മൂന്നാർ: മറയൂരിൽ ചന്ദ്രിക എന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മണികണ്ഠന്റെ ചിത്രം പുറത്തുവന്നു. മറ്റുരണ്ടുപ്രതികൾ പ്രായപൂർത്തിയാവാത്തവരാണ്. പ്രായപൂർത്തിയാവാത്ത പ്രതിയാണ് വെടിഉതിർത്തതെന്ന് പൊലീസ് പറയുന്നു. ഇയാൾ ചന്ദ്രികയുടെ സഹോദരിയുടെ മകനാണ്. മറ്റൊരു പ്രതി ഇവരുടെ ബന്ധുവായ യുവാവാണ്. ഇതിൽ ഒന്നും മൂന്നും പ്രതികൾ പ്രായപൂർത്തിയാകാത്തവരും, രണ്ടാമത്തെ പ്രതി മണികണ്ഠനുമാണ്.

വെള്ളിയാഴ്ച രാത്രി 9 മണിയോടടുത്താണ് മറയൂർ പാളപ്പെട്ടിക്കുടി ആദിവാസികോളനിവാസിയായ ചന്ദ്രിക വെടിയേറ്റ് മരിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം സമീപത്തെ കാട്ടിൽ ഒളിച്ച ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

നിരവധി ചന്ദന മോഷണക്കേസുകളിൽ പ്രതിയാണ് മണികണ്ഠൻ. ചന്ദനക്കടത്ത് വനംവകുപ്പിന് ഒറ്റിക്കൊടുത്തത് ചന്ദ്രികയാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇല്ലാതാക്കാൻ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത മൂന്നുപേരേയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നുകൂടി പൊലീസ് പരിശോധിച്ചുവരികയാണ്.

അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്ദനംമുറിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു. ഈ കേസിൽ റിമാന്റിലായിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി. ഇതിനായി തോക്കും സംഘടിപ്പിച്ചു.

ഇന്നലെ വൈകിട്ട് മണികണ്ഠനടക്കം 3 അംഗസംഘം വനംവകുപ്പ് ജീവനക്കാരെത്തേടി ചന്ദന റിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി. എന്നാൽ ഇവരിലാരെയും കണ്ടെത്താനായില്ല. തുടർന്നാണ് കേസിലെ ഒറ്റുകാരിയെന്ന് സംശയിക്കുന്ന ചന്ദ്രികയെ വകവരുത്താൻ സംഘം പുറപ്പെടുന്നത്.

ഈ സമയം കൃഷിചെയ്തിരുന്ന പഞ്ഞപ്പുല്ലിന് കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്നു ചന്ദ്രിക. ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം ഓടിമറഞ്ഞു. കഴുത്തിന്റെ വലതുഭാഗത്ത് വെടിയേറ്റ ചന്ദ്രിക സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തി.

മറയൂരിൽ നിന്നും രണ്ട് മണിക്കൂറിലേറെ സമയം വേണം പാളപ്പെട്ടികുടിയിലെത്താൻ. ദുർഘടമായ പാതകളിലുടെ ജീപ്പിലും തുടർന്ന് കിലോമീറ്ററുകളോളം നടന്നുമാണ് പൊലീസ് സംഘം സംഭവം നടന്ന പുല്ലുകാട്ടിലെത്തിയത്.