- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൾത്താരകളിൽനിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്ര ചെയ്ത പുരോഹിതൻ; അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളമൊഴിച്ചു; മാതാ അമൃതാനന്ദമയി നൽകി രുദ്രാക്ഷ മാല നെഞ്ചേറ്റിയ സൗഹൃദം; നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായി; ക്രിസോസ്റ്റത്തിന്റെ വിയോഗത്തിൽ നഷ്ടം മതേതര കേരളത്തിന് തീരാനഷ്ടം
തിരുവല്ല: ക്രൈസ്തവ സഭകളിലെ പുരോഹിതർ പൊതുവെ അവരുടെ കാരുണ്യപ്രവർത്തനങ്ങൾ സ്വസമുദായത്തിൽ ഒതുക്കുന്നവരായിരുന്നു ഏറെയും. ഇവരിൽ നിന്നുമാണ് മാർ ക്രിസോസ്റ്റം വ്യത്യസ്തനാകുന്നത്. അദ്ദേഹം അൾത്താരകളിൽ നിന്നും അരമനകളിൽ നിന്നും ഇറങ്ങി സാധാരണ മനുഷ്യരിലേക്ക് യാത്രചെയ്ത വ്യക്തിത്വമായിരുന്നു. മറ്റു മതസമൂഹത്തിൽ ഉള്ളവരുമായുള്ള സൗഹൃദവും ഏറെ പ്രശസ്തമായിരുന്നു.
അരമനയുടെ മുറ്റത്തെ തുളസിത്തറയിൽ വലിയ മെത്രാപ്പൊലീത്ത എല്ലാ വേനലിലും വെള്ളമൊഴിച്ചു പരിപാലിക്കുന്ന പ്രകൃതി സ്നേഹിയായിരുന്നു അദ്ദേഹം. കേരളീയമായതിനെ നെഞ്ചിലേറ്റുന്നതിൽ എന്താണ് കുഴപ്പം എന്നു വിമർശകരോടായി അദ്ദേഹം ചോദിച്ചു. വലിയ മുത്തുമാലകളിൽ തടിക്കുരിശ് ചേർത്തിട്ട് എളിമയ്ക്ക് സാക്ഷ്യം പറഞ്ഞ. മാതാ അമൃതാനന്ദമയി ദേവിയുമായി അടുത്ത സൗഹൃദമായിരുന്നു മാർ ക്രിസോസ്റ്റത്തിന്. അമ്മ സ്നേഹത്തോടെ നൽകിയ രുദ്രാക്ഷമാല വാത്സല്യത്തോടെ ഏറെ നാൾ നെഞ്ചേറ്റിയിരുന്നു അദ്ദേഹം.
അമ്മ നട്ടുവളർത്തിയ രുദ്രാക്ഷച്ചെടിയിൽനിന്നുള്ള കായയാണിത്. ഇവിടെ വളരാൻ പ്രയാസമുള്ള മരത്തെ അമ്മ സ്നേഹത്താൽ വളർത്തി. മഠത്തിലെ അന്തേവാസികൾ കൊരുത്തെടുത്ത, ബാക്കിയായ പ്ലാസ്റ്റിക്ക് കട്ടകൾകൊണ്ടൊരുക്കിയ മുത്തുമാലയും അരമനയിൽ കാത്തുവെച്ചു. മാലിന്യം കൊണ്ടുള്ള മാലയെന്ന് പറയുന്നതിലും എനിക്കിഷ്ടം, മാലിന്യത്തിൽനിന്നു പോലും മാലകൾ ഉണ്ടാക്കാം എന്ന അമ്മയുടെ കാഴ്ചപ്പാടാണെന്ന് ഒപ്പമുള്ളവരെ ഓർമ്മപ്പെടുത്തി.
