- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണങ്ങൾ അനുവദനീയ തോതിലാണെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉപാധികൾ നിഷ്‌കർഷിച്ച് ക്രമപ്പെടുത്താം; ശിക്ഷ കണ്ടൽകാട് വയ്ക്കലും തീര ഗ്രാമങ്ങൾ ദത്തെടുക്കലും; റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് വേണ്ടി നിയമങ്ങൾ വളയുന്നു; ഇനി മരടിന് സമാനമായ പൊളിക്കൽ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പിക്കുമ്പോൾ
കൊച്ചി: സിആർസെഡ് നിയമപ്രകാരമുള്ള മുൻകൂർ അനുമതിയില്ലാതെ തീരമേഖലകളിൽ നടപ്പാക്കിയ വൻകിട പദ്ധതികൾ ക്രമപ്പെടുത്താൻ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അവസരം ഒരുക്കുന്നത് വിവാദത്തിൽ. നിർമ്മാണങ്ങൾ അനുവദനീയ തോതിലാണെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉപാധികൾ നിഷ്‌കർഷിച്ച് ക്രമപ്പെടുത്താനാണ് നീക്കം. ഇതിന് പിന്നിൽ വലിയ അഴിമിതിയുണ്ടെന്നാണ് സൂചന.
അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതികൾക്കാണു നിയമപ്രകാരം മുൻകൂർ അനുമതി വേണ്ടത്. മരട് ഫ്‌ളാറ്റ് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാനത്ത് ചട്ടം ലംഘിച്ചുള്ള നിർമ്മാണങ്ങളുടെ എണ്ണം അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മരടിൽ മാത്രം 291 നിർമ്മാണങ്ങളിൽ ചട്ട ലംഘനമുണ്ടെന്നും മറ്റിടങ്ങളിൽ പരിശോധിക്കുമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. ഇവർക്കെല്ലാം ഇനി ആശ്വാസം കിട്ടും. ചെറിയ ശിക്ഷ നൽകി എല്ലാം ക്രമപ്പെടുത്തും.
അനുവദനീയ തോതിലുള്ള വൻകിട നിർമ്മാണങ്ങളുണ്ടെങ്കിൽ പരിസ്ഥിതിക്കുണ്ടായ നഷ്ടം നികത്തിക്കൊണ്ടു ക്രമപ്പെടുത്തും. അതേസമയം, മറ്റു നിയമങ്ങളുടെ ലംഘനം ഉണ്ടെങ്കിൽ അതത് അധികൃതർക്കു നടപടി സാധ്യമാണെന്നും ഫെബ്രുവരി 19ലെ ഉത്തരവിൽ മന്ത്രാലയം വ്യക്തമാക്കി.സിആർസെഡ് ഭൂപടം, പരിസ്ഥിതി ആഘാത പരിശോധനാ റിപ്പോർട്ട്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസി തുടങ്ങിയ രേഖകൾ സഹിതം തീരപരിപാലന അഥോറിറ്റിക്കാണ് അപേക്ഷ നൽകേണ്ടത്.
കണ്ടൽ/കടൽപ്പുല്ല് പിടിപ്പിക്കൽ, തീരത്തു മണ്ണൊലിപ്പു തടയാൻ നടപടി, തീര പൈതൃക മേഖലാ സംരക്ഷണം, തീരഗ്രാമങ്ങളിൽ സോളർ/പാരമ്പര്യേതര ഊർജസ്രോതസുകൾ സ്ഥാപിക്കുക, ജലാശയങ്ങൾ പുനഃസ്ഥാപിക്കുക, മഴവെള്ള സംഭരണം, ബീച്ച് മണൽ സംരക്ഷണം, ബീച്ച് ശുചീകരണം തുടങ്ങിയ പരിസ്ഥിതി സംരക്ഷണ നടപടികളാണു പരിഹാരമായി നിർദേശിച്ചിട്ടുള്ളത്. അങ്ങനെ വമ്പന്മാർക്ക് നിയമ ലംഘനത്തെ നിയമപരമാക്കാം.
കമ്യൂണിറ്റി റിസോഴ്‌സ് പ്ലാനും ശിക്ഷയുടെ ഭാഗമായുണ്ട്. സമീപ തീരഗ്രാമങ്ങൾ ദത്തെടുക്കുക, നാട്ടുകാർക്കു വേണ്ടി സ്വയംസഹായ കൂട്ടായ്മകളും സംഘങ്ങളും, തദ്ദേശീയർക്കു തൊഴിലിനു മൈക്രോ ഫിനാൻസ് പദ്ധതി, യുവജനങ്ങൾക്കു തൊഴിൽ, മാലിന്യ സംസ്‌കരണം, മത്സ്യബന്ധന വല വിതരണം, കിണർ പുനരുദ്ധാരണം തുടങ്ങിയവയാണ് ഇവ.
ഇതെല്ലാം കൈക്കൂലിയുടെ സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ. അഴിമതിയിലൂടെ എല്ലാം ക്രമപ്പെടുത്തുമ്പോൾ പ്രതിസന്ധിയിലാകുക പരിസ്ഥിതിയാകും.
മറുനാടന് മലയാളി ബ്യൂറോ