പത്തനംതിട്ട: 122ാമത് മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും.വിപുലമായ തയ്യാറെടുപ്പുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.പമ്പാ മണൽപ്പുറത്തു തയാറാക്കിയ പന്തലിലാണ് കൺവെൻഷന് തുടക്കമാകുന്നത്.ഫെബ്രുവരി 19 വരെയാണ് 122ാമത് മരാമൺ കൺവെൻഷൻ.

ഇന്ന് 2.30ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പ്രാരംഭ ആരാധനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷത വഹിക്കും.

ബിഷപ് എഡ്വേർഡ് മുകുന്ദലേലി റാമലോണ്ടി (ദക്ഷിണാഫ്രിക്ക), റവ. ക്ലയോഫസ് ജെ. ലാറു (യുഎസ്), ലോർഡ് ഗ്രിഫിത്ത്‌സ് (യുകെ), ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്‌സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവരാണ് ഈ വർഷത്തെ മുഖ്യപ്രസംഗകർ.

നാളെ മുതൽ 18 വരെ രാവിലെ 10, ഉച്ചയ്ക്ക് രണ്ട്, വൈകിട്ട് 6.30 എന്നീ സമയങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ട്. രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബൈബിൾ ക്ലാസ്, കുട്ടികൾക്കുള്ള പ്രത്യേക യോഗം എന്നിവയുണ്ട്. 15ന് 10ന് നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ സെറാംപുർ കോളജ് സെനറ്റ് ബിഷപ് ജോൺ എസ്. സദാനന്ദ പ്രഭാഷണം നടത്തും. 16 മുതൽ 18 വരെയുള്ള യുവവേദി യോഗങ്ങളിൽ ഫാ. ഡേവിസ് ചിറമ്മൽ, ബെന്യാമിൻ, ഉഷാ ടൈറ്റസ് എന്നിവർ പ്രസംഗിക്കും. 18ന് രാവിലത്തെ യോഗം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ജന്മശതാബ്ദി സമ്മേളനമായിട്ടാണ് നടത്തുക.