- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ചന്ദ്രൻ ദുബായിൽ പോയി; കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; വീട്ടിൽ മന്ത്രവാദികളെ എത്തിച്ചും പീഡനം; കൃഷ്ണമ്മയും സഹോദരി ശാന്തയും അപവാദ പ്രചാരണം നടത്തിയെന്ന നോട്ട് ബുക്ക് കുറിപ്പ് നിർണ്ണായകമായി; മാരായമുട്ടത്തെ ലേഖയുടേയും മകളുടേയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും കുടുംബവും; കാനറ ബാങ്കിനെ ഒഴിവാക്കി കുറ്റപത്രം; കേരളത്തെ കരയിപ്പിച്ച ഇരട്ട ആത്മഹത്യ വിചാരണയിലേക്ക്
തിരുവനന്തപുരം: കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയിൽ വീട്ടമ്മയായ മാതാവും എം ബി ബി എസ് എൻട്രൻസ് പരീക്ഷാ ഫലം കാത്തിരുന്ന മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃ ബന്ധുക്കളെയും പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് വെള്ളറട സർക്കിൾ ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ചത്. നെയ്യാറ്റിൻകര മാരായമുട്ടം മഞ്ചവിളാകത്ത് മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ (43) വിദ്യാർത്ഥിനിയായ മകൾ വൈഷ്ണവി (19) എന്നിവർ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരണമടഞ്ഞ കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ലേഖയുടെ ഭർത്താവ് ചന്ദ്രൻ , ചന്ദ്രന്റെ മാതൃ സഹോദരി ശാന്ത, ശാന്തയുടെ ഭർത്താവ് കാശിനാഥൻ , ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ എന്നിവരെ ഒന്നു മുതൽ നാലു വരെ പ്രതി ചേർത്താണ് വെള്ളറട സർക്കിൾ ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ ഒക്ടോബർ 9 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. അതേ സമയം ആത്മഹത്യാ പ്രേരണക്ക് ആരോപണ വിധേയരായ കാനറാ ബാങ്കധികൃതരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. 2019 മെയ് 14 ചൊവ്വാഴ്ച ഉച്ചയോടെയാണ് അമ്മയും മകളും വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിച്ചത്.
നെയ്യാറ്റിൻകര കാനറാ ബാങ്കധികൃതരുടെ നേരിട്ടും ഫോൺ മുഖേനയുമുള്ള നിരന്തര ഭീഷണിയിൽ മനംനൊന്താണ് ഇരട്ട ആത്മഹത്യ നടന്നത് എന്നായിരുന്നു ആദ്യം ഉയർന്ന വാദം. 2005 നവംബർ 12നാണ് അഞ്ചു ലക്ഷം രൂപയുടെ ഭവന നിർമ്മാണ വായ്പ കുടുംബം എടുത്തത്. ഒരു നില ടെറസ് വീട് പണി മുക്കാൽ ഭാഗം പൂർത്തിയാക്കി കുടുംബം താമസം തുടങ്ങി. ഇതിനിടെ മുതലും പലിശയും ചേർത്ത് എട്ടു ലക്ഷം രൂപ കാനറാ ബാങ്കിലടച്ചു. എന്നാൽ ഇനി വീണ്ടും 6 , 41, 546 രൂപയുടെ കുടിശ്ശികയുണ്ടെന്നുള്ള കള്ളക്കണക്ക് ചൂണ്ടിക്കാട്ടി ബാങ്ക് വിരട്ടൽ തുടങ്ങിയെന്നും വാദമെത്തി. ഇതെല്ലാം ഭർത്താവാണ് ചർച്ചയാക്കിയത്.