മെത്രാൻ പദവിയിലെത്തുന്നവർ നടന്നുപോയ വഴികളിൽനിന്ന് തനിക്കുമാത്രം കഴിയുന്ന അനായാസത്തോടെ അദ്ദേഹം മാറിനടന്നു. ശുശ്രൂഷകൾ അർപ്പിക്കുകയും ചടങ്ങുകളിൽ മുൻനിരക്കാരനായി നിൽക്കുകയും ചെയ്യുമ്പോഴും ചടങ്ങുപോലെ തീരുന്ന ആത്മീയതയെ പരിഹസിച്ചു. മറ്റൊന്നാണ് ദൈവം പറഞ്ഞിട്ടുള്ളതെന്ന് ഓർമിപ്പിച്ചു. അടയ്ക്കാ പറിച്ചെടുത്ത കുഞ്ഞൂട്ടിയാണ് തന്നെ ബിഷപ്പാക്കിയതെന്ന് പലവട്ടം വിളിച്ചുപറഞ്ഞു. എല്ലാ ജീവിതങ്ങളിലും അന്യന്റെ വിയർപ്പും തഴമ്പും ഇഴപാകിയിട്ടുണ്ടെന്നു തന്നെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തു.
മുമ്പേ പോകുന്നവർ വഴി വെട്ടിയവന്റെ ഇന്നലകളെ ഓർക്കുന്നതിനൊപ്പം അവന്റെ ഇന്നത്തെയും നാളത്തെയും വിശപ്പും മനസ്സിൽ കരുതണമെന്ന് എഴുതിവെച്ചു. തനിക്ക് അച്ഛൻ തന്ന പുരയിടവും വീടും വയോജനങ്ങളുടെ ഭവനമാക്കി അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലും പാലിച്ചു. സ്റ്റാർഡ് അഥവാ സൗത്ത് ട്രാവൻകൂർ ഏജൻസി ഫോർ റൂറൽ ഡവലപ്മെന്റ് എന്ന പ്രസ്ഥാനം സമൂഹത്തിലെ പിന്നാക്കക്കാരുടെ വേദനകൾ കണ്ടറിഞ്ഞു. അതിനുമുന്നിൽ മാർ ക്രിസോസ്റ്റം മുടന്തനായ ആട്ടിൻകുട്ടിക്കൊപ്പമുള്ള ഇടയനെപ്പോലെയായി. 90-ാം പിറന്നാൾ ആഘോഷത്തിലും ഈയൊരു ദർശനം കണ്ടു. നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായിരുന്നു.
ഭാരതത്തിലെ 1500 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടിയത്. ഈ പരിപാടി ഇന്ത്യയും കടന്ന് മെക്സിക്കോയിലേക്കും വളർന്നിരിക്കുന്നു. വേദനിക്കുവന് മതവും ജാതിയും കെട്ടിയ വേലി പൊളിച്ചുതന്നെ കൈത്താങ്ങ് നൽകാൻ നിരന്തരം ഓർമിപ്പിച്ച തിരുമേനി അതിന് മുതിരാത്തവരെ പരിഹസിച്ചു. അതിന്റെ ചൂടേൽക്കുന്നത് വേണ്ടപ്പെട്ടവരോ സ്വന്തക്കാരോയെന്ന് നോട്ടമുണ്ടായില്ല. പുല്ലുമേട് ദുരന്തത്തിൽ സഹായ ഹസ്തവുമായി ക്രൈസ്തവസഭകൾ വരാഞ്ഞതിന് കണക്കറ്റ് അദ്ദേഹം വിമർശിച്ചു.
ഇത്തരം കാര്യങ്ങളിൽ സഭകൾ മിണ്ടാതിരുന്നാൽ എന്തു സാക്ഷ്യമാണ് നൽകാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അന്ന് സഹായവുമായി ക്രൈസ്തവസഭകൾ രംഗത്തുവന്നിരുന്നുവെങ്കിൽ അത് 100 പ്രസംഗത്തേക്കാൾ ശക്തിയുള്ളതായേനെയെന്ന് തിരുമേനി വിമർശിച്ചു. ആവശ്യത്തിലുള്ളവരെ സഹായിക്കലാണ് ക്രൈസ്തവസാക്ഷ്യമെന്നും ഇങ്ങനെ ചെയ്യാത്തതുകൊണ്ട് കേരളത്തിൽ നല്ല ശമര്യാക്കാരനോ നല്ല ക്രിസ്ത്യാനിയോ ഇല്ലെന്ന് ലോകത്തിനു വെളിപ്പെട്ടതായി അദ്ദേഹം നിരീക്ഷിച്ചു. ക്ഷേത്രത്തിലെ ചടങ്ങിലെത്തിയ തനിക്ക് അവിടുത്തെ പ്രസാദം തരാൻ മേൽശാന്തി മടിച്ചപ്പോൾ മാർക്രിസോസ്റ്റം ചോദിച്ചുവാങ്ങി കഴിച്ചു.
