കണ്ണൂർ: അസുഖബാധിതനായി ചികിത്സയിലിരിക്കെ മരിച്ച സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും കുടുംബാഗങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിമുക്ത സൈനിക സംഘടനകൾ സംയുക്തമായി മയ്യിൽ പൊലിസ് സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.

ഭാരതീയ ജവാൻ കിസാൻ പാർട്ടി ദേശീയ അധ്യക്ഷൻ രാമചന്ദ്രൻ ബാവിലേരി ഉദ്ഘാടനം ചെയ്തു. പൂർവ സൈനിക സേവ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.രാജൻ അധ്യക്ഷത വഹിച്ചു. ഭാരതീയ ജവാൻ കിസാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ മാണിക്കോത്ത്, റിട്ട. കേണൽ സാവിത്രി, എൻ.വി.ദിനേശൻ, ചാക്കോ കരിമ്പിൽ, കെ.പി.സുരേഷ്‌കുമാർ, ഷിനോദ്ഭാനു എന്നിവർ പ്രസംഗിച്ചു.

കരസേനയിൽ സുബേദാറായി ജോലി ചെയ്യുകയായിരുന്ന കണ്ണാടിപറമ്പ് പുല്ലുപ്പിയിലെ വി.ഷാജി എന്ന സൈനികന്റെ മൃതദേഹത്തോടാണ് മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അനാദരവ് കാണിച്ചതെന്നാണ് വിമുക്തഭട സൈനീക സംഘടനകൾ ആരോപിക്കുന്നത്. കഴിഞ്ഞ 21നു ആണ് ഷാജി മരിച്ചത്. മൃതദേഹ സംസ്‌കാര വേളയിൽ പങ്കെടുക്കാതെയിരിക്കുകയും മൃതദേഹ ഇൻക്വസ്റ്റ് വേളയിൽ ജവാന്റെ സഹോദരനോട് മയ്യിൽ എഎസ്ഐയുടെ നേതൃത്വത്തിൽ അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി.

ഇതു ചോദ്യം ചെയ്ത വിമുക്ത സൈനികരുടെ സംഘടനാ നേതാക്കളോട് തട്ടിക്കയറുകയും ചെയ്തുവെന്നും ആരോപണമുണ്ട്. അപമര്യാദയായി പെരുമാറിയ എഎസ്ഐയക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മരണമടഞ്ഞ സൈനികന്റെ ഭാര്യ മുഖ്യമന്ത്രിക്കും കണ്ണൂർ എസ്‌പിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിമുക്ത ഭടന്മാരുടെ സംഘടനകൾ സംയുക്തമായി പ്രതിഷേധവുമായി രംഗത്തുവന്നത്.