- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടപരിഹാരം എപ്പോൾ കൊടുത്തു തീർക്കുമെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ വേണം; ഇത് അവസാന താക്കീതാണെന്നും നിലപാട് അറിയിച്ചില്ലെങ്കിൽ കണ്ട് കെട്ടിയ വസ്തുക്കൾ വിൽക്കുമെന്നും മുന്നറിയിപ്പ്; മരട് ഫ്ലാറ്റ് നിർമ്മാതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കൊച്ചി മരടിൽ പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾക്ക് അന്ത്യശാസനം നൽകി സുപ്രീംകോടതി. ഉടമകൾക്കും സർക്കാരിനും നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ചായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. നഷ്ടപരിഹാരം എപ്പോൾ കൊടുത്തു തീർക്കുമെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ഫ്ളാറ്റ് നിർമ്മാതാകൾക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകി.
ഇത് അവസാന താക്കീതാണെന്നും നിലപാട് അറിയിച്ചില്ലെങ്കിൽ കണ്ട് കെട്ടിയ വസ്തുക്കൾ വിൽക്കുന്നതിനുള്ള തുടർ നടപടികളുമായി മുന്നോട്ട് പോകാൻ ജസ്റ്റിസ് നിർദ്ദേശം നൽകുമെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. എന്നാൽ അനധികൃതമായി ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയവരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നാണ് ഫ്ളാറ്റുടമകൾ കോടതിയിൽ വാദിച്ചത്. തുടർന്ന് ഫ്ളാറ്റുടമകൾ ഉൾപ്പടെ എല്ലാ കക്ഷികളോടും നിലപാടുകൾ എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു.അടുത്ത ഡിസംബറിൽ മരടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിച്ച് തീർപ്പാക്കുമെന്ന് കോടതി അറിയിച്ചു.
ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ പ്രവർത്തന കാലാവധി സുപ്രീംകോടതി നീട്ടി. സമിതി പിരിച്ച് വിടണമെന്ന ഫ്ളാറ്റ് നിർമ്മാതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സമിതിയുടെ ആവശ്യം പരിഗണിച്ച് അമിക്കസ് ക്യുറിയായി സീനിയർ അഭിഭാഷകൻ ഗൗരവ് അഗർവാളിനെ നിയമിച്ചു. സമിതി അദ്ധ്യക്ഷനടക്കമുള്ളവരുമായി സംസാരിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യുറിയോട് കോടതി നിർദ്ദേശിച്ചു.
ഫ്ലാറ്റ്സമുച്ചയം പൊളിച്ചപ്പോൾ സംസ്ഥാനസർക്കാർ ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം ഇടക്കാല നഷ്ടപരിഹാരം നൽകി. ഈ തുക നിർമ്മാതാക്കളിൽനിന്ന് സർക്കാർ ഈടാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. ഇതനുസരിച്ച് ജസ്റ്റിസ് ബാലകൃഷ്ണൻനായർസമിതി നിർമ്മാതാക്കൾ 61.5 കോടി രൂപ അടയ്ക്കണമെന്ന് ഉത്തരവിട്ടു. നിർമ്മാതാക്കൾ മൂന്നുകോടിയോളം രൂപ മാത്രമാണ് അടച്ചത്.
മരടിലെ പൊളിച്ച ഫ്ലാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സമിതി ഇതുവരെ ഇറക്കിയ എല്ലാ ഉത്തരവുകളും സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ സുപ്രീം കോടതിയിൽ നടത്തേണ്ട കേസിനെ സംബന്ധിച്ച് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ നൽകിയ ഉപദേശം ഫ്ലാറ്റ് ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. സുപ്രീം കോടതി നിയമിച്ച സമിതി ഇത്തരം ഉപദേശങ്ങൾ നൽകുന്നതിനെതിരെ ജസ്റ്റിസ് ബാലകൃഷ്ണൻ നായർക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമ സാനി ഫ്രാൻസിസ് പരാതി നൽകിയിരുന്നു.
എന്നാൽ സമിതിക്ക് ജുഡീഷ്യൽ, എക്സിക്യുട്ടീവ് അധികാരങ്ങൾ ഉണ്ടെന്നും അതിനാൽ നിയമ ഉപദേശം നൽകാൻ കഴിയുമെന്ന നിലപാടാണ് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണൻ നായർ സമിതി അടിയന്തിരമായി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹോളി ഫെയ്ത്ത് ഉടമ സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വിശദീകരിച്ചിരുന്നു.
മറുനാടന് ഡെസ്ക്