തിരുവനന്തപുരം: അട്ടപ്പാടിയിൽ നിരന്തരമായി റിപ്പോർട്ട് ചെയ്യുന്ന ശിശുമരണങ്ങളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി പിന്നോക്ക സമൂഹത്തിന് അനുവദിച്ച ആനുകൂല്യങ്ങൾ യഥാസമയം ജനങ്ങളിൽ എത്തിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്ന് ആദ്ദേഹം പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ അട്ടപ്പാടിയോടുള്ള വിവേചനം അവസാനിപ്പിക്കണം. ഊരുകളിലേക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും ആദിവാസി വിഭാഗത്തിന്റെ ആരോഗ്യം വിറ്റ് കമ്മീഷൻ വാങ്ങുന്ന സർക്കാറായി ഇടത് സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ല വൈസ് പ്രസിഡണ്ട് നബീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹീം മുഖ്യപ്രഭാഷണം നടത്തി. ദീർഘകാലമായി ആദിവാസി ഊരുകളിൽ നിലനിൽക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമഗ്രമായ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് അടിയന്തിരമായി സംസ്ഥാന സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സഹൽ സ്വാഗതവും സെക്രട്ടറി ഹന്ന ഫാത്തിമ നന്ദിയും പറഞ്ഞു. ജില്ല സെക്രട്ടറി അംജദ് റഹ്മാൻ, അബ്ദുള്ള സെയ്ഫുദീൻ എന്നിവർ നേതൃത്വം നൽകി.