത്തുമായി ബാഗുമായി കണ്ടവരുമുണ്ട്. കൂടാതെ വ്യാഴാഴ്ച ലിജീഷിന്റെ മൊബൈൽ ഫോൺ ബാംഗ്ലൂരുവിൽ പ്രവർത്തിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ മൊബൈൽ ഫോൺ പ്രവർത്തന രഹിതമായ നിലയിലാണ്. ഇത് അന്വേഷണത്തെയും ബാധിക്കുന്നുമുണ്ട്. ഇയാൾ ഇടക്കിടെ ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് ബാംഗ്ലൂരിൽ പോവാറുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 14 ഏക്കറോളം വരുന്ന കാപ്പിത്തോട്ടത്തിലെ റിസോർട്ട് ഒരു വർഷമായി പ്രവർത്തിക്കുന്നില്ല. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശി ഡോ.ശ്രീകുമാറിന്റേതാണ് റിസോർട്ട്. എന്നാൽ ലിജീഷ് പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയിരുന്നതായും ഇവർക്കെല്ലാം കടം വാങ്ങിയ തുക തിരിച്ചു നൽകുന്നതിനായി വ്യത്യസ്ത തിയ്യതികൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യത കാരണം കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും വിവരമുണ്ട്. ലിജീഷിനെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സർക്കിൾ ഇൻസ്‌പെക്ടർ സുനിലിനാണ് അന്വേഷണ ചുമതല. മുമ്പ് റിസോർട്ടുകൾക്കും ഉദ്യോഗസ്ഥർക്കും നേരെ മാവോയിസ്റ്റ് കയ്യേറ്റം ഉണ്ടായിരുന്നു. ഇതിന് വ്യക്തമായ തെളിവുകളും കണ്ടെത്താൻ പറ്റിയിട്ടുണ്ട്. എന്നാൽ മാവായിസ്റ്റുകളുടെ പതിവു രീതിയായ പോസ്റ്റർ പതിക്കൽ, ലഭുലേഖ വിതരണം, മുദ്രാവാക്യം വിളി എന്നിവയൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല, സംഭവത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്നു തെളിയിക്കുന്ന യാതൊരു തെളിവും കിട്ടിയിരുന്നില്ല. പിന്നെ എന്തിനായിരിക്കാം മാവോയിരിക്കാം മാവോയിസ്റ്റ് ഡ്രാമ നടത്തിയതെന്ന് പൊലീസിനും വ്യക്തമല്ല. ലിജീഷിനെ കണ്ടെത്തിയാൽ മാത്രമെ തിരോധാനത്തിനു പിന്നിലെ ചുരുളഴിയുകയുള്ളൂവെന്ന് വയനാട് എസ്‌പി പറഞ്ഞു.