ക്രൈസ്തവ വിശ്വാസത്തിലുള്ള തിരുമേനി ക്ഷേത്രപ്രസാദം കഴിക്കുമോയെന്ന് സംശയിച്ചതായി സമീപത്തുള്ളവർ പറഞ്ഞു. അമ്പലത്തിൽ പോകുന്നവർ ദേവനുനേദിച്ച അന്നം പ്രസാദമായി കഴിക്കുമ്പോൾ എന്താണ് അവർക്ക് കിട്ടുന്നതെന്ന് അദ്ദേഹം മറുചോദ്യം എയ്തു. ഈശ്വരീയമായ അനുഗ്രഹം എന്നായിരുന്നു മറുപടി. എങ്കിൽ എന്തിന് തനിക്കുമാത്രം അത് നിഷേധിക്കുന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ക്ഷേത്രവളപ്പിൽ ചിരിയുടെ ഉത്സവം കൊടിയേറി. പ്രകൃതിക്കും പരിസ്ഥിതിക്കുംവേണ്ടി ആ നാവ് നിരന്തരം ശബ്ദിച്ചു. വികസനമെന്നത് അതുവരുന്ന സ്ഥലത്തെ ജനങ്ങൾക്ക് ഗുണം കിട്ടാനാകണമെന്ന നിരീക്ഷണം മുന്നോട്ടുവെച്ചു. നാടിനു വേണ്ടാത്ത വികസന സങ്കൽപ്പങ്ങളെ പരിഹസിച്ച് ഇല്ലാതാക്കി.
സർവ്വജീവജാലങ്ങളെയും സ്നേഹിക്കുക എന്ന പക്ഷക്കാരനായിരുന്നു മാർ ക്രിസോസ്റ്റം. അരമനയിൽ മുയലുകൾ, ആടുകൾ, നാടൻ കോഴികളും അടക്കം വളർത്തിയിരുന്നു. ബൈബിൾ കഥകളിലെ ആട്ടിടയന്മാരെ പോലെ ഓരോ ആടുകളെയും സൂക്ഷ്മമായി നോക്കിയാണ് പോവുക. ദേഹത്തൊരു പോറലോ വയ്യായ്കയോ അവയ്ക്കുണ്ടെങ്കിൽ ആദ്യം കണ്ടെത്തുന്നതും മറ്റാരുമല്ല. മുയലുകൾ കാത്തിരിക്കുന്നത് തിരുമേനിയുടെ വരവിനാണ്. നല്ല പുത്തൻ കാരറ്റും പുല്ലും ഉടൻ കൂട്ടിലെത്തുമെന്ന് അവയ്ക്ക് ഉറപ്പാണ്. ഓമപ്പക്ഷികളെ ഊട്ടാൻ പുതിനയാണ് നല്ലതെന്ന് തിരുമേനി വായിച്ചറിഞ്ഞപ്പോൾ അതിനുള്ള ഒരുക്കമായി.
അരമന മുത്തറ്റത്തെ തുളസി മാത്രമല്ല, തെച്ചിയും ചെമ്പകവും മന്ദാരവും മുതൽ ബുദ്ധമുള വരെ പമ്പാതീരത്ത് അരമനയുടെ മുറ്റത്ത് അദ്ദേഹം നട്ട നനച്ചിരുന്നു. ആനക്കൊമ്പൻ വെണ്ടയും നേർത്ത വെള്ള വഴുതനയും അടങ്ങിയ കൃഷിയിടം പരിപാലിക്കുന്നതിലും അദ്ദേഹം മുന്നിൽ നിന്നും. മക്കളുള്ള ചിലരും അവകാശിയെ വെക്കാഞ്ഞതിന് കാരണമുണ്ടെന്നായിരുന്നു ക്രിസോസ്റ്റത്തിന്റെ വീക്ഷണം. ഒരു അപ്പൂപ്പൻ പറഞ്ഞത്രേ. തനിക്ക് ആറാണ് മക്കൾ. ആരെ നോമിനി വച്ചാലും മറ്റുള്ളവർ പിണങ്ങും. നോമിനിയായവൻ എളുപ്പം പണം സ്വന്തമാക്കാൻ ശ്രമിക്കും. അക്കൗണ്ട് വെളിപ്പെടുത്തി മൂന്നാംനാൾ തിരുമേനി തന്റെ അന്ത്യശുശ്രൂഷയ്ക്ക് കൂടി വന്നേക്കണമെന്ന് ബുക്ക് ചെയ്യും. ലോകം ഇങ്ങനെയാണെന്ന് തിരുമേനി മാനേജരെ ബോധ്യപ്പെടുത്തി.
അസാധ്യമായ ഹാസബോധവും ലോകവീക്ഷണവും കൊണ്ട് മാർക്രിസോസ്റ്റം തന്റെ സ്വർണനാവ് ചുഴറ്റി സദസ്സുകളെ ചിരിയിൽ വീഴ്ത്തി. പരിഹാസം ഏൽക്കാത്തവർ ചുരുക്കം. നവതി ആഘോഷത്തിന് വന്ന നേതാവിന് കിട്ടിയത് അത്തരമൊരെണ്ണമായിരുന്നു. തിരുമേനി നൂറുവർഷം ലോകത്തിനൊപ്പം ഉണ്ടാകട്ടെ എന്നായിരുന്നു ആശംസ. മറുപടി പ്രസംഗത്തിൽ നേതാവിന്റെ ആശംസ തന്നെ വേദനിപ്പിച്ചു എന്ന് തിരുമേനി വെളിപ്പെടുത്തി. എന്റെ പൊന്ന് സാറേ, എന്നെ സ്വൈര്യമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് തീരുമാനിച്ചാണോ അങ്ങ് യോഗത്തിന് വന്നത്. തിരുമേനി നൂറുവയസ് ജീവിക്കണം എന്നാണ് ആശംസ. ഇത് വലിയ കാര്യമായിപ്പോയി. അപ്പൻ 110 വയസ് വരെ ജീവിച്ചതാ. അത്രയെങ്കിലും തന്നെ ജീവിക്കാൻ അനുവദിക്കണം എന്നൊരു അപേക്ഷ മാത്രമേയുള്ളൂ. പൊള്ളിയെങ്കിലും നേതാവും മറ്റുള്ളവരും ചിരിച്ചു.
ക്രൈസ്തവവിശ്വാസത്തിന്റെ കൂട്ടായ്മകളെപ്പോലെ അമ്പലമുറ്റങ്ങളിലും ആ വാക്കുകൾ ജനം ശ്രദ്ധയോടെ കേട്ടിരുന്നു. 1918 ഏപ്രിൽ 27-ന് തിരുവല്ല ഇരവിപേരൂരിൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു പേര്. പിതാവ് വികാരി ജനറാളായിരുന്നു. 1944-ലാണ് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്. യേശുദേവനും മഹാത്മാവും സ്വാധീനിച്ച ജീവിതത്തിൽ പിന്നിൽ നിൽക്കുന്നവനോടുള്ള കടമയാണ് ജീവിതമെന്ന് നിരന്തരം ഓർമിപ്പിച്ചു. എല്ലാ അർത്ഥത്തിലും മതേതര കേരളത്തിന്റെ തീരാനാഷ്ടമാകുകയാണ് ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗം.
മറുനാടന് മലയാളി ബ്യൂറോ