കൊച്ചി: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ എത്തിക്കാൻ സമ്മർദ്ദം തുടരാൻ ഫിലിം ചേമ്പർ. നാല് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മരയ്ക്കാറെ തിയേറ്ററിൽ പിടിച്ചു നിർത്താനാണ് ചേമ്പറിന്റെ ശ്രമം. അമ്പത് ശതമാനം പ്രേക്ഷകരുമായി മരയ്ക്കാറെ തിയേറ്ററിലേക്ക് വിടില്ലെന്ന നിലപാടിലാണ് ആശിർവാദ് സിനിമാസ്. തിയേറ്ററിൽ മൊത്തം സീറ്റിലും ആളെ കയറ്റാൻ തയ്യാറായാൽ മരയ്ക്കാറെ തിയേറ്ററിൽ റിലീസ് ചെയ്യിക്കാമെന്നാണ് ആന്റണി പെരുമ്പാവൂരിന്റെ പുതിയ നിലപാട്. ഈ സാഹചര്യത്തിൽ തിയേറ്റർ പൂർണ്ണമായും പ്രവർത്തിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഫിലിം ചേമ്പറിന്റെ തീരുമാനം.

മോഹൻലാലിന്റെ ബ്രോ ഡാഡിയും ട്വൽത്ത് മാനും എലോണും ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ചെറിയ ബജറ്റിൽ എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം. ഇതിനെ ഫിലിം ചേമ്പർ എതിർക്കില്ല. എന്നാൽ തിയേറ്റർ റിലീസിന് വേണ്ടിയൊരുക്കിയ മരയ്ക്കാർ തിയേറ്ററിൽ തന്നെ കാണിക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ആന്റണി പെരുമ്പാവൂരും അറിയിച്ചിട്ടുണ്ട്. അമ്പത് ശതമാനം പേരെ മാത്രം തിയേറ്ററിൽ കയറ്റുമ്പോൾ മരയ്ക്കാറിന് നേട്ടമുണ്ടാക്കാനാകില്ലെന്നത് വസ്തുതയാണ്. ഇത് ഫിലിം ചേമ്പറും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിന്റെ പാതിയിലേക്ക് കാര്യങ്ങൾ കൈവിടാതെ ചേമ്പർ പ്രത്യേകം ശ്രദ്ധിക്കും.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ ചേമ്പറിനെ ഞെട്ടിച്ചിരുന്നു റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തുകയും അന്തിമ ധാരണയിൽ എത്തുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടില്ല. ഈ സാഹചര്യത്തിലാണ് മരയ്ക്കാറെ തിരികെ പിടിക്കാനുള്ള നീക്കം. ക്രിസ്മസിന് മുമ്പ് തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റാനാകുമെന്ന നിലപാടിലാണ് ചേമ്പർ. ഇതിന് സർക്കാർ അനുമതി നേടിയെടുക്കാൻ ശ്രമിക്കും. ക്രിസ്മസിനാണ് മരയ്ക്കാർ റിലീസ് ആമസോണിലും ആന്റണി പെരുമ്പാവൂർ പ്ലാൻ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ചേമ്പർ നടത്തുന്നത്.

നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തിയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ മരയ്ക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.തിയേറ്റർ അല്ലെങ്കിൽ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അന്ന് പറഞ്ഞിരുന്നു.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തിയേറ്ററുടമകളും പറയുന്നു. ചിത്രത്തിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച് തങ്ങൾക്ക് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഏപ്രിൽ മാസത്തിൽ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് മരയ്ക്കാർ. കോവിഡ് പ്രതിസന്ധിമൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിർമ്മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തിയേറ്റർ ഉടമകൾ പറഞ്ഞു.

'മരയ്ക്കാർ ഒഴികെ സമീപകാലത്ത് നിർമ്മിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഒടിടി ഒരു താൽക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതൽ സിനിമകൾ ഇനി പോകില്ല. ബിഗ് സ്‌ക്രീനിനെ ധിക്കരിച്ച് സിനിമയ്ക്ക് നിലനിൽക്കാൻ കഴിയില്ല. താൽക്കാലിക പ്രതിസന്ധി മറികടക്കാൻ കുറച്ച് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്തുവെന്ന് മാത്രം. മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയും മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ട്വൽത്ത്മാനും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി ഉണ്ടാക്കിയ ചിത്രങ്ങളാണ്. അഞ്ചോ പത്തോ ദിവസങ്ങൾകൊണ്ടുണ്ടാക്കുന്ന ചിത്രങ്ങൾക്ക് തിയേറ്ററിൽ ഭാവിയില്ല. അവ ഒടിടി ചിത്രങ്ങളാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു'- തിയേറ്ററുടമകൾ കൂട്ടിച്ചേർത്തിരുന്നു.

ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡിലും എലോണും ട്വൽത്ത് മാനും ഒടിടിക്ക് കൊടുക്കുന്നതിനെ ചേമ്പറും എതിർക്കാത്തത്. ഷാജി കൈലാസിന്റെ മോഹൻലാൽ ചിത്രമാണ് എലോൺ. ബിഗ് ക്യാൻവാസിൽ ചിത്രമെടുത്ത സൂപ്പർ സംവധിയാകൻ. ആറാതമ്പുരാനും നരസിംഹം തുടങ്ങിയ ബിഗ് ഹിറ്റുകൾ മോഹൻലാലിനെ വച്ചെടുത്ത സംവിധായകൻ. ഈ സംവിധായകന്റെ പുതിയ ചിത്രം 17 ദിവസം കൊണ്ട് പൂർത്തിയായി. മലയാള ഇൻഡസ്ട്രിയെ പോലും ഈ വേഗത ഞെട്ടിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എലോണിൽ മോഹൻലാൽ ഏകനായി അഭിനയിച്ചുവെന്ന സൂചന പുറത്തായത്. തീരെ ചെലവു കുറച്ചെടുത്ത ചിത്രം.

മരയ്ക്കാറെ പാക്കേജിലാക്കി ഒടിടിക്ക് കൈമാറുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ഇന്ന് സിനിമാക്കാർ തിരിച്ചറിയുന്നുണ്ട്. പൃഥ്വിരാജാണ് ബ്രോ ഡാഡിയുടെ സംവിധായകൻ. അതിവേഗമാണ് തെലുങ്കാനയിൽ ചിത്രം പൂർത്തിയാക്കിയത്. പരമാവധി ചെലവു ചുരുക്കി. ദൃശ്യം രണ്ടിന്റെ പെരുമയിൽ നിൽക്കുന്ന ജിത്തു ജോസഫിന്റെ ട്വൽത്ത് മാന്റെ കഥ 24 മണിക്കൂറിലേക്ക് ചുരുങ്ങുന്നതാണ്. അതും അതിവേഗം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കി. ഇതെല്ലാം ഒടിടിയിലേക്ക് എല്ലാ സിനിമകളും കൂടി കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് തിയേറ്ററുകാർ കരുതുന്നു.

തിയേറ്റർ സംഘടനയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരിൽ നിന്ന് ഈ ചതി ആരും പ്രതീക്ഷിച്ചതുമല്ലെന്നതാണ് വസ്തുത. എങ്കിലും പ്രകോപനങ്ങൾക്ക് തൽകാലം സംഘടന പോകില്ല. ചേമ്പറിലൂടെ മരയ്ക്കാറെ എങ്കിലും തിയേറ്ററിൽ എത്തിക്കാനാണ് ഇത്.