- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാര്യപാണ്ഡ്യനെ കണ്ടപ്പോൾ ശ്രീജയ്ക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല; കരുണാകരന്റെ കരുത്തിൽ ആദ്യ ദത്ത് പുത്രിയായ പെൺകുട്ടി അന്നത്തെ കളക്ടറെ വീണ്ടും കണ്ടുമുട്ടിയപ്പോൾ
തിരുവനന്തപുരം: ശ്രീജയ്ക്ക് ജീവിതം നൽകിയത് മാരപാണ്ഡ്യനാണ്. കാസർഗോട്ടെ പഴയ കളക്ടർ. അച്ഛനും അമ്മയും സഹോദരങ്ങളുമുൾപ്പെടെ ജീവനറ്റു കിടന്ന അഞ്ചു മൃതദേഹങ്ങൾക്കു സമീപമിരുന്ന പെൺകുട്ടിയെ കളക്ടർ മാരപാണ്ഡ്യൻ നെഞ്ചോട് ചേർത്ത് പിടിച്ചു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ ആശ്വാസവും താങ്ങയപ്പോൾ ശ്രീജയ്ക്ക് പുതു ജീവിതം കിട്ടി. അങ്ങനെ ശ്ര
തിരുവനന്തപുരം: ശ്രീജയ്ക്ക് ജീവിതം നൽകിയത് മാരപാണ്ഡ്യനാണ്. കാസർഗോട്ടെ പഴയ കളക്ടർ. അച്ഛനും അമ്മയും സഹോദരങ്ങളുമുൾപ്പെടെ ജീവനറ്റു കിടന്ന അഞ്ചു മൃതദേഹങ്ങൾക്കു സമീപമിരുന്ന പെൺകുട്ടിയെ കളക്ടർ മാരപാണ്ഡ്യൻ നെഞ്ചോട് ചേർത്ത് പിടിച്ചു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ ആശ്വാസവും താങ്ങയപ്പോൾ ശ്രീജയ്ക്ക് പുതു ജീവിതം കിട്ടി. അങ്ങനെ ശ്രീജയെ ആദ്യമായി സംസ്ഥാന സർക്കാർ ദത്തുപുത്രിയായി
ഇരുപത്തിരണ്ടു കൊല്ലങ്ങൾക്കിപ്പുറം മാരപാണ്ഡ്യന്റെ കൈകളെ വീണ്ടും സ്പർശിച്ചപ്പോൾ ശ്രീജയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉറ്റവർ നഷ്ടപ്പെട്ട് നിസഹയായി നിന്ന തന്റെ മുമ്പിൽ നന്മയുടെ അവതാരമായി വന്ന ആ മനുഷ്യനു മുമ്പിൽ പൊട്ടിക്കരഞ്ഞു. വളർത്തുമകളെ കണ്ടപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി മാരപാണ്ഡ്യന്റെ കണ്ണുകളും നിറഞ്ഞു. തമിഴ് കലർന്ന മലയാളത്തിൽ അദ്ദേഹം പറഞ്ഞു, ഇല്ല മകളേ ഒരിക്കലും നിന്നെ എനിക്ക് മറക്കാനാകില്ല.
സ്‌കൂൾ കലോത്സവത്തിൽ ചാക്യാർകൂത്തിൽ മത്സരിക്കാനെത്തിയ ശ്രീജയുടെ മകൾ ശ്രീലക്ഷ്മിയ്്ക്കും ഇളയവൾ മീനാക്ഷിക്കും ചന്ദന തൈലവും മാരപാണ്ഡ്യൻ നൽകി. അങ്ങനെ അപൂർവ്വ സമാഗമത്തിന് നറുമണവുമെത്തി. 1994 ജൂലെ 20 ന് രാവിലെ മരം വീണ് ഒരു കുടുംബം മുഴുവൻ മരണപ്പെട്ടു എന്ന വിവരമറിഞ്ഞാണ് കലക്ടർ മാരപാണ്ഡ്യൻ കാസർകോഡ് അണിഞ്ഞ എന്ന സ്ഥലത്തെത്തിയത്. മരം മുറിച്ചുമാറ്റി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനിടെയാണ് ഇത്തിരി ജീവൻ അവശേഷിപ്പിച്ച് ശ്രീജ എന്ന പതിനഞ്ചുകാരി കട്ടിലിനടിയിൽ കിടക്കുന്ന കാര്യം മാരപാണ്ഡ്യന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹം അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു.
അച്ഛൻ കമ്മാരൻ നായർ, അമ്മ മീനാക്ഷി, അനുജത്തി ബിന്ദു, ചേട്ടന്മാരായ പവിത്രൻ, തുളസി എന്നിവരെയാണ് ദുരന്തത്തിൽ ശ്രീജയ്ക്ക് നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ സംസ്‌കാരച്ചടങ്ങിനായി വീട്ടിലെത്തിക്കാൻ എടുത്ത രണ്ടു മണിക്കൂർ സമയമാണ് ശ്രീജയുടെ ജീവിതം മാറ്റിമറിച്ചത്. ഒരു ദുരന്തത്തിൽപ്പെട്ടു സർവവും നഷ്ടപ്പെട്ടു നിൽക്കുന്ന ആ പെൺകുട്ടിയെ വെറുതേ ആശ്വസിപ്പിച്ച് മടങ്ങാൻ മാരപാണ്ഡ്യൻ തയ്യാറായില്ല. അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിൽ അന്നത്തെ കേരളാ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്റെ പ്രത്യേക വൈഭവം അറിയാമായിരുന്ന മാരപാണ്ഡ്യൻ ഉടൻ തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ടു.
ശ്രീജയെ സർക്കാർ ദത്തുപുത്രിയായി ഏറ്റെടുക്കണമെന്നും അവൾക്കു സർക്കാർ വീടു വച്ചു നൽകണമെന്നും കൂടാതെ പതിനെട്ട് വയസു തികയുമ്പോൾ ജോലി നൽകണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിവരങ്ങൾ കേട്ട അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ആ പഴയ കലക്ടർക്ക് മറക്കാനാകില്ല. മിസ്റ്റർ പാണ്ഡ്യൻ താൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചോളൂ. റിപ്പോർട്ട് പിന്നീട് തന്നാൽ മതി, ഞാനത് ശരിയാക്കിക്കൊള്ളാം. അങ്ങനെ ശ്രീജയ്ക്ക് പുതുജീവിതം കിട്ടി. ഡിസിഷൻ മേക്കിംഗിൽ ഇതാണ് കരുണാകരൻ സ്‌റ്റൈലെന്ന് വിവരിക്കുകയാണ് മാരപാണ്ഡ്യൻ.
കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസിലെ പത്താംക്ലാസുകാരി മകൾ ശ്രീലക്ഷമിയെ ചാക്യാർകൂത്തിൽ മത്സരിപ്പിക്കാനായാണ് ശ്രീജയും ഹൈസ്‌കൂൾ അദ്ധ്യാപകനായ ഭർത്താവ് വിനോദും തിരുവനന്തപുരത്ത് എത്തിയത്. ശ്രീജ റവന്യൂ വകുപ്പിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. മകൾക്ക് എ ഗ്രേഡ് കിട്ടിയ സന്തോഷത്തോടൊപ്പം തന്റെ വളർത്തച്ഛനെ കാണാനായ സന്തോഷത്തോടെയാണ് ശ്രീജ നാട്ടിലേക്കു മടങ്ങുന്നത്.
കടപ്പാട്-വി എസ് അനു(മംഗളം)