കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി. സിറോ മലബാർ സഭാംഗവും, എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഇടവകാംഗവുമായ സക്കറിയ കട്ടിക്കാരൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ഷൈജു ആന്റണി, റിജു ഡേവിസ്, തങ്കച്ചൻ, ഗേരാർഡ്, എന്നീ നാലുപേരടക്കം 10 പേർക്കെതിരെയാണ് പരാതി. തങ്ങളുടെ അനധികൃത ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, മാർ ആന്റണി കരിയിലിനെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. മാർ ആന്റണി കരിയിലിന്റെ ജീവന് ഭീഷണി ഉള്ളതായി ഷൈജു ആന്റണി പറഞ്ഞതായും പരാതിയിൽ ഉണ്ട്. മേജർ ആർച്ച്ബിഷപ്പിന്റെ വസതിക്ക് മുമ്പിൽ, കഴിഞ്ഞ 42 ദിവസമായി പരാതിക്കാരൻ അടക്കമുള്ള ഇടവകാംഗങ്ങൾ നിരാഹാര സത്യാഗ്രഹത്തിലാണ്.

ഏപ്രിൽ രണ്ടിന് പുലർച്ചെ അഞ്ചുമണിക്ക് 10 പേർ സഞ്ചരിച്ച ഒരു വലിയ വാൻ ഭയങ്കര സ്പീഡിൽ ആർച്ച്ബിഷപ്പിന്റെ വസതിക്ക് പുറത്തേക്ക് വന്നു. സത്യാഗ്രഹം അനുഷ്ഠിക്കുന്നവർ വാനിൽ നിന്ന് ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു. അത് മാർ ആന്റണി കരിയിലിന്റെ ശബ്ദമാണെന്നാണ് വിശ്വസിക്കുന്നത്. ശനിയും, ഞായറും എല്ലാവരും ചേർന്ന് ബിഷപ്പിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

മേജർ ആർച്ച്ബിഷപ്പ് ഹൗസിലെ അന്തേവാസികളായ ഫാ. സെബാസ്റ്റ്യൻ മണികണ്ഠൻ, സെന്റ് മേരീസ് ബസലിക്ക വികാരി ഫാ.ആന്റണി നരികുളം, മറ്റ് അസിസ്റ്റന്റ് വികാരിമാർ എന്നിവരോട് വിവരം അന്വേഷിച്ചു. മാർ ആന്റണി കരിയിൽ, കുറ്റാരോപിതരുടെ അനധികൃത കസ്റ്റഡിയിൽ ആണെന്നാണ് സംശയിക്കുന്നത്. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. ജീവൻ അപകടത്തിലാണ്. അടിയന്തര നടപടി എടുത്തില്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവന് ആപത്താണ്. രക്തസമ്മർദ്ദവും, പ്രമേഹവും, കിഡ്‌നി പ്രശ്‌നങ്ങളും അടക്കം രോഗങ്ങൾ ഉള്ളയാളാണ്. അതുകൊണ്ട് എത്രയും വേഗം, മാർ ആന്റണി കരിയിലിന്റെ ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സക്കറിയ കട്ടിക്കാരൻ പരാതിയിൽ ആവശ്യപ്പെടുന്നത്.

പിന്നിൽ കുർബാന ഏകീകരണ തർക്കമോ?

അതേസമയം, സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച തർക്കമാണ് പ്രശ്‌നത്തിന് പിന്നിലെന്നാണ് സൂചന. സിറോ മലബാർ സഭയിലെ കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശം വന്നിരുന്നു. പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ലിയനാർദോ സാന്ദ്രിയാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതോടെ എറണാകുളം-അങ്കമാലി അതിരൂപതയും സിനഡ് രീതിയിലുള്ള കുർബാനയർപ്പിക്കണം.

എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ അതിരൂപതയിൽ നൽകിയിട്ടുള്ള ഒഴിവാക്കൽ ഉടൻ പിൻവലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാനൻ നിയമമനുസരിച്ച് രൂപതാമെത്രാന്റെ അധികാരത്തോടെ മേജർ ആർച്ചുബിഷപ്പ് നടപ്പിലാക്കിയ സൂനഹോദോസ് തീരുമാനങ്ങളെ ലംഘിക്കാൻ മാർ ആന്റണി കരിയിൽ മെത്രാന് നല്കപ്പെട്ടിരിക്കുന്ന അധികാരമുപയോഗിച്ച് സാധിക്കുകയില്ലെന്നും കത്തിലുണ്ട്. കാനൻ നിയമത്തിൽ സൂചിപ്പിച്ചിരിക്കുന്ന വൈദിക കടമകൾക്ക് അനുയോജ്യമല്ലാത്ത പ്രതിഷേധപ്രകടനങ്ങളിൽ നിന്നും ആക്ടിവിസത്തിൽ നിന്നും വളരെ വ്യക്തമായ രീതിയിൽത്തന്നെ മെത്രാന്മാർ അകലം പാലിക്കണമെന്ന് കത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

ആരാധനാ ക്രമത്തിനെതിരെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന വൈദീകരെ മതബോധനം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും വത്തിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. വിമത വിഭാഗത്തെ പ്രോത്സാഹിപ്പിക്കാൻ ബിഷപ്പ് ആന്റണി കരിയിൽ ശ്രമിക്കരുതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

വത്തിക്കാന്റെ നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് സിറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ലഭിച്ചിരുന്നു. സിനഡിന്റെ തീരുമാനത്തോട് യോജിച്ച് എല്ലാ മെത്രാന്മാരും മുൻപോട്ട് പോകണമെന്നും കത്ത് ആവശ്യപ്പെടുന്നുണ്ട്.വത്തിക്കാന്റെ നിർദ്ദേശം പുറത്തുവന്നതോടെ മാർ ആന്റണി കരിയിലിന്റെ വാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ഇതംഗീകരിക്കാതെ, അദ്ദേഹം മാറി നിൽക്കുകയാണെന്നും വിശ്വാസികളിൽ ഒരുവിഭാഗം കരുതുന്നു.

കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാ ക്രമം ഏകീകരിക്കൽ, എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു.

ഈ രീതികൾ ഏകോപിപ്പിക്കുകയാണ് ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ. കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖവും , പ്രധാന ഭാഗം പൂർണ്ണമായും അൾത്താരയ്ക്ക് അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യവും കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും.

കഴിഞ്ഞ ഡിസംബർ ആദ്യവാരമാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കി തുടങ്ങിയത്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും നേരത്തെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അമ്പത് വർഷമായി തുടരുന്ന രീതി മാറ്റാൻ ആകില്ലെന്നാണ് നിലപാട്.