ഷിക്കാഗോ: ജനുവരി 17-നു ഷിക്കാഗോയിലെ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽനിന്നും കൗമാരപ്രായക്കാർ, യുവതിയുവാക്കൾ, പേരന്റ് വോളന്റിയേഴ്‌സ് എന്നിവരടങ്ങുന്ന 24 പേരുടെ ഒരു സംഘം, മതബോധന ഡയറക്ടർ (ഡിആർഇ) റ്റോമി കുന്നശേരിയുടെയും, അസി. ഡിആർഇ റ്റീന നെടുവാമ്പുഴയുടേയും നേതൃത്വത്തിൽ, ഷിക്കാഗോയിലെ ഡൗൺ ടൗണിലുള്ള ഫെഡറൽ പ്ലാസയിൽനിന്നും ആരംഭിച്ച് ഏകദേശം 1.2 മൈൽ മാർച്ച് ചെയ്ത്, അവിടെതന്നെ തിരിച്ചെത്തിയ മാർച്ച് ഫോർ ലൈഫ് ഷിക്കാഗോയെന്ന പ്രൊലൈഫ് മാർച്ചിൽ പങ്കെടുത്തത് എല്ലാവർക്കും വളരെ പ്രചോദനാത്മകമായിരുന്നു. വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ ആശീർവാദത്തിനുശേഷം, ഉച്ചയ്ക്കു പന്ത്രണേ്ടാടെ മാർച്ച് പള്ളിയിൽനിന്നു ഷിക്കാഗോയിലേക്കു പോയത്.

ഏകദേശം രണ്ടു മണിക്കൂറു സമയത്തോളം ഷിക്കാഗോയിലെ തെരുവീഥികളിൽ മാർച്ചുചെയ്ത് അബോർഷനെതിരെ തങ്ങൾക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ സന്മനസുകാണിച്ച ഇവരുടെ ആത്മവിശ്വാസത്തെയും, മറ്റു മനുഷ്യരോടുള്ള കരുണയെയും, എത്ര പ്രശംസിച്ചാലും മതിവരുകയില്ല. മെലിസ്സ ഓഡെൺ (അബോർഷൻ സർവൈവർ), ഷിക്കാഗോ അതിരൂപത റോമൻ കാത്തലിക് ആർച്ച് ബിഷപ് ബ്ലേസ് കുപിച്ച്, ന്യൂ ലൈഫ് കവനെന്റ് ചർച്ച് ഓഫ് ഷിക്കാഗോ പാസ്റ്റർ വിൽഫ്രെഡൊ ഡി ജീസസ്, തുടങ