- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കൾ ഇപ്പോഴും ഒളിച്ചു കളിക്കുന്നു; ഫ്ളാറ്റ് പൊളിച്ചതിന് നഷ്ടപരിഹാരമായി ഇതുവരെ സർക്കാർ നൽകിയത് 62 കോടി രൂപ; നിർമ്മാതാക്കൾ നൽകിയത് 5 കോടിയിൽ താഴെ മാത്രവും! നാല് ഫ്‌ളാറ്റുകളിലെ ഉടമകൾ നിർമ്മാതാക്കൾക്ക് കൈമാറിയത് 115 കോടിയും; വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനക്ക്
ന്യൂഡൽഹി: മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകൾ പൊളിച്ചപ്പോൾ ഏറ്റവും ആഘാതമേറ്റത് സംസ്ഥാന സർക്കാറിന്റെ ഖജനാവിന് തന്നെയാണ്. ഫ്‌ളാറ്റ് പൊളിക്കാനും നഷ്ടപരിഹാര ചെലവുകൾക്കുമായി ഖജനാവിൽ നിന്നും 62 കോടിയോളം രൂപ ചെലവഴിക്കേണ്ടി വന്നപ്പോൾ ഫ്‌ളാറ്റ് നിർമ്മാതാക്കൾ തങ്ങളുടെ പക്കൽ പണമില്ലെന്ന് കൈമലർത്തി കാണിക്കുന്ന അവസ്ഥയിലാണ്. ഇവർ ഇതുവരെ അഞ്ച് കോടി രൂപ മാത്രമാണ് നഷ്ടപരിഹാരം ഇനത്തിൽ നൽകിയിരിക്കുന്നത്. ഇവർ നഷ്ടപരിഹാരത്തുക നല്കാത്ത പക്ഷം സംസ്ഥാന സർക്കാറിന് അത് വൻ ബാധ്യതയായി നിലനിൽക്കുകയും ചെയ്യും.
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്ടപരിഹാര വിതരണത്തിനായി നിർമ്മാതാക്കൾ നൽകേണ്ട 61.50 കോടി രൂപയിൽ ഇതുവരെ നൽകിയത് അഞ്ച് കോടി രൂപയിൽ താഴെ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയാണ് സുപ്രീംകോടതിയെ അറിയിച്ചത്. നഷ്ടപരിഹാരം നൽകാനായി വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളിയതായി സമിതി സുപ്രീം കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന ഫ്ളാറ്റ് നിർമ്മാതാക്കളുടെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കും.
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകൾക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിർമ്മാതാക്കളും കൂടി നൽകേണ്ടത് 61.50 കോടി രൂപയാണ്. എന്നാൽ, ആകെ ലഭിച്ചത് 4,89,86,000 രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഫ്‌ളറ്റ് നിർമ്മാതാക്കൾ ഒളിച്ചുകളി തുടരുന്ന അവസ്ഥയാണുള്ളത്. 9.25 കോടി നൽകേണ്ട ഗോൾഡൻ കായലോരത്തിന്റെ നിർമ്മാതാക്കൾ നൽകിയത് 2,89,86,000 രൂപ മാത്രമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. മാത്രമല്ല, പതിനഞ്ചര കോടി നൽകേണ്ട ജയിൻ ഹൗസിങ് കൺസ്ട്രക്ഷൻ നൽകിയത് രണ്ട് കോടി രൂപ മാത്രമാണ് താനും.
17.5 കോടി നൽകേണ്ട ആൽഫ സെറീൻ, 19.25 കോടി നൽകേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെ ഒരു രൂപയും നൽകിയതായി സമിതി സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ രേഖപെടുത്തിയിട്ടില്ല. ലഭിച്ച തുകയിൽ 1,20,30,000 രൂപ സമിതിയുടെ ചെലവുകൾക്കായി സംസ്ഥാന സർക്കാരിന് കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയിൽ 3.75 കോടി രൂപ സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമിതി സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം നിർമ്മാതാക്കൾ കൈമർത്തിയതോടെ സംസ്ഥാന ഖജനാവിനാണ് ഇതിന്റെ ആഘാതം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാർ ഇതുവരെ 62 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാനായി കൈമാറിയിട്ടുണ്ട്. ഈ തുക 248 ഫ്ളാറ്റ് ഉടമകൾക്കായി വിതരണം ചെയ്തു. 25 ലക്ഷം രൂപവച്ചാണ് ഓരോ ഫ്ളാറ്റ് ഉടമയ്ക്കും നൽകിയത്. പ്രാഥമിക നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയവരിൽ ഒരാൾ മരിച്ചു. അദ്ദേഹത്തിന്റെ അവകാശികൾ ഇതുവരെയും നിയമപരമായ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഫ്ളാറ്റ് നിർമ്മാതാക്കളുടെ ബന്ധുക്കളാണെന്ന് കണ്ടെത്തിയ ആറു ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു.
തീറാധാരം ഇല്ലാത്ത 13 ഉടമകളുണ്ട്. എന്നാൽ ഫ്ളാറ്റ് വിൽക്കാനുള്ള കരാർ പത്രം ഉണ്ട്. ഇവർക്ക് പുനരധിവാസത്തിനുള്ള നഷ്ടപരിഹാരം നൽകണമോ എന്ന കാര്യത്തിൽ സുപ്രീം കോടതി തീരുമാനം എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകരിൽ ഒരാൾക്ക് അഞ്ച് ഫ്ളാറ്റുകൾ ഉള്ളതായി കണ്ടെത്തി. എട്ട് പേർക്ക് രണ്ട് ഫ്ളാറ്റുകൾ ഉണ്ട്. എന്നാൽ, ഇവർക്ക് 25 ലക്ഷം രൂപ മാത്രമേ നൽകിയുള്ളു എന്ന് സമിതി കോടതിയെ അറിയിച്ചു. പുനരധിവാസത്തിനുവേണ്ടി മാത്രമാണ് നഷ്ടപരിഹാരമെന്നും അതിനാൽ കൂടുതൽ ഫ്ളാറ്റ് ഉള്ളവർക്ക് കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്നും സമിതി കോടതിയിൽ വ്യക്തമാക്കി.
280 ഫ്ളാറ്റുകളിൽ 228 ഫ്ളാറ്റുകളുടെ നഷ്ടപരിഹാര വിതരണത്തിൽ തർക്കമില്ല. 58 ഫ്‌ളാറ്റുകളെ സംബന്ധിച്ചാണ് തർക്കമുള്ളത്. തർക്കമുള്ള കേസ്സുകളിൽ ഫ്ളാറ്റ് ഉടമകൾ കൈമാറിയ രേഖകൾ സമിതി പരിശോധിച്ചു. ഭൂമി വില ഒഴിവാക്കിയാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽകാനായി വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നാല് ഫ്ളാറ്റ് നിർമ്മാതാക്കളുടെയും ആവശ്യം തള്ളിയതായും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി നിർദേശിച്ചതനുസരിച്ചാണ് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി നിലപാട് കോടതിയെ എഴുതി അറിയിച്ചിരിക്കുന്നത്.
അതസമയം ഫ്‌ളാറ്റ് നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഇരട്ടിലാഭം ഉണ്ടാക്കിയിരുന്നു ഈ ഫ്‌ളാറ്റുകൾ വിറ്റപ്പോൾ. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിൽ പൊളിച്ച നാല് ഫ്‌ളാറ്റുകളിലെ ഉടമകൾ നിർമ്മാതാക്കൾക്ക് കൈമാറിയത് ആകെ 1,15,03,83,169 രൂപയാണെന്ന് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. ഭൂമി വില, രജിസ്ട്രേഷൻ ചാർജ്, നിർബന്ധിതമായി കൊടുക്കേണ്ട മറ്റ് തുകകൾ എന്നിവയ്ക്ക് പുറമേയുള്ള തുകയാണിതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു.
നിർമ്മാണത്തിനായി ഗോൾഡൻ കായലോരത്തെ ഫ്ളാറ്റ് ഉടമകൾ നൽകിയത് 13,37,00,245 രൂപയാണ്. ജയിൻ കോറലിലെ ഫ്ളാറ്റ് ഉടമകൾ നൽകിയത് 28,53,80,634 രൂപയും ആൽഫാ സെറീനിലെ ഫ്ളാറ്റ് ഉടമകൾ നൽകിയത് 32,09,82,613 രൂപയും ഹോളി ഫെയിത്തിലെ ഉടമകൾ നൽകിയത് 41,03,19,677 രൂപയുമാണ്.
മറുനാടന് ഡെസ്ക്