തുക മൊത്തമായി ഉടൻ അടച്ചില്ലായെങ്കിൽ കുടുംബത്തെ വീട്ടിൽ നിന്നിറക്കി വിട്ട് വീടും ഗേറ്റും താഴിട്ടു പൂട്ടി സീൽ ചെയ്ത് വീടും സ്ഥലവും ലേലത്തിൽ വിറ്റ് തുക ഈടാക്കുമെന്ന് ബാങ്ക് ഭീഷണി തുടങ്ങി. അതേ സമയം തങ്ങളടച്ച വായ്പാ ഗഡുക്കളുടെ ബാലൻസ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ് ആവശ്യപ്പെട്ട് പല തവണ ബാങ്കിനെ സമീപിച്ചെങ്കിലും അത് നൽകാൻ കൂട്ടാക്കാതെ പല ഒഴിവു കഴിവുകൾ പറഞ്ഞ് ലേഖയെ ബാങ്ക് തിരിച്ചയച്ചു. എന്നാൽ തവണയായി അടക്കാമെന്ന് അപേക്ഷിച്ചിട്ടു പോലും ബാങ്കധികൃതർ ചെവിക്കൊണ്ടില്ല. 14 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ബാങ്കാവശ്യപ്പെട്ട 6.41 ലക്ഷം രൂപ മൊത്തമായി അടച്ചില്ലായെങ്കിൽ 3 മണിക്ക് വീടും സ്ഥലവും ജപ്തി ചെയ്ത് കുടുംബത്തെ വീട്ടിൽ നിന്നറക്കി വിട്ട് കുടുംബത്തെ പെരുവഴിയിലിറക്കി വിടുമെന്ന് ബാങ്കധികൃതർ ഭീഷണിപ്പെടുത്തിയെന്നും വാദമെത്തി.
കിടക്കാടം നഷ്ടപ്പെട്ടാൽ പ്രായപൂർത്തിയായ മകളെയും കൊണ്ട് എവിടെ പോകുമെന്ന് ചിന്തിച്ച് ജപ്തി ഭീഷണിയിൽ മനം നൊന്ത് അമ്മയും മകളും ഉച്ചയോടെ തീകൊളുത്തി മരണത്തിന് കീഴടങ്ങുകയായിരുന്നു. ബാങ്കിന്റെ മനസ്സാക്ഷി മരവിപ്പിക്കുന്ന മാനസിക പീഡനമാണ് അമ്മയേയും മെഡിക്കൽ എൻട്രൻസ് എഴുതി ഉന്നത പഠനം കാത്തിരുന്ന 19 കാരിയായ മകളെയും തീ ഗോളങ്ങളാക്കി മരണത്തിലേക്ക് തള്ളിവിട്ടത്. ലേഖ എഴുതിയതായി പൊലീസ് ഹാജരാക്കിയ ആത്മഹത്യ കുറിപ്പിന്റെ ചുവടുപിടിച്ചാണ് വെള്ളറട സിഐ ബാങ്കധികൃതർക്ക് ക്ലീൻ ചിറ്റ് നൽകി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
അതേ സമയം ലേഖയും മകളും ആത്മഹത്യ ചെയ്ത മെയ്14 ന് പൊലീസ് വീട് പരിശോധിച്ചിരുന്നു. അന്ന് ലഭിക്കാത്ത ആത്മഹത്യാ വിവരം രേഖപ്പെടുത്തിയ നോട്ടുബുക്കാണ് രണ്ടാം നാളായ 16 ന് കണ്ടെടുത്തതായി പൊലീസ് അവകാശപ്പെടുന്നത്. ബാങ്കധികൃതരെ കേസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ കടബാധ്യതയെച്ചൊല്ലിയുള്ള കുടുംബ വഴക്കിൽ അമ്മയും മകളും ജീവിതത്തിൽ നിരാശ തോന്നി കൂട്ട ആത്മഹത്യ ചെയ്തതായി കേസ് ഡയറിയിൽ എഴുതി വെള്ളറട പൊലീസ് ഭർത്താവിന്റെയും ഭർതൃബന്ധുക്കളെയും പേരിൽ മാത്രം പഴിചാരി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പനച്ചമൂട് വൈറ്റ് മെമോറിയൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആയിരുന്ന വൈഷ്ണവിക്ക് എം ബി ബി എസ് പാസ്സായി ഡോക്ടറാവാനായിരുന്നു ആഗ്രഹം. മെഡിക്കൽ എൻട്രൻസ് പരീക്ഷക്കുള്ള കോച്ചിംഗിന് ഒരു സ്ഥാപനത്തിൽ ചേർന്നിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവിൽ കോളേജിൽ ചെന്നത്. എം ബി ബി എസ് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പീനത്തിൽ മിടുക്കിയായിരുന്നു. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. സഹപാഠികളും കോളേജധ്യാപകരും വാത്സല്യത്തോടെ കരാട്ടേ വൈഷ്ണവി എന്ന ഓമനപ്പേര് ഇട്ടാണ് വൈഷ്ണവിയെ വിളിച്ചു പോന്നത്. ആത്മഹത്യക്ക് കുറച്ചു നാൾ മുമ്പ് മുതൽക്കേ ജപ്തിയിൽ വീടു നഷ്ടപ്പെടുമെന്ന ആശങ്കയിൽ വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്ന് സഹപാഠികൾ പറയുന്നു. വീട് ജപ്തി ഭീഷണിയിലാണെന്ന് സഹപാഠികളിൽ ചിലരോട് വൈഷ്ണവി പറഞ്ഞിരുന്നു. ക്ലാസ് ലീഡറും ബ്ലാക്ക് ബെൽറ്റു നേടിയ മനക്കരുത്തും സ്വായത്തമാക്കിയ വൈഷ്ണവിയുടെ അകാല വേർപാടിന്റെ ഞെട്ടലിൽ ആണ് സഹപാഠികൾ.
