- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരടിലെ അനധികൃത ഫ്ളാറ്റ് നിർമ്മാണം: യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ കമ്മീഷൻ; ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ ചുമതലപ്പെടുത്തി സുപ്രീം കോടതി; ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനവും നിർമ്മാതാക്കളും അന്വേഷണ പരിധിയിൽ
തീരദേശ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയതിന്റെ പേരിൽ ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ആൽഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചത്. നിയമം ലംഘിച്ചുള്ള നിർമ്മാണത്തിന് ഉത്തരവാദികൾ ആയവരിൽനിന്ന് ഫ്ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയതിന്റെ പേരിൽ പൊളിച്ചുമാറ്റിയ മരടിലെ ഫ്ളാറ്റുകളുടെ നിർമ്മാണത്തിന് ഉത്തരവാദികൾ ആയവരെ കണ്ടെത്താൻ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി. കൽക്കട്ട, തെലങ്കാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെയാണ് സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിർമ്മാതാക്കൾക്കാണോ എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.
നിർമ്മാണത്തിന് ഉത്തരവാദികളായ ബിൽഡർമാർ, ഉദ്യോഗസ്ഥർ എന്നിവരെ കണ്ടെത്തത്താനാണ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. അന്വേഷണത്തിന് രണ്ട് മാസത്തെ സമയം ആണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. വേനൽ അവധികഴിഞ്ഞാൽ ഉടൻ അന്വേഷണ റിപ്പോർട്ട് പരിഗണിക്കുമെന്ന് ജസ്റ്റിസ്മാരായ എൽ. നാഗേശ്വർ റാവു, ബി.ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് എ.എം ഷെഫീക്കിനെ അന്വേഷണ കമ്മീഷനായി നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന ധാരണ. എന്നാൽ, സംസ്ഥാന സർക്കാർ ജസ്റ്റിസ് എ.എം ഷെഫീക്കിനെ നിയമിക്കുന്നതിനോട് വിയോജിപ്പ് അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെ സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
തീരദേശ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയതിന്റെ പേരിൽ ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ആൽഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചത്. നിയമം ലംഘിച്ചുള്ള നിർമ്മാണത്തിന് ഉത്തരവാദികൾ ആയവരിൽനിന്ന് ഫ്ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനിടയിൽ നഷ്ടപരിഹാരമായി നൽകിയ 62 കോടിയോളം രൂപ ഫ്ളാറ്റ് നിർമ്മാതാക്കളിൽനിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, നിർമ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ അന്വേഷണം ആവശ്യമാണെന്ന് ഫ്ളാറ്റ് നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരോ, തദ്ദേശ സ്വയം ഭരണ സ്ഥാപനമോ ആണ് നിർമ്മാണത്തിന് ഉത്തരവാദികളെങ്കിൽ അവരാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്ന് ഫ്ളാറ്റ് നിർമ്മാതാക്കൾക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ കപിൽ സിബൽ, റാണ മുഖർജി, സിദ്ധാർഥ് ദാവെ, അഭിഭാഷകരായ ഹാരിസ് ബീരാൻ, കെ. രാജീവ്, എ. കാർത്തിക് എന്നിവർ വാദിച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. ഫ്ളാറ്റ് ഉടമകൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, മീനാക്ഷി അറോറ, മഹാവീർ സിങ് എന്നിവർ ഹാജരായി.