- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരാമൺ കൺവൻഷന് തുടക്കമായി; ഭാരതത്തിന്റെ ബഹുസ്വരതക്കും നാനാത്വത്തിനും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്; പ്രതിസന്ധികളെ ചലനാത്മകമാക്കി നേരിടണമെന്ന് മാർത്തോമ്മ മെത്രാപ്പൊലീത്ത
പത്തനംതിട്ട: ഭാരതത്തിന്റെ ബഹുസ്വരതക്കും നാനാത്വത്തിനും വെല്ലുവിളി നേരിടുന്ന കാലഘത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ്മാർത്തോമ്മാ മെത്രാപ്പൊലീത്ത. 127-ാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റ് വിശകലം ചെയ്താൽ ഇത് ബോധ്യപ്പെടും. അവനവനിലേക്ക് തിരിയുമ്പോഴും സാധ്യതകൾ തുറന്നിടേണ്ടത് നന്മയിലേക്കാകണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. സാധ്യതകൾ കണ്ടെത്തി കർമ നിരതരാകേണ്ട കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ലോക യാഥാർഥ്യങ്ങൾ മനസിലാക്കാനുള്ള തിരിച്ചറിവാണ് സമൂഹത്തിന് ഉണ്ടാകേണ്ടത്.
പ്രതിസന്ധികളെ ചലനാത്മകമാക്കി നേരിടണം. കോവിഡ് തരംഗങ്ങൾ മാറുമ്പോൾ പുതിയ ലോകം കെട്ടിപ്പെടുക്കേണ്ടതുണ്ട്. പ്രതിസന്ധികളിൽ തളരാതെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരണം. നീതിക്കുവേണ്ടി പോരാടുമ്പോൾ വാതിലുകൾ തുറക്കപ്പെടും. സഭയാകണം ഇതിനു മാതൃകയാകേണ്ടത്. പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ വഴി മാറുകയും വേണം.
പ്രകൃതി ചൂഷണത്തിലൂടെയും യാഥാർഥ്യങ്ങൾ മറച്ചു വച്ചും സുഖലോലുപതയിലേക്ക് എത്തിപ്പെട്ടവർക്ക് തിരിച്ചറിവിന്റെ കാലഘട്ടം കൂടിയാണിത്. ജനം ഭക്ഷണം ലഭിക്കാതെയും കുടിവെള്ളം കിട്ടാതെയും കഷ്ടപ്പെടുന്നയിടത്താണ് അനാവശ്യ ധൂർത്തും സുഖഭോജനവും നടക്കുന്നത്. ബുദ്ധിമുട്ടുന്നവനെ അറിയാതെ സ്വയം ആഘോഷിക്കുകയാണ് പലരും ചെയ്യുന്നത്.
എല്ലാവരെയും സമന്മാരായി കാണുന്ന ഓണം ആഘോഷിക്കുന്ന നാടാണ് കേരളം. ഇവിടെ അസമത്വങ്ങൾക്ക് സ്ഥാനമില്ലാതെയാക്കാനുള്ള കടമ എല്ലാവർക്കുമുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികളാണ് വേണ്ടത്. മുന്നണി പോരാളികളെ ഓർക്കാതെ, ആദരിക്കാതെ ഓൺ ലൈനിൽ സഭ ചേർന്നിട്ട് എന്ത് കാര്യമെന്നും മെത്രാപ്പൊലീത്ത ചോദിച്ചു.
പൂഴ്‌ത്തി വയ്ക്കുന്നവരുടെ ലോകമല്ല പങ്കിടുന്നവരുടെ ലോകമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോൺ സാമുവേൽ പൊന്നുസ്വാമി, സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്