ബാങ്കിന്റെ ജപ്തി ഭീഷണിയാലുള്ള കൂട്ട ആത്മഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ മാനസികമായും ശാരീരികമായും പീഡിപ്പിക്കൽ) , 306 ( ആത്മഹത്യാ പ്രേരണ ) , 34 ( കൃത്യത്തിന് പരസ്പരം കൂട്ടാളികളും ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മ) എന്നീ കുറ്റങ്ങൾ മരണപ്പെട്ട ലേഖയുടെയുടെ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കും മേൽ ചുമത്തിയാണ് വെള്ളറട പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വെള്ളറട പൊലീസ് സർക്കിൾ ഇൻസ്പെക്ടറായ ബിജു . വി. നായർക്കായിരുന്നു അന്വേഷണച്ചുമതല.
മരിച്ച ലേഖയുടെ നോട്ടുബുക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ഭർത്തൃവീട്ടിൽ താനനുഭവിച്ച നിരന്തരപീഡനത്തിന്റെ വേദനകൾ വിവരിക്കുന്നതാണ് ലേഖയുടെ കുറിപ്പുകൾ. 22 വർഷം മുൻപാണ് പൂവാർ ഇടവൂർ സ്വദേശി ഷൺമുഖൻ ആചാരിയുടെയും ശാന്തയുടെയും മകൾ ലേഖയെ ചന്ദ്രൻ വിവാഹം കഴിക്കുന്നത്. അന്ന് മുതൽ അമ്മായി അമ്മയുടെ ക്രൂരമായ പീഡനമായിരുന്നു ലേഖയ്ക്ക് ഏൽക്കേണ്ടി വന്നത്. ഇത് തന്നെയാണ് ആത്മഹത്യയിലേക്കും നയിച്ചത്. ഭർത്താവ് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ബന്ധുക്കളുടെയും പീഡനമാണ് തന്റെയും മകളുടെയും മരണത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി ഇവരെഴുതിയ കത്ത് കഴിഞ്ഞദിവസം വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുബുക്കും വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയത്. ഇതാണ് കേസിൽ നിർണ്ണായകമായത്.
കൃഷ്ണമ്മയുടെ പീഡനം കാരണം വിവാഹംകഴിഞ്ഞ് എട്ടുമാസമായപ്പോൾ വിഷംകഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചതായി ലേഖ പുസ്തകത്തിലെഴുതിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ചന്ദ്രൻ ദുബായിൽപോയി. കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷംകഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചു. ആശുപത്രിയിലായ ലേഖ പിന്നീട് രക്ഷാകർത്താക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ചന്ദ്രൻ തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനു ശേഷമാണ് മകൾ വൈഷ്ണവി ജനിക്കുന്നത്. കൃഷ്ണമ്മയും അവരുടെ സഹോദരി ശാന്തയും ചേർന്ന് തന്റെ പേരിൽ അപവാദപ്രചാരണം നടത്തിയതായും ലേഖ എഴുതിയിട്ടുണ്ട്.
