പത്തനംതിട്ട: 123 വർഷം പഴക്കമുണ്ട് മാരാമൺ കൺവൻഷന്. അത്രയും തന്നെ പഴക്കമുണ്ട് സ്ത്രീകളോട് മാർത്തോമ്മ സഭ കാണിക്കുന്ന വിവേചനത്തിനും. കൺവൻഷന്റെ രാത്രികാല യോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. വേണമെന്ന് ഒരു പക്ഷം. പറ്റില്ലെന്ന് മറുപക്ഷവും. കഴിഞ്ഞ വർഷം കൺവൻഷൻ നഗറിൽ ഇതിന്റെ പേരിൽ കൂട്ടയടിയും നടന്നു. ശബരിമല കേറാൻ തയ്യാറെടുത്ത് നിൽക്കുന്ന തൃപ്തി ദേശായി ഉൾപ്പെടെയുള്ള ഒരു സ്ത്രീപക്ഷ വാദിയും ഇവിടേക്ക് കയറാൻ വന്നില്ല. സഭയുടെ വിവേചനത്തിന് എതിരേ ഹൈക്കോടതിയിൽ ഹർജി ചെന്ന കാര്യം ഇവിടുത്തെ മലയാളം മാധ്യമങ്ങൾ മുക്കി. ഇംഗ്ലീഷ് പത്രങ്ങളാകട്ടെ ഒരു കോളം വാർത്തയും നൽകി.

കൺവൻഷനിൽ സ്ത്രീകൾക്ക് രാത്രിയോഗങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി മാർത്തോമ്മ സിറിയൻ ക്രിസ്ത്യൻ ഇവാൻജലിക്കൽ അസോസിയേഷനോടും പുരോഹിത സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രികാല യോഗങ്ങളിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകളെ കൈയേറ്റം ചെയ്യാനും തടയാനും സഭയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന ഹർജിയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ കലക്ടറോടും എസ്‌പിയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. മാർത്തോമാ സഭയുടെ മിഷനറി വിഭാഗമായ സുവിശേഷ പ്രസംഗസംഘം നടത്തുന്ന കൺവൻഷനിൽ വൈകിട്ട് 6.30 മുതൽ നടക്കുന്ന യോഗത്തിലാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ളത് .

സ്ത്രീകൾക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സഭാ അംഗങ്ങൾ കഴിഞ്ഞ വർഷവും രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി മർത്തോമാ സഭ പ്രതിനിധി മണ്ഡലത്തിൽ ചില അംഗങ്ങൾ ഈ ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. കഴിഞ വർഷം മാരാമൺ കൺവൻഷൻ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് ഈ ആവശ്യം ഉന്നയിച്ച് പ്രകടനം നടന്നെങ്കിലും സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ അക്രമാസക്തരായത് വിവാദമായിരുന്നു. സ്ത്രീ പ്രവേശന വിഷയം ഇക്കുറിയും സജീവമാക്കി നിർത്തുന്നതിനുള്ള നീക്കമാണ് ഒരു വിഭാഗം സഭാ അംഗങ്ങൾ നടത്തുന്നത്. നവീകരണ വേദി എന്ന സംഘടനയാണ് സ്ത്രീകൾക്കുള്ള വിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് .

കൺവൻഷന്റെ സംഘാടകരായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെയാണ് ഹർജി നൽകിയിട്ടുള്ളത്. കൺവൻഷന്റെ രാത്രിയോഗത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. സ്ത്രീകളോടുള്ള കടുത്ത വിവേചനമാണിത്. ഗതാഗത സംവിധാനമൊന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീകൾക്ക് രാത്രിയിൽ എത്തുന്നതിന് ബുദ്ധിമുട്ട് ആയിരുന്നതിനാൽ രാത്രിയോഗത്തിൽ സ്ത്രീകൾ പങ്കെടുത്തിരുന്നില്ല.

എന്നാൽ പിന്നീട് സ്ത്രീകൾക്ക് രാത്രി യോഗത്തിൽ കർശനമായ വിലക്കായി മാറ്റുകയായിരുന്നു. അക്കാലത്ത് തോണിയിലും മറ്റുമായിരുന്നു വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നത . ഗതാഗത സംവിധാനവും സുരക്ഷാ ക്രമീകരണങ്ങളും ശക്തമായ ആധുനിക കാലത്ത് രാത്രിയോഗത്തിൽ സ്ത്രീകളെ വിലക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നാണ് ഒരു വിഭാഗം സഭാ അംഗങ്ങളുടെ വാദം. മറ്റ് ക്രൈസ്തവ സഭകൾ നടത്തുന്ന കൺവൻഷനുകളിലൊന്നും സ്ത്രീകളായ വിശ്വാസികൾക്ക് രാത്രിയോഗത്തിൽ വിലക്കില്ല.

അതിനിടെ സ്ത്രീ പ്രവേശന നിരോധനം ഈ വർഷത്തെ കൺവൻഷൻ കാലത്തും ചർച്ചാ വിഷയമായത് മാർത്തോമാ സഭാ നേതൃത്വത്തെ വെട്ടിലാക്കി. കഴിഞ്ഞ വർഷം കൺവൻഷന്റെ ഉദ്ഘാടന യോഗത്തിൽ മാർത്തോമ സഭയുടെ അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നടത്തിയ പ്രസംഗത്തിൽ മാരാമണ്ണിലെ രാത്രികാല യോഗത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാത്രിയിൽ നടക്കുന്നത് മാത്രമാണ് സുവിശേഷമെന്ന് ധരിച്ചിരിക്കുന്നവരാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന പരിഹാസവും അദ്ദേഹം നടത്തിയിരുന്നു.

മാരാമൺ കൺവൻഷനെതിരെ ചില ഛിദ്ര ശക്തികൾ ഇറങ്ങിയിരിക്കുന്നത് ശ്രദ്ധിക്കണമെന്ന് മെത്രാപ്പൊലീത്ത ഇന്നലെ സമാപനയോഗത്തിൽ നിർദ്ദേശിച്ചു. രാത്രി യോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നത് കാലങ്ങളായി നിലനിൽക്കുന്ന ചട്ടമാണ്. ഇതിനെ വെല്ലുവിളിച്ച് ചിലർ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. മണൽപുറത്തു ക്രമ പരിപാലനം നടത്തുന്നത് സഭ വിശ്വാസികളാണ്. ഇവിടേക്ക് പൊലീസിനെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. സ്ത്രീകളെ പൂർണ്ണമായും അംഗീകരിക്കുന്ന സഭയാണ് മാർത്തോമാ സഭ. പൂർവികർ നടത്തിവന്ന നിയമം പിന്തുടരുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്,.

ഇതിനെ അവഹേളനമായി ചിത്രീകരിക്കരുത്. കൺവൻഷൻ കാലയളവിൽ രാത്രി യോഗങ്ങളിൽ ഒഴികെ എപ്പോൾ വേണമെങ്കിലും സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയും. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കൺവൻഷൻ കഴിഞ്ഞാൽ പിന്നീട് എപ്പോൾ വേണമെങ്കിലും ആർക്കും മാരാമൺ മണൽ പുറത്തു വരാമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. സഭക്ക് എതിരെയുള്ള ഈ പ്രശ്നങ്ങളെ പ്രാർത്ഥനയിലൂടെ ചെറുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പന്തലിൽ പ്രത്യേക പ്രാർത്ഥനയും ഈ വിഷയത്തിൽ നടന്നു. അതേസമയം, ഭിന്നലിംഗക്കാരെ ഇക്കുറി യുവവേദി യോഗത്തിൽ പങ്കെടുപ്പിച്ച് സഭ കൈയടി നേടിയിരുന്നു.