കണ്ണൂർ: ''നിങ്ങൾ എന്താണ് വിചാരിച്ചത്. മര്യാദ ആണെങ്കിൽ മര്യാദ, അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും. മര്യാദക്ക് പറയുന്നത് അനുസരിച്ച് കോൺവെന്റിൽ നിന്നും കിട്ടുന്ന കഞ്ഞിയും കുടിച്ച് കനോന നമസ്‌ക്കാരവും ചൊല്ലി കുർബാനക്ക് മുമ്പ് പ്രാർത്ഥിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ എല്ലാവർക്കും നല്ലത്. ഇല്ലേൽ, എല്ലാത്തിന്റെയും പട്ടം തെറിപ്പിക്കും. ഞാൻ ബിഷപ്പാണ്. എന്റെ ഇഷ്ടം പോലെ ചെയ്യും. ആരാ ഇവിടെ ചോദിക്കാൻ? എനിക്ക് ഇഷ്ടമുള്ളവരെ ഇഷ്ടമുള്ളപ്പോൾ സ്ഥലം മാറ്റും. കാരണമൊന്നും ആരെയും ബോധിപ്പിക്കേണ്ട കാര്യമൊന്നുമില്ല. കാരണമൊക്കെ നിങ്ങൾ ഇടവകയിൽ ബോധിപ്പിച്ചാൽ എനിക്ക് അധികാരത്തിന്റെ പ്രൊട്ടക്ഷൻ ഉണ്ട്'. മാനന്തവാടി രൂപതയ്ക്ക് കീഴിൽ നടക്കുന്ന കൊള്ളരുതായ്മ്മകളെ കുറിച്ച് ഊമക്കത്തിലൂടെ വിവരങ്ങൾ പുറത്തുവന്നതോടെ ഇതേക്കുറിച്ച് ചർച്ചയാകുകയും ചില സ്ഥലം മാറ്റങ്ങൾ അടക്കം മറ്റ് വൈദികർ ചോദ്യം ചെയ്തപ്പോൾ മാനന്തവാടി മെത്രാൻ മാർ ജോസ് പൊരുന്നേടം നൽകിയ മറുപടി ഇങ്ങനെയായിരുന്നു എന്നാണ് വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ പുറത്തിറങ്ങിയ ഊമക്കത്തിൽ പറഞ്ഞിരുന്നത്.

മാനന്തവാടി രൂപതയിലെ ഫാ. ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹമായ മരണത്തിന് ശേഷവും സഭയിലെ കൊള്ളരുതായമ്മകൾക്കെതിരെ കത്തുകൾ പുറത്തുവന്നു. വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ പുറത്തിറങ്ങിയ ഈ ഊമക്കത്തുകളിലെല്ലാം വ്യക്തമായത് സഭയിലെ അരമന രഹസ്യങ്ങൾ തന്നെയായിരുന്നു. കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരിയായ വിദ്യാർത്ഥിനി പ്രസവിച്ച സംഭവം മറച്ചുവച്ചുവച്ചതിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. എന്നാൽ ആ തലത്തിലേക്ക് അന്വേഷണം നീണ്ടില്ല. അറസ്റ്റിലായ ഫാ. റോബിൻ വടക്കുംചേരി തന്നെ ഇക്കാര്യം പൊലീസിനോട് തുറന്നു പറഞ്ഞതായാണ് സൂചന. പെൺകുട്ടി പ്രസവിച്ച ഏഴാം തീയതി തന്നെ സംഭവം ഫാ. റോബിൻ മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ അറിയിച്ചിരുന്നു. തന്നെ വൈദികവൃത്തിയിൽനിന്ന് പുറത്താക്കാമെന്നും ബിഷപ്പിനോട് റോബിൻ അറിയിച്ചു. എന്നാൽ സംഭവം ഒതുക്കി തീർക്കാനാണ് പിന്നീട് ശ്രമം നടന്നത്. ഇതിൽ ബിഷപ്പിനും പങ്കുണ്ടെന്നാണ് സൂചന പുറത്തു വന്നിരുന്നു. ഈ വിവാദങ്ങൾക്കൊപ്പമാണ് മാനന്തവാടിയിലെ കൊള്ളരുതായ്മകൾ ഊമകത്തിലൂടെ വിശ്വാസ സമൂഹം ചർച്ചയാക്കിയത്. ഫ്രാങ്കോയുടെ അറസ്‌റ്റോടെ ഈ വിഷയം വീണ്ടും ചർച്ചയാകുമെന്ന് മാനന്തവാടി ബിഷപ്പ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്റർ ലൂസി കളപുരയ്ക്കലിനെതിരെ നടപടി എടുത്തതും.

ഫാ റോബിൻ കേസിൽ പെൺകുട്ടി പ്രസവിച്ച കാര്യം രൂപതയിലെ ചില വൈദികർക്കും അറിയാമായിരുന്നു. പെൺകുട്ടിയുടെ തലശ്ശേരി രൂപതയ്ക്ക് കീഴിലെ ക്രിസ്തുരാജാ ആശുപത്രയിൽ പ്രവേശിപ്പിച്ചതും തുടർന്ന് മാനന്തവാടിയിലെ മഠത്തിലേക്ക് മാറ്റിയതിലുമെല്ലാം രൂപതയിലുള്ളവർക്കും പങ്കുണ്ടെന്നതിന്റെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇതിലേക്ക് അന്വേഷണം നീങ്ങുന്നതിനടെയാണ് പീഡനക്കേസിൽ ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും മാപ്പുപറഞ്ഞ് മാനന്തവാടി രൂപത രംഗത്ത് വന്നത്. ഇരയാക്കപ്പെട്ടവരുടെ കണ്ണീരിൽ പങ്കുചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം മാപ്പ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നും കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിൽ മാനന്തവാടി ബിഷപ്പ് പറഞ്ഞു. കൊട്ടിയൂരിൽ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുള്ള കത്തിലാണ് ബിഷപ്പ് മാപ്പു ചോദിച്ചത്. ഇതിന് പിന്നിലും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഇരയേയും കുടുംബത്തേയും രൂപതയ്‌ക്കൊപ്പം നിർത്താനുള്ള നീക്കവും ഫലിച്ചു. ഫാ. റോബിന്റെ മൊഴി മാത്രമാണ് ബിഷപ്പിനെതിരെ പൊലീസിന് ലഭിച്ചത്. പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയ ശക്തിയുടെ പേര് മറ്റാരും പുറത്തു പറഞ്ഞില്ല. അങ്ങനെ മാനന്തവാടി ബിഷപ്പ് കഷ്ടിച്ച് ഈ കേസിൽ രക്ഷപ്പെട്ടു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക അതിക്രമത്തിന് നടപടി ആവശ്യപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ അറിയിച്ചതിന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സഭാ നടപടി എടുത്തതും മാനന്തവാടി രൂപതയാണ്. കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങൾക്ക് മുന്നിൽ വിമർശിച്ചതിനുമാണ് നടപടി. ഇടവക പ്രവർത്തനങ്ങളിൽ നിന്നും സിസ്റ്ററെ ഒഴിവാക്കി. വേദപാഠം പഠിപ്പിക്കൽ, വിശുദ്ധ കുറുബാന നൽകൽ എന്നിവയിൽ നിന്നും സിസ്റ്റർ ലൂസിയെ വിലക്കി. ഇടവക പ്രവർത്തനങ്ങളിൽ നിന്നും സിസ്റ്റർ ലൂസി മാറി നിൽക്കണമെന്നുമാണ് മാനന്തവാടി രൂപതയുടെ ഉത്തരവ്. ഇതിന് പിന്നിലും പീഡകനെതിരെ സംസാരിച്ച സിസ്റ്ററെ ക്രൂശിക്കാനുള്ള മാനന്തവാടി രൂപതാ മെത്രാന്റെ നീക്കം തന്നെയാണ്. രൂപതയിൽ ആരും മെത്രാനെതിരെ സംസാരിക്കരുതെന്ന സന്ദേശമാണ് ഇദ്ദേഹം നൽകുന്നത്.

മെത്രാൻ തന്നെയാണ് വൈദിക മാഫിയയുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടു പിടിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ പുറത്തിറങ്ങിയ ഊമക്കത്തുകൾ. സഭയെ നിശിദമായി വിമർശിച്ചു കൊണ്ടുള്ള പ്രതികരണങ്ങളിൽ വൈദികരുടെ അഴിമതികളും അവിഹിതങ്ങളുമെല്ലാം പരാമർശിക്കപ്പെട്ടിരിക്കുന്നു. കുമ്പസാര കൂട്ടിൽ നിന്നും അറിഞ്ഞ പീഡന വിവരത്തെ കുറിച്ച് പരാതിപ്പെടാൻ ഫ്രാൻസിസ് അച്ചൻ പറഞ്ഞതു ശേഷം പുറത്തുവന്ന ഊമക്കത്തിലും സമാനമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതോടെ അച്ചനല്ല കത്തിന് പിന്നിലെന്നത് വ്യക്തമാകുകയും ചെയ്തു.

മാനന്തവാടി രൂപതയുടെ കീഴിലെ പല ഇടവകകളിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്ന കാര്യവും വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ കത്തിൽ വ്യക്തമായിരുന്നു. മുണ്ടേരിയിലും മണിമൂളിയിലും പാലങ്കലിയും പയ്യംപള്ളിയിലും കോട്ടത്തറിയിലും ആറാട്ടുതറയിലും തെനേരിയിലും പനമരത്തും കമ്മനയിലും കാവുമന്ദത്തും പഴൂരിലും വാഴവറ്റയിലും കൂടാതെ സെന്റ് ജോസഫ് ആശുപത്രിയിലും അടക്കം സ്വാഭാവിക നീതിയുടെ നിഷേധം നടക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. പലയിടത്തും ആരോപണ വിധേയരാകയവർ വൈദികരാണെന്നും ഇവരുടെ സംരക്ഷകൻ മെത്രാനാണെന്നുമാണ് കത്തിൽ ആരോപിക്കുന്നത്. പരാതി പറയാൻ എത്തുന്ന വൈദികരെ ആക്ഷേപിക്കയാണ് ചെയ്യാറെന്നും വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ കത്തിൽ വിശദീകരിച്ചിരിക്കുന്നു. ജലന്ധറിൽ ഏകാധിപത്യ സ്വഭാവത്തോടെ ബിഷപ്പ് ഫ്രാങ്കോ ഭരിച്ചു. അതിന് സമാനമാണ് മാനന്തവാടിയിലേയും കാര്യങ്ങൾ. സിസ്റ്റർ ലൂസിക്കെതിരെയുള്ള നടപടിയും ഇതിന് തെളിവാണ്.

രാവിലെ എത്തിയപ്പോഴാണ് വിലക്കിയ ഉത്തരവ് ലഭിച്ചതെന്ന് ലൂസിയ പറഞ്ഞു. മദർ സുപ്പീരിയറാണ് ഉത്തരവ് കൈമാറിയത്. വികാരി ഉത്തരവ് തന്നെ ഏൽപ്പിച്ചുവെന്നാണ് സുപ്പീരിയർ പറഞ്ഞത്. സമരത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നടപടിയെന്നും സിസ്റ്റർ പറയുന്നു. സഭയിൽ നിന്നും പൂർണമായി പുറത്താക്കുന്നതിന്റെ ആദ്യ നടപടിയാണിതെന്നും സിസ്റ്റർ ലൂസി പറയുന്നു. സഭയ്ക്കെതിരെ താൻ എന്താണ് പറഞ്ഞതെന്ന് കൂടി വ്യക്തമാക്കണമെന്നും സഭ നടപടികൾ നേരിടുക തന്നെ ചെയ്യുമെന്നും സിസ്റ്റർ കൂട്ടി ചേർത്തു.സിസ്റ്റർ സംഗീത ആൽബം പുറത്തിറക്കുന്നു, സ്വന്തമായി കാർ ഉപയോഗിക്കുന്നു, ലൗകിക ജീവിതത്തിലേക്ക് കടക്കുന്നു എന്ന വിധത്തിൽ നിരവധി ആരോപണങ്ങൾ സിസ്റ്റർക്കെതിരെ ഉയർന്നിരുന്നു. കന്യാസ്ത്രീകൾക്ക് പിന്തുണയറിയിച്ച് സമരപ്പന്തലിൽ എത്തുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ശ്രമിച്ചതിന് പിന്നാലെയായിരുന്നു സിസ്റ്റർക്കെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതിന് പിന്നിലും മാനന്തവാടി ബിഷപ്പാണെന്നാണ് സൂചന.

വെറു മണ്ണുണ്ണി അല്ലാത്ത മെത്രാനും ചതുർമുഖനായ വീജിയും മായാമോഹിനിമാരായ ചാൻസിലറും!

മാനന്തവാടി ബിഷപ്പിനെതിരെ നിരവധി ഊമക്കത്തുകൾ പുറത്തു വന്നിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. മാനന്തവാടി മെത്രാൻ അഹങ്കാരത്തിന് കൈയും കാലും വച്ച വ്യക്തിയാണെന്നു വരെ കത്തിൽ ആരോപിക്കുന്നുണ്ട്. സ്ത്രീപീഡനം അടക്കമുള്ള ആരോപണം ഉയർന്ന വൈദികരെ ഒരേ സമയം സംരക്ഷിക്കുന്ന മെത്രാൻ ഇതിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നു എന്നുമാണ് മറ്റൊരു ആരോപണം. സ്ത്രീവിഷയങ്ങൾ എന്തു നടപടി സ്വീകരിച്ചു എന്നും 2016 ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ വൈദിക ജാഗ്രത സമിതിയുടെ കത്തിൽ ആരോപിച്ചിരുന്നു. ഭയുടെ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം എസ്റ്റേറ്റിൽ വൈദികരുടെ ബന്ധുക്കളെ നിയമിച്ചു എന്ന ആരോപണവും ശക്തമായതാണ്. ഇത് സഭയിലെ സാമ്പത്തിക ക്രമക്കേടുകളിലേക്കും സ്വജന പക്ഷപാതത്തിലേക്കും വിരൽ ചൂണ്ടുന്ന വിഷയം കൂടിയാണ്. ബന്ധു നിയമന വിഷയങ്ങൾ കൂടാതെ വികാരിമാരുടെ സ്ഥലം മാറ്റത്തിൽ പക്ഷപാതവും പ്രതികാരവും എല്ലാം ഉൾപ്പെടുന്നുണ്ടെന്ന ആരോപണവും ശക്തമായി ഉയർന്നുണ്ട്.

''വെറു മണ്ണുണ്ണി അല്ലാത്ത മെത്രാനും ചതുർമുഖനായ വീജിയും മായാമോഹിനിമാരായ ചാൻസിലറും പ്രൊകൂറോറ്ററും കൂടി മാനന്തവാടി രൂപതയെ എങ്ങോട്ടാണോ നയിക്കുന്നത്, ജാഗ്രതയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാമെന്നു പറഞ്ഞാണ് വൈദിക ജാഗ്രത സമിതിയുടെ പേരിലെ ഒരു ഊമക്കത്ത് അവസാനിക്കുന്നത്. സഭയിലെ അരമന രഹസ്യങ്ങളെല്ലാം അങ്ങാടിപ്പാട്ടാക്കുന്നതായിരുന്നു ഈ കത്തുകൾ. എന്നാൽ, ഈ കത്തുകളിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് പരിശോധിക്കാൻ ആരും തയ്യാറായില്ല. മറിച്ച് ഇപ്പോഴും ആരാണ് കത്തുകൾക്ക് പിന്നിലെന്നാണ് സഭയുടെ അന്വേഷണം. എന്നാൽ, ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവൻ വെടിയാനായിരുന്നു മേരിമാതാ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന ഫാ. ഫ്രാൻസിസ് ഞള്ളമ്പുഴയുടെ വിധി.

സഭയിലെ പീഡനങ്ങളെ കുറിച്ച് അടക്കം അറിഞ്ഞിട്ടും ചെറുവിലൽ അനക്കാൻ മെത്രാൻ തയ്യാറായിരിക്കുന്നിലെന്ന് തന്നെ വേണം ഊമക്കത്തുകളുടെ സ്വഭാവം നോക്കുമ്പോൾ അനുമാനിക്കാൻ. കാര്യങ്ങളുടെ പോക്ക് ശരിയല്ല എന്നറിഞ്ഞിരുന്ന പിതാവ് തക്കസമയത്ത് ആക്ഷൻ എടുക്കാതെ പീഡകരായ റോബിൻ അടക്കമുള്ള വൈദികരെ സംരക്ഷിക്കുകയായിരുന്നു. നിരവധി പീഡനങ്ങൾ നടത്തി സഭയിൽ വിലസിയ ഒരു റോബിൻ അച്ചൻ മാത്രമാണ് പിടിക്കപ്പെട്ടത്. ഇങ്ങനെയുള്ള വൈദികനെ സംരക്ഷിച്ച മാനന്തവാടി മെത്രാന് ആ സ്ഥാനത്തിരിക്കാൻ കൂടി യോഗ്യതയില്ല. അതുകൊണ്ട് ഇനി ആ സ്ഥാനത്ത് തുടരാതെ രാജിവച്ച് ഒഴിയണമെന്ന ആവശ്യം സഭയ്ക്കുള്ളിൽ അന്ന് തന്നെ ശക്തമായിരുന്നു. അത്തരത്തിലൊരു മെത്രാനാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരത്തിനെതിരെ കന്യാസ്ത്രീയെ അച്ചടക്ക നടപടിക്ക് വിധേയനാക്കുന്നത്.

ദാരിദ്ര്യം അറിഞ്ഞു ജീവിച്ച വൈദികൻ എളിവയുടെ വക്താവായി, കോളേജ് വിദ്യാർത്ഥികളുടെയും കണ്ണിലുണ്ണി

തിരുവനന്തപുരത്തെ ഞള്ളമ്പുള കുടുംബാംഗമായിരുന്ന ഫാദർ ഫ്രാൻസിസ് ദാരിദ്ര്യം അറിഞ്ഞു തന്നെയാണ് ജീവിച്ചത്. പിന്നീട് ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന കോളേജ് അദ്ധ്യാപകനാണെങ്കിലും ലാളിത്യം കൈമുതലാക്കിയായിരുന്നു അദ്ദേഹം ജീവിച്ചത്. നാല് പാന്റ്സ് ജുബ്ബായും ഒരു ളോഹയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു പഴഞ്ചൻ ബൈക്കും ഇതിനൊപ്പം അദ്ദേഹത്തിന്റെ സഹചാരിയായി. സർക്കാർ ബസുകളിൽ സഞ്ചരിക്കാൻ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം പ്രകൃതിയെ അറിഞ്ഞു ജീവിക്കണമെന്ന പക്ഷക്കാരൻ കൂടിയായിരുന്നു.

പഴഞ്ചൻ പള്ളി മുറിയിൽ നിലത്ത് പായിട്ടു കിടന്നുറങ്ങി ജീവിച്ച അദ്ദേഹം വികാരിയായ ഇടവകയിലെല്ലാം മികച്ച പേരെടുത്തിരുന്നു. ഇടവക ജനത്തിനു ബാദ്ധ്യതയാകാതെ സ്വന്തം ശമ്പളവും ശ്രമവും ഉപയോഗിച്ച് വയനാട്ടിലെ കാട്ടിക്കുളത്തിനടുത്തു ഇടയൂർകുന്ന് എന്ന സ്ഥലത്ത് ഒരു ദേവാലയം പുതുക്കി നിർമ്മിക്കാൻ മുൻകൈ എടുത്തത് മാത്രം മതി അദ്ദേഹത്തിന്റെ മിടുക്ക് എത്രത്തോളമുണ്ട് എന്നറിയാൻ. ജൈവ ദേവാലയം എന്നറിയപ്പെടും വിധത്തിലായിരുന്നു ഇടയൂർക്കുന്ന് പള്ളിയുടെ സൃഷ്ടി. പ്രകൃതിയോടിണങ്ങി മതമൈത്രിയുടെ പ്രതീകമായ ദേവാലയം വാർത്തകളിലും പത്രങ്ങളിലും ഇടം നേടുകയുണ്ടായി. തിരുനെല്ലി സന്ദർശിക്കാനെത്തുന്നവരുടെ സന്ദർശന കേന്ദ്രം പൂർണ്ണമായും കല്ലിൽ പണിത ദേവാലയം ദേവാലയത്തിൽ സമാധാന അന്തരീക്ഷമ കാവുകളും ഔഷധ സസ്യങ്ങളും ചെടികളും എല്ലാം ഉൾക്കൊള്ളുന്നു ഒരു ദേവാലമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അത് അദ്ദേഹം സാക്ഷാത്ക്കരിക്കുകയും ചെയ്തു.

ഒരു വൈദികനുനായി ബന്ധപ്പെട്ട സ്ത്രീ വിഷയത്തിൽ ഇടപെട്ട് ഇരയ്ക്ക് നീതി നടത്തി കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം പലരുടെയും കണ്ണിലെ കരടായത്. റോബിൻ അച്ചൻ ഇൻഫാം ഡയറക്ടർ ആയിരിക്കുന്ന കാലത്ത് ചില വെട്ടിപ്പുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഇടയൂർകുന്ന് പള്ളിയിൽ വച്ച് നടന്ന ഇൻഫാം മീറ്റിംഗിൽ പള്ളിമുറിയിലേക്ക് സ്ത്രീകളെ പറഞ്ഞു വിട്ട് കുടുക്കാൻ നടത്തിയാണ് വൈരാഗ്യം തീർത്തത്. റോബിൻ മേരിമാതാ കോളേജ് മാനേജർ കോർപ്പറേറ്റ് മാനേജർ ആയിരിക്കുമ്പോൾ നടത്തിയ കള്ളക്കളികളെ കുറിച്ച് സംസാരിച്ചതിനും അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമങ്ങളുണ്ടായി.

അതേസമയം സഭയുടെ കണ്ണിലെ കരടായപ്പോഴും കോളേജിലെ വിദ്യാർത്ഥികൾക്ക് മാതൃകാ വ്യക്തിത്വമായിരുന്നു ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴ. മികച്ച് അദ്ധ്യാപകനാണ് അദ്ദേഹമെന്ന് വിദ്യാർത്ഥികൾ എല്ലാം ഒന്നടങ്കം പറയുമായിരുന്നു. വിദ്യാർത്ഥികളെ സുഹൃത്തുക്കളെ പോലെ കാണുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ അച്ചനു ചുറ്റുമുള്ള ആൾക്കൂട്ടവും വിദ്യാർത്ഥികൾക്കിടയിലുള്ള സ്വാധീനവും അച്ചനെതിരെ ആരോപണങ്ങളായി റോബിൻ അടക്കമുള്ളവർ ഉന്നയിക്കുകയുണ്ടായി.

മെത്രാന്റെ ചതി, പിന്തുണ നൽകിയ സിഎംഐ സഭയും കൈവിട്ടപ്പോൾ മാനസികമായി തളർന്നു

അച്ചനാണ് ഊമക്കത്തുകളുടെ ഉറവിടം എന്ന് ആരോപിച്ചു മറ്റു പല ആരോപണങ്ങൾ ഉയർത്തി. ദിവ്യബലി അർപ്പിക്കുന്നില്ല, കാവി മുണ്ട് ഉടുത്ത് കോളേജിൽ വന്നു, കുട്ടികളെ ക്രൈസ്തവ വിരോധികളാക്കുന്നു, ടൗണിൽ റൂമെടുത്തു താമസിക്കുന്നു ഇങ്ങനെ നീണ്ടും അദ്ദേഹത്തിന് എതിരായ ആരോപണങ്ങളുടെ പട്ടിക. ഈ ആരോപണങ്ങളുടെ തുടർച്ചയായാണ് രൂപതാ മെത്രാൻ സിഎംഐ പ്രൊവിൻഷലിനു കത്തെഴുതിയത്. അച്ചനെ ഇവിടെ നിന്നും മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. ഊമക്കത്തിന്റെ ആരോപണം അടിച്ചേൽപ്പിച്ച് അച്ചനിൽ നിന്നും വിശദീകരണം എഴുതി വാങ്ങുകയും ചെയ്തിരുന്നു.

കത്തുകൾ താനല്ല എഴുതിയെതെന്നു ഒരിക്കൽ സത്യം പുറത്തു വരുമെന്നും അച്ചന് പൂർണ്ണ വിശ്വാസം അതുവരെ പിന്തുണ സിഎംഐ സഭ അവസാനം തള്ളിപ്പറയുകയുമുണ്ടായി. ഇത് അദ്ദേഹത്തെ കടുത്ത വിഷമത്തിലാക്കിയിരുന്നു. മാനന്തവാടി രൂപതയിൽ കുറച്ചുപേർ അച്ചനെതിരെ ആരോപണങ്ങൾ പരത്തുകയും ചെയ്തു. ഇടവകയിൽ കുമ്പസാരം എന്ന കൂദാശ അധികാരം ഉപയോഗിച്ചില്ല, ഇടവക ജനങ്ങളെ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി മതമൈത്രി ദേവാലയത്തെ അമ്പലം എന്നു വിളിച്ചു കളിയാക്കുക പോലും ചെയ്തു ആരോപണക്കാർ.

ആയിരക്കണക്കിന് വിദ്യാർത്ഥികൾ എന്നും തേടിവരുമായിരുന്ന അദ്ധ്യാപകൻ കൂടിയായിരുന്നു ഈ പുരോഹിതൻ. ഒരു യോഗാചാര്യനെ പോലെയാണ് പലരും അദ്ദേഹത്തെ കണ്ടിരുന്നത്. നിലപാടുകളിലും അഭിപ്രായങ്ങളിലും സുതാര്യത, വ്യക്തത പുലർത്തിയ ഫാദർ ഫ്രാൻസിസിന് എന്നാൽ സംഘടിതമായ വൈദിക ആക്രമണത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഊമകത്തിന്റെ പേരിലും നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ ഒടുവിൽ അദ്ദേഹം ബലിയാടായി മാറുകയായിരുന്നു. ഇപ്പോഴും ദുരൂഹമായി തുടരുന്ന അദ്ദേഹത്തിന്റെ മരണം പുനരന്വേഷണത്തിന് പോലും വിധേയമാക്കേണ്ടതാണ്. കാർഡിയാക് അറസ്റ്റ് മൂലം മരിച്ചു എന്നായിരുന്നു ഔദ്യോഗികമായ അറിയിപ്പ്. എന്നാൽ അതൊരു കൊലപാതകം ആണ് എന്ന് വിശ്വസിക്കുന്നവർ പോലും ഏറെയുണ്ട്.