ഫിലാഡൽഫിയ:   മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ വിമൺസ് ഫോറത്തിന്റെ നേത്യത്വത്തിൽ വനിതാദിനാഘോഷവും, സ്ത്രീകളൂടെ ആരോഗ്യത്തെകുറിച്ചുള്ള സെമിനാറും മാപ്പ് ബൾഡിങ്ങിൽ വച്ചു നടന്നു. ശ്രീദേവി അനൂപിന്റെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിലേക്കു മാപ്പ് വുമൺസ് ഫോറം ചെയർപേർസ്സൺ  മിലി ഫിലിപ്പ് എല്ലാവരെയും സ്വാഗതം ചെയ്തു. 

കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞ് പോയ ബഹുമാന്യനായ കേരളനിയമസഭാ സ്പീക്കർ ജി. കാർത്തികേയനു ആദരാഞ്ജലികൾ അർപ്പിച്ചുള്ള മൗനപ്രാർത്ഥനയ്ക്ക് ശേഷം, വരും കാല വുമൻസ് ഫോറം പ്രവർത്തനങ്ങളെയും, ആദ്യസംരംഭമായ വനിതാദിന ആഘോഷങ്ങളെയും പറ്റി മാപ്പ് പ്രസിഡന്റ് സാബു സ്‌കറിയ സംസാരിച്ചു. സ്ത്രീകൾ ശ്രദ്ധ നൽകാതെ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളായ ഹൃദയരോഗങ്ങൾ, കാൻസർ, സ്‌റ്റ്രോക് എന്നിവയെപ്പറ്റി സെമിനാർ അവതരിപ്പിക്കുവാനായി ഹാനമാൻ യൂണിവേർസ്സിറ്റിയിലെ കാർഡിയോളജി വിഭാഗം നഴ്‌സ് പ്രാക്ടീഷണറും, ഡ്രെക്‌സൽ യൂണിവേർസിറ്റി കോളേജ് ഗസ്റ്റ് ലെക്ചററുമായ ബിനു ഷാജിമോനെ ലിസി കുര്യാക്കോസ് വേദിയിലേക്ക് ക്ഷണിച്ചു. വിഞ്ജാനപ്രദവും, ആരോഗ്യദായകവുമായ സെമിനാറിനു ശേഷം രാജേഷ് ജോണും ഇവാഞ്ജലീനാ ജോണും ചേർന്ന് പാടിയ യുഗ്മഗാനവും, സോയാനായരുടെ കവിത ആലാപനവും ഉണ്ടായിരുന്നു.

കൂപ്പർ യൂണിവേർസ്സിറ്റി ഇന്റേർണൽ വിഭാഗം വൈദ്യവിദഗ്ധയായ ഡോ. ആനി. എം. എബ്രഹാമിനെ മുൻസെമിനാറിലെ ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രിവൻഷനെയും, സ്‌ക്രീനിംഗിനെയും പറ്റി  സെമിനാർ അവതരിപ്പിക്കുന്നതിനായി  ഷേർളി സാബു സദസ്സിലേക്കു ക്ഷണിച്ചു. തുടർന്നു ശ്രീദേവി അനുപ്, സുമോദ് നെല്ലിക്കാല, രാജേഷ് ജോൺ എന്നിവരുടെ ഗാനങ്ങളും ഉണ്ടായിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വുമൻസ് ഫോറം കണ്വീനർ സിലിജ ജോൺ നന്ദി അറിയിച്ചു. ജൂലി വർഗീസ് ആയിരുന്നു ഈ ആഘോഷങ്ങളൂടെ അവതാരിക. വരുംമാസങ്ങളിൽ മാപ്പ് നടത്തുവാൻ ഇരിക്കുന്ന  പരിപാടികളെ പറ്റി ജനറൽ സെക്രട്ടറി സിജു ജോൺ സൂചിപ്പിച്ചു. മാപ്പ് വുമൺസ് ഫോറത്തിന്റെ നേത്യത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ 'മേക് എ ഡിഫറൻസ്' എന്ന ലക്ഷ്യത്തിന്റെ  തുടക്കം വൻ വിജയമായിരുന്നു.