കൊച്ചി: ലത്തീൻ കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പാണ് സൂസപാക്യം. ജലന്ധർ രൂപതയും ലത്തീൻ കത്തോലിക്കാ സഭയുടേതാണ്. ഇതിന് പുറമേ കെസിബിസിയുടെ പ്രസിഡന്റ് കൂടിയാണ് മാർ സൂസപാക്യം. എന്നാൽ കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കേസിൽ സൂസപാക്യം പ്രതികരണത്തിന് എത്തിയില്ല. സാമൂഹിക പ്രശ്‌നങ്ങളിൽ മുഖം നോക്കാതെ വിമർശനം ഉന്നയിക്കുന്ന മാർ സൂസപാക്യത്തിന്റെ നിലപാട് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതോടെ മൗനം വെടിയുകാണ് സൂസപാക്യം.

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്നു ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം വിശദീകരിക്കുന്നു. സത്യം ആർക്കൊപ്പമാണെന്നു വ്യക്തമായിട്ടില്ല. സഭയ്‌ക്കെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലും സഹപ്രവർത്തകരായ മെത്രാന്മാർ ബിഷപ് ഫ്രാങ്കോയെ ജയിലിൽ സന്ദർശിച്ചതിലും 'അനുകൂലിച്ചു, പ്രതികൂലിച്ചു 'എന്ന വാദം ശരിയല്ല. കത്തോലിക്കാ മെത്രാൻസമിതി ഇരുകൂട്ടരെയും ഉൾക്കൊള്ളുന്നു. ഇക്കാര്യത്തിൽ സമദൂരമാണു കെസിബിസിയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കെസിബിസിക്കോ, പ്രസിഡന്റ് എന്ന നിലയിൽ തനിക്കു നേരിട്ടോ കന്യാസ്ത്രീ പരാതി നൽകിയിട്ടില്ല. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയ പരാതി വ്യക്തിപരവും രഹസ്യമായി സൂക്ഷിക്കണമെന്ന നിർദ്ദേശത്തോടെയുള്ളതും ആയിരുന്നു. അതിലും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമില്ലെന്നാണ് അറിഞ്ഞത്. മാധ്യമങ്ങളിലൂടെ മാത്രമാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞത്. പൊലീസിൽ പരാതി നൽകാനുള്ള കന്യാസ്ത്രീയുടെ അവകാശം കെസിബിസി മാനിക്കുന്നു.

സഭാ നേതൃത്വത്തിനു നൽകിയ പരാതിയിൽ അന്വേഷണമുണ്ടാവും. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ അതിനു സമാന്തരമായി കെസിബിസി പരസ്യ അന്വേഷണം നടത്തില്ല. പൊലീസ് അന്വേഷണവുമായി സഹകരിക്കും. പരാതിയിൽ വാദിയും പ്രതിയും സഭാംഗങ്ങളാണ്. ആരു ജയിച്ചാലും തോറ്റാലും അതിന്റെ അപമാനവും മുറിവും സഭാ കുടുംബം മുഴുവനുമാണ്. അന്വേഷണം പൂർത്തിയായി വിധിവരും വരെ ആരെയും വേട്ടക്കാരനോ ഇരയോ ആയി തീരുമാനിക്കുന്ന സമീപനത്തോടു യോജിപ്പില്ല. ഇതിന്റെ മറവിൽ സഭയെ അടച്ചാക്ഷേപിക്കുന്നതിൽ പ്രതിഷേധിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇതോടെ ഒരേ സമയം വേട്ടക്കാരനും ഇരയ്ക്കുമൊപ്പമാണെന്ന നിലപാട് കെ സി ബി സി പരസ്യമായി പ്രഖ്യാപിക്കുകയാണ്. കന്യാസ്ത്രീകളുടെ ആരോപണത്തെ പരസ്യമായി സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ഇത്തരം പ്രസ്താവനകളെന്ന വാദവും സജീവമാണ്.

ജലന്ധർ വിഷയത്തിൽ കെസിബിസി അധ്യക്ഷന്റെ വിശദീകരണക്കുറിപ്പ്

ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേരളകത്തോലിക്കാ മെത്രാൻ സമിതി വളരെയേറെ വിമർശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസരമാണിത്. ജലന്ധർ രൂപതാധ്യക്ഷ്യനെതിരേ ഒരു സന്ന്യാസിനി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണ് ചർച്ചാ വിഷയം. വർഷങ്ങളായി ഈ സന്ന്യാസിനി അടിച്ചമർത്തലും ഭീഷണിയും അപമാനവും സഹിക്കുന്നുവെന്നതാണ് പരാതി. ഭാരതത്തിലെ അപ്പസ്തോലിക നുൺഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരവാദിത്വപ്പെട്ടവർക്കും വ്യക്തിപരമായി കേരളത്തിലെ ചില മെത്രാന്മാർക്കും പരാതികൾ അയച്ചുവെന്നും സഭയുടെ ഭാഗത്തുനിന്നും പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പൊലീസിനെ സമീപിക്കുവാൻ നിർബന്ധിതയായിത്തീർന്നുവെന്നുമാണ് സമർപ്പിതയുടെ വിശദീകരണം. വളരെയേറെ ഗൗരവമായി എടുക്കേണ്ട വിഷയമാണിത്.

കെസിബിസി അധ്യക്ഷനെന്ന നിലയിൽ പ്രശ്ന പരിഹാരത്തിൽ നിന്നും നിലപാടു വ്യക്തമാക്കുന്നതിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറുന്നുവെന്നതാണ് എനിക്കെതിരായ ആക്ഷേപം. ഈ പശ്ചാത്തലത്തിൽ ചില വസ്തുതകൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.

1. ഇന്ന് 2018 ഒക്ടോബർ 5-ാം തീയതി, ഈ ദിവസം വരെ കെസിബിസിക്കോ, വ്യക്തിപരമായി എനിക്കോ ഈ സന്ന്യാസിനിയിൽനിന്ന് ഒരു പരാതി പോലും ലഭിച്ചിട്ടില്ല. കർദിനാൾ ആലഞ്ചേരിക്ക് അയച്ച പരാതി വ്യക്തിപരമാണെന്നും രഹസ്യാത്മകമായി ( personal and confidential) സൂക്ഷിക്കുവാൻ ആവശ്യപ്പെട്ടുവെന്നുമാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല ഈ പരാതികളിലൊന്നിലും ലൈംഗികമായ ആരോപണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നാണ് സൂചന. മൂന്നു മാസങ്ങൾക്കു മുമ്പ് ജൂൺ മാസം അവസാനം പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിനെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും കെസിബിസി അറിയുന്നത് പത്ര മാധ്യമങ്ങളിലൂടെ മാത്രമാണ്. ജൂലൈ മാസം ആരംഭത്തിൽ കൊച്ചിയിൽ ചില മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഇപ്രകാരമുള്ള പ്രശ്നങ്ങളെ കെസിബിസി എങ്ങനെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് പൊതുവായി ഞാൻ സൂചിപ്പിച്ച ഏതാനും ചില കാര്യങ്ങൾ ഇവയാണ്:

- ന്യായം നിഷേധിക്കപ്പെട്ടു എന്നുതോന്നുന്ന അവസരങ്ങളിൽ പൊലീസിൽ പരാതിപ്പെടാനുള്ള സന്ന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കെസിബിസി മാനിക്കുന്നു.
- സഭയുടെ ഭാഗത്തുനിന്നും പരാതി സ്വീകരിച്ചവർ അന്വേഷണം മുറപോലെ നടത്തും. തക്ക സമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷാ നടപടികളും ഉണ്ടാകും.
- പൊലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുൻഗണന നല്കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തുനിന്നുണ്ടാവില്ല. സത്യം അറിയാനും നീതി നടപ്പാക്കാനും പൊലീസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും.
- പ്രശ്നത്തിന്റെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാൾ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും മുറിവും വേദനയും സഭാ കുടുംബം മുഴുവൻ ഏറ്റെടുത്തേ മതിയാവൂ. ഒരു അവയവം വേദനയനുഭവിക്കുമ്പോൾ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു (1കോറി.12:26). ഈ വസ്തുത എളിമയോടെ ഞങ്ങൾ അംഗീകരിക്കുന്നു.
- അന്വേഷണം പൂർത്തിയായി വിധിവരുന്നതുവരെ ചിലരെ വേട്ടക്കാരായും മറ്റു ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ല.
- ഇതിന്റെ മറവിൽ സഭയെ മുഴുവനും അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അങ്ങേയറ്റം അപലപിക്കുന്നു.

2. ഈ പത്രസമ്മേളനം കഴിഞ്ഞ് രണ്ടാഴ്ചകൾക്കുശേഷം സിബിസിഐ അധ്യക്ഷൻ കാർഡിനൽ ഗ്രേഷ്യസിനെയും നുൺഷ്യോയെയും ഡൽഹി മെത്രാപൊലീത്തായെയും ഞാൻ ടെലഫോണിൽ ബന്ധപ്പെടുകയുണ്ടായി. കേരളത്തിൽ ഈ പ്രശ്നം വളരെ സങ്കീർണ്ണമാണെന്നും സാധിക്കുകയാണെങ്കിൽ ജലന്ധർ രൂപതാധ്യക്ഷൻ രൂപതാഭരണത്തിൽ നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ ഉപദേശിക്കണമെന്നും ഞാൻ അഭിപ്രായപ്പെട്ടിരുന്നു. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് അനുഭാവപൂർവം ചിന്തിക്കാമെന്ന മറുപടിയാണ് അവരിൽ നിന്ന് എനിക്ക് ലഭിച്ചത്.

- സെപ്റ്റംബർ എട്ടാം തീയതി ഹൈക്കോർട്ട് പരിസരത്ത് സന്ന്യാസിനികളുടെ സമരം ആരംഭിച്ചു. മാധ്യമവിചാരണകൾ ഒന്നുകൂടി ശക്തമാകുകയും നിക്ഷിപ്ത താല്പര്യക്കാർ സഭയെ പ്രതികൂട്ടിൽ നിർത്തി കൂടുതൽ ശക്തി ആർജിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സന്ദർഭത്തിൽ സെപ്റ്റംബർ 12-ാം തീയതി അന്വേഷണത്തെ വീണ്ടും സ്വാഗതം ചെയ്തുകൊണ്ടും നേരത്തെ പറഞ്ഞതുപോലെ അന്വേഷണവുമായി ആത്മാർഥതയോടെ സഹകരിക്കാമെന്ന് ഉറപ്പുനല്കികൊണ്ടും സഭയെ അവഹേളിച്ചുകൊണ്ടുമുള്ള സമരപരിപാടികളെ അപലപിച്ചുകൊണ്ടും കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

3. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ചില രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും സാംസ്‌കാരിക നായകരും സമരത്തെ അനുകൂലിക്കുകയും നിക്ഷിപ്ത താല്പര്യക്കാർ സഭയെ അവഹേളിക്കുകയും, സിബിസിഐയുടെയും കെസിബിസിയുടെയും ശവപ്പെട്ടിയുണ്ടാക്കി സംസ്‌കാരം നടത്തുകയും ചെയ്തപ്പോൾ വേദന തോന്നി. ബോധ്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാനുള്ള ആരുടെയും അവകാശത്തെയോ സ്വാതന്ത്ര്യത്തെയോ ഞാൻ ചോദ്യം ചെയ്യുന്നില്ല.

- അന്വേഷണത്തിനായി മെത്രാനെ കേരളത്തിൽ വിളിച്ചുവരുത്താൻ പോകുന്നതായും, അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന മുറവിളി വർധിക്കുന്നതായും ഏതാനും ദിവസങ്ങൾക്കകം അറസ്റ്റിന് സാധ്യതയുള്ളതായും അറിഞ്ഞ അവസരത്തിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു വ്യക്തവും ശക്തവുമായ എഴുത്തുകൾ നുൺഷ്യോയ്ക്കും, സിബിസിഐ അധ്യക്ഷനും അയയ്ക്കുകയുണ്ടായി. ഇതുവരെ കെസിബിസിക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും മേലധികാരികൾക്ക് അവർ അയച്ചുവെന്ന് മാധ്യമങ്ങളിൽ വന്ന പരാതികളുടെ ഉള്ളടക്കം എന്താണെന്ന് അറിയാത്തതുകൊണ്ട് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും അവരുടെ സംശയങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും കെസിബിസിയുടെ ഭാഗത്തുനിന്ന് പ്രയാസമുണ്ടെന്നും എന്താണ് ഈ പ്രശ്നത്തിന്റെ നിജസ്ഥിതിയെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഞാൻ ഈ എഴുത്തുകളിൽ ആവശ്യപ്പെട്ടിരുന്നു.

- സംശയിച്ചതുപോലെ സെപ്റ്റംബർ മാസം 19-ാം തീയതി അന്വേഷണവിധേയനായ മെത്രാനെ അറസ്റ്റുചെയ്യുകയുണ്ടായി.

- ഇക്കാര്യങ്ങൾ വിലയിരുത്താൻ സെപ്റ്റംബർ മാസം 23-ാം തീയതി അടിയന്തിരമായി കെസിബിസി വിളിച്ചുകൂട്ടി. ഇതുവരെ കെസിബിസി എടുത്ത നിലപാടുകൾ ന്യായമാണെന്നും അത് ഒന്നുകൂടി ആവർത്തിച്ച് പ്രസിദ്ധീകരിക്കണമെന്നും നിക്ഷിപ്ത താല്പര്യക്കാരുടെ സഭയ്ക്കെതിരായ ആക്ഷേപങ്ങളെ ചെറുത്തു നിൽക്കണമെന്നും പൊലീസിന്റെയും കോടതിയുടെയും ന്യായമായ എല്ലാ നടപടികളുമായി സഹകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

- കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സഭയെ അവഹേളിച്ച സമരത്തെ അപലപിച്ചതിന്റെയും, കസ്റ്റഡിയിലുള്ള മെത്രാനെ സ്നേഹിതരും സഹപ്രവർത്തകരുമായ ചില മെത്രാന്മാർ സന്ദർശിച്ചതിന്റെയും പേരിൽ, കെസിബിസി മെത്രാനെ അനുകൂലിക്കുകയും സന്ന്യാസിനികളെ എതിർക്കുകയും ചെയ്തെന്ന് വ്യാഖാനിക്കുന്നത് ശരിയല്ല. വ്യക്തിപരമായി ആർക്കും ആരെയും സന്ദർശിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ടല്ലോ. അന്വേഷണത്തിന്റെ അവസരത്തിൽ കെസിബിസി ഇരുകൂട്ടരെയും ഒരുപോലെ ഉൾകൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഞങ്ങളുടെ പക്കലേക്ക് വന്ന ആരെയും സ്വീകരിക്കാതിരുന്നിട്ടുമില്ല.

4. ഇതിനിടയ്ക്കാണ് പ്രശ്നത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സാധ്യമായ വിവരങ്ങൾ തന്ന് സഹായിക്കണമെന്ന എന്റെ എഴുത്തിന് സിബിസിഐ അധ്യക്ഷന്റെയും നുൺഷ്യോയുടെയും മറുപടികൾ ലഭിക്കുന്നത്.

- സിബിസിഐ അധ്യക്ഷൻ കർദിനാൾ ഗ്രേഷ്യസിന്റെ മറുപടി ഇതാണ്. 'THE FIRST COMMUNICATION OF THE SISTER TO ME WAS ON SEPTEMBER 10, ENCLOSING THE COPY OF HER LETTER OF SEPTEMBER 8 TO THE NUNCIO'. നമുക്കറിയാവുന്നതുപോലെ സെപ്റ്റംബർ 8-ാം തീയതിയാണ് സമരം ആരംഭിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞ് സെപ്റ്റംബർ 10-ാം തീയതി എഴുതിയ പരാതിയാണ് സിബിസിഐയുടെ അധ്യക്ഷന് സന്ന്യാസിനിയുടെ ഭാഗത്തുനിന്നുള്ള ആദ്യത്തെ പരാതി. അതുവരെ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളെ അദ്ദേഹത്തിന് അറിയാമായിരുന്നുള്ളൂ. ഈ പരാതി കിട്ടിയ ഉടൻ തന്നെ ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ലെങ്കിലും ടെലഫോണിലൂടെ റോമിലെ അധികാരികളെ അറിയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

നുൺഷ്യോയുടെ വ്യക്തിപരമായ മറുപടിയിൽ പരാതിയെക്കുറിച്ചുള്ള വിശദവിവരങ്ങളൊന്നുമില്ല. ഒരു പക്ഷേ നയതന്ത്രപരമായ രീതിയായിരിക്കാം അത്. ഇവിടത്തെ എല്ലാ വാർത്തകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും റോമിലെ മേലധികാരികളെ എല്ലാ വിവരങ്ങളും അറിയിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 'FROM MY PART I DON'T HAVE ANY DOCUMENTS TO SHARE', എന്നാണ്. അതായത് നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ കൈയിൽ ഒരു രേഖയും ഇല്ലെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

കെസിബിസിയെ ഇന്ന് ധാരാളംപേർ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കിട്ടാത്ത ഒരു പരാതിയിന്മേൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനുമപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയില്ല. കെസിബിസിക്ക് എവിടെയാണ് തെറ്റു പറ്റിയതെന്ന് മനസ്സിലാകുന്നില്ല. എനിക്ക് പറയാനുള്ള വസ്തുതകൾ സത്യസന്ധമായ രീതിയിൽ ഇവിടെ അവതരിപ്പിക്കുവാൻ ഞാൻ ശ്രമിച്ചുവെന്നെയുള്ളൂ. ആരൊക്കെ ആർക്കൊക്കെ പരാതികൾ അയച്ചുവെന്നോ എന്തോക്കെയാണ് അതിന്റെ ഉള്ളടക്കമെന്നോ എനിക്കറിയില്ല. പ്രശ്നത്തിന്റെ ചുരുളുകൾ അഴിയുന്നതേയുള്ളൂ. ആരെയും വിധിക്കാനോ ന്യായികരിക്കാനോ സമയമായിട്ടില്ല. ആത്മാർഥതയോടും സത്യസന്ധതയോടും കൂടി സത്യം പുറത്തുകൊണ്ടുവരുവാനും നീതി നടപ്പാക്കാനും നമുക്കൊരുമിച്ച് സഹകരിക്കാം.

ഇത്തരം സന്ദർഭങ്ങളിൽ മാറിനിന്ന് വിമർശിക്കാതെ പ്രശ്ന പരിഹാരത്തിന് സഭാ നേതൃത്വത്തെ സഹായിക്കാൻ സുസമ്മതരും സഭാസ്നേഹികളുമായ ഒരു കൂട്ടം അല്മായർ മുന്നോട്ടുവന്ന് പ്രവർത്തനമാരംഭിച്ചത് വളരെയേറെ പ്രതീക്ഷകൾക്കു വകനല്കുന്നുണ്ട്. കെസിബിസി തുടർന്നു സ്വീകരിക്കുന്ന നടപടികളിലും ഈ അല്മായ സമിതിയുടെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കുന്നതാണ്.

സ്നേഹപൂർവം,

ആർച്ചുബിഷപ്പ് എം. സൂസ പാക്യം,
കെസിബിസി പ്രസിഡന്റ്