2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിട്ടാണ് ലേഖ നോട്ടുബുക്കിൽ ഇവയൊക്കെ കുറിച്ചത്. വീടും സ്ഥലവും വിറ്റ് ബാങ്കിന്റെ കുടിശ്ശിക അടയ്ക്കണം. അതിനുശേഷം വേറെ സ്ഥലത്ത് ചെറിയവീടുണ്ടാക്കി മാറണമെന്നും ഭർത്താവിനോട് പറഞ്ഞു. എന്നാൽ, കൃഷ്ണമ്മ ഇതെല്ലാം തടസ്സപ്പെടുത്തിയെന്നും ലേഖയുടെ കുറിപ്പുകൾ സൂചിപ്പിക്കുന്നു. വീട്ടിൽ മന്ത്രവാദികളെ എത്തിക്കുന്നത് കൃഷ്ണമ്മയും കാശിനാഥനും ചേർന്നാണ്. കൃഷ്ണമ്മയുടെ ഭർത്താവ് വിമുക്തഭടനായിരുന്നു. കുടുംബപെൻഷനുണ്ടെങ്കിലും സമീപവാസികളോട് കടംവാങ്ങിയാണ് പലപ്പോഴും വീട്ടുചെലവ് നോക്കിയിരുന്നത്. ലേഖ എഴുതിയ നോട്ടുബുക്ക് പ്രതികൾക്കെതിരേയുള്ള പ്രധാന തെളിവായി.
സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് ചന്ദ്രനും ഭർതൃമാതാവ് കൃഷ്ണമ്മയും ലേഖയെ പീഡിപ്പിച്ചിരുന്നതായി സഹോദരി ബിന്ദു മൊഴി നൽകിയിരുന്നു. വർഷങ്ങൾക്കു മുൻപ് തന്നെ വിഷം നൽകി കൊല്ലാൻ നോക്കിയിരുന്നതായുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പിലെ വരികളും നിർണായകമായി. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. എല്ലാം തന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു കൃഷ്ണമ്മയുടെയും മകന്റെയും ശ്രമമെന്ന് നോട്ട് ബുക്കിൽ എഴുതിയിട്ടുണ്ട്. 'നീ കടം വാങ്ങിയത് ഞാനറിഞ്ഞില്ല എന്ന പേരിലായിരുന്നു വഴക്ക്. ഗൾഫിൽ നിന്നയച്ച പണം എന്തു ചെയ്തെന്നു ചോദിച്ച് ഭർത്താവും കുറ്റപ്പെടുത്തി. ചേട്ടൻ ഒഴിഞ്ഞുമാറുന്നു, കുഴപ്പമില്ല. എനിക്ക് ഇനി ഒന്നും കേൾക്കേണ്ട കാര്യമില്ല. മോളുവിന്റെ (വൈഷ്ണവി) കാര്യത്തിലേ എനിക്ക് ദുഃഖമുള്ളു...' നോട്ട്ബുക്കിലെ വരികളിങ്ങനെയാണ്.
ജപ്തി നടപടികളെക്കുറിച്ച് വ്യക്തത ലഭിക്കാൻ രേഖകൾ ആവശ്യപ്പെട്ട് ബാങ്കിന് പൊലീസ് നോട്ടിസ് നൽകിയിരുന്നു. നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ, മകൾ വൈഷ്ണവി എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഇവരുടെ ഭർത്താവ് കാശിനാഥൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരാട്ടെ വൈഷ്ണവി' എന്നാണ് സ്നേഹത്തോടെ കൂട്ടുകാരികൾ ആത്മഹത്യ ചെയ്തിരുന്ന വൈഷ്ണവിയെ വിളിച്ചത്. സഹപാഠികൾക്ക് മനക്കരുത്തിന്റെയും നിശ്ചയദാർഢൃത്തിന്റെയും നല്ല മാതൃകയായ മിടുമിടുക്കിയായിരുന്നു വൈഷ്ണവി. വൈഷ്ണവി എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നു. ഇതിനിടയിലും ബികോം പഠനവുമായും മുന്നോട്ടു പോയി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസടച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം.