ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) നേതൃത്വത്തിൽ ഏപ്രിൽ 11-ന് ശനിയാഴ്ച മാപ്പ് ബിൽഡിങ്‌സിൽ വച്ച് നടത്തിയ ചാക്കോ ശങ്കരത്തിൽ അനുസ്മരണവും, കവിതഥ -2015- ഉം വൻവിജയമായി. ചാക്കോ ശങ്കരത്തിൽ അനുസ്മരണം, പ്രഭാഷണം, കവിയരങ്ങ്, കഥയരങ്ങ് എന്നീ നാലു സെഷനായി നടന്ന കവിതഥ, അനൂപ് ജോസഫിന്റെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ചു. തുടർന്ന് മാപ്പ് വൈസ് പ്രസിഡന്റ് ഡാനിയേൽ പി. തോമസ് സാഹിത്യ പ്രതിഭകളേയും സാഹിത്യാസ്വാദകരേയും കവിതഥയിലേക്കു സ്വാഗതം ചെയ്തു.

മുഖ്യാതിഥിയായ യൂണിവേഴ്‌സിറ്റി പ്രൊഫസറും, ശാസ്ത്രജ്ഞനും സാഹിത്യപ്രതിഭയുമായ ഡോ. ജോയ് ടി. കുഞ്ഞാപ്പു ഭദ്രദീപം കൊളുത്തി കവിതഥ 2015 ഉദ്ഘാടനം ചെയ്തു. മാപ്പ് പ്രസിഡന്റ് സാബു സ്‌കറിയ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ, മിഡ് അറ്റ്‌ലാന്റിക് റീജിയനിലുള്ള സാഹിത്യപ്രതിഭകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി മാപ്പ് കഴിഞ്ഞവർഷം നടത്തിയ കവിതഥയുടെ വിജയമാണ് ഇക്കൊല്ലവും സാഹിത്യകൂട്ടായ്മ നടത്തുവാൻ പ്രചോദനമായതെന്നു ചൂണ്ടിക്കാട്ടി. തുടർന്ന് നടന്ന ചാക്കോ ശങ്കരത്തിൽ അനുസ്മരണത്തിൽ സാഹിത്യപ്രതിഭകളായ മനോഹർ തോമസ്, നീന പനയ്ക്കൽ എന്നിവർ ചാക്കോ ശങ്കരത്തിലിനെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവച്ചു. മാപ്പ് ജനറൽ സെക്രട്ടറി സിജു ജോൺ മാസ്റ്റർ ഓഫ് സെറിമണിയായ പൊതുചടങ്ങിനു ചാക്കോ ശങ്കരത്തിലിന്റെ സഹോദരനും മാപ്പ് കമ്മിറ്റി മെമ്പറുമായ യോഹന്നാൻ ശങ്കരത്തിൽ നന്ദി പറഞ്ഞു.



രണ്ടാമത്തെ സെഷനിൽ 'മലയാളം എന്റെ മാതൃഭാഷ- നിങ്ങളുടേയും' എന്ന വിഷയത്തെക്കുറിച്ച് ഡോ. ജോയ് ടി. കുഞ്ഞാപ്പു പ്രഭാഷണം നടത്തി. തുടർന്ന് അദ്ദേഹത്തിന്റെ 'ഭാഷയെ കണ്ടെത്തൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യപ്രതിഭ മനോഹർ തോമസിൽ നിന്നും മാപ്പ് പ്രസിഡന്റ് സാബു സ്‌കറിയ ഏറ്റുവാങ്ങി നിർവഹിച്ചു.

കവിതഥ കോർഡിനേറ്റർ സോയ നായർ മാസ്റ്റർ ഓഫ് സെറിമണിയായ മൂന്നാമത്തെ സെഷനിൽ ജോൺ ആറ്റുമാലിൽ, രാജു തോമസ്, അജിത് എൻ നായർ, ഏബ്രഹാം മേട്ടിൽ, ജോർജ് ഓലിക്കൽ, സാബു ജേക്കബ്, മോൻസി കൊടുമൺ, സുനിത ഫ്‌ളവർഹിൽ, വേണുഗോപാലൻ കൊക്കാടൻ, സോയ നായർ, ജോസഫ് മാത്യു എന്നിവർ കവിതകൾ അവതരിപ്പിച്ചു. സാഹിത്യകാരനും പ്രാസംഗികനുമായ ഇ.വി. പൗലോസ്, ഡോ. ജോയ് ടി. കുഞ്ഞാപ്പു, കവയിത്രിയും ചെറുകഥാകൃത്തുമായ ഷീല മോൻസ് മുരിക്കൻ എന്നിവർ മോഡറേറ്റർമാരായി കവിയരങ്ങിൽ അവതരിപ്പിച്ച കവിതകളെപ്പറ്റി വിലയിരുത്തി സംസാരിച്ചു.


ശ്രീദേവി അനൂപിന്റെ ഗാനാലാപനത്തോടെ ആരംഭിച്ച നാലാമത്തെ സെഷനിൽ ചെറുകഥാകൃത്തും നോവലിസ്റ്റുമായ റ്റോം മാത്യൂസിന്റെ 'അഡിക്ടഡ് ലൗ' എന്ന പുതിയ നോവലിന്റെ പ്രകാശനം നടന്നു. കഥാകൃത്ത് ജയൻ കാമിച്ചേരിയിൽ നിന്നും മാപ്പ് പ്രസിഡന്റ് സാബു സ്‌കറിയ പുസ്തകം ഏറ്റുവാങ്ങി. മാപ്പ് വിമൻസ് ഫോറം ചെയർപേഴ്‌സൺ മില്ലി ഫിലിപ്പ് മാസ്റ്റർ ഓഫ് സെറിമണിയായ കഥയരങ്ങിൽ നീന പനയ്ക്കൽ, ബിജോ ജോസ് ചെമ്മാന്ത്ര, വേണുഗോപാലൻ കൊക്കാടൻ, ജയൻ കാമിച്ചേരിൽ, പി.റ്റി. പൗലോസ്, ഏബ്രഹാം മേട്ടിൽ, ജോർജ് ഓലിക്കൽ, മില്ലി ഫിലിപ്പ്, തോമസുകുട്ടി വലിയവീടൻ എന്നിവർ കഥകൾ അവതരിപ്പിച്ചു. കഥയരങ്ങിന്റെ മോഡറേറ്റേഴ്‌സായ സിഹിത്യകാരനും, ന്യൂയോർക്ക് സർഗവേദി സാഹിത്യകൂട്ടായ്മ  നേതൃസ്ഥാനീയനുമായ മനോഹർ തോമസ്, ന്യൂയോർക്ക് വിചാരവേദി കൂട്ടായ്മ സെക്രട്ടറിയും, ഫോമ 14 ചെറുകഥ ബുക്ക് പുരസ്‌കാര ജേതാവുമായ സാംസി കൊടുമൺ, ചെറുകഥാകൃത്തും നോവലിസ്റ്റുമായ റ്റോം മാത്യൂസ് എന്നിവർ അവതരിപ്പിക്കപ്പെട്ട കഥകളെപ്പറ്റി വിലയിരുത്തൽ നടത്തി. തുടർന്ന് മാപ്പ് ജനറൽ സെക്രട്ടറി സിജു ജോൺ സാഹിത്യ കൂട്ടായ്മ വിജയപ്രദമാക്കിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തു. സോബി ഇട്ടി അറിയിച്ചതാണിത്.