അബുദാബി: തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഫൂട്ബോൾ താരത്തിന് അർഹിക്കുന്ന ആദരം നൽകി യു.എ. ഇ വിട നൽകി. ബുർജ് ഖലീഫയിൽ ചിത്രം തെളിയിച്ചാണ് യു എ ഇ ഫൂട്ബോൾ ഇതിഹാസത്തിന് ആദരം അർപ്പിച്ചത്.

യു എ ഇയുമായി അടുത്ത ബന്ധമായിരുന്നു മറഡോണയ്ക്ക്. കായിക പരമായും രാഷ്ട്രീയ പരമായും മറഡോണ യു എ ഇയുമായി ആത്മബന്ധം പുലർത്തിയിരുന്നു. അൽവാസൽ ക്ലബ്ബിന്റെയും ഫുജൈറ ഫുട്ബോൾ ക്ലബ്ബിന്റെയും കോച്ചായും മാറഡോണ സേവനമനുഷ്ഠിച്ചിരുന്നു. 2010 ലോകകപ്പിൽ ക്വാർച്ചറിലെ തോൽവിയോടെ അർജ്ജന്റീനയുടെ പരീശീലക സ്ഥാനം തെറിച്ചതോടെയാണ് യു എ ഇയുമായുള്ള മറഡോണയുടെ ആത്മബന്ധം തുടങ്ങുന്നത്. 2011 ൽ ആണ് അൽവാസൽ ക്ലബ്ബിന്റെ പരിശീലകനായി മറഡോണ യു എ ഇയിൽ എത്തുന്നത്. മാസങ്ങൾ മാത്രമെ ഈ പരീശീലക സ്ഥാനം ഉണ്ടായിരുന്നുള്ളുവെങ്കിലും യു എ ഇയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല.

പിന്നീട് ദുബൈ കായിക രംഗത്തിന്റെ അംബാസിഡറായാണ് അദ്ദേഹം എത്തിയത്. ഫലസ്തീൻ ജനതയോടുള്ള തന്റെ ആഭിമുഖ്യം മറഡോണ വ്യക്തമാക്കുന്നതും 2012 ൽ ദുബൈയിൽ വാസത്തിനിടയിലാണ്. ഇന്നലെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മറഡോണയുടെ ചിത്രം തെളിഞ്ഞത്. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിൽ ആണ് മറഡോണ അന്ത്യവിശ്രമം കൊള്ളുന്നത്. ദേശീയ പതാക ചുറ്റി ലോകപ്രശസ്തമായ അർജന്റീനയുടെ പത്താം നമ്പർ ജഴ്‌സി പുതപ്പിച്ചാണ് രാജ്യം ഫുട്ബോൾ ഇതിഹാസത്തെ യാത്രാക്കിത്.

അപൂർവ്വാവസരങ്ങളിൽ മാത്രമാണ് ബുർജ് ഖലീഫയിൽ ചിത്രം തെളിയിച്ച് ആദരം നൽകുന്നത്. ഇന്ത്യയിൽ നിന്ന് മഹാത്മഗാന്ധി, ഷാറൂഖ് ഖാൻ തുടങ്ങിയവരുടെ ചിത്ര പ്രത്യേക സന്ദർഭങ്ങളിൽ ബൂർജ് ഖലീഫയിൽ തെളിഞ്ഞിരുന്നു.സ്വാതന്ത്രദിനത്തിൽ ദേശീയ പതാക തെളിയിച്ചും യു എ ഇ ഇന്ത്യക്ക് ആശംസകൾ അറിയിച്ചിരുന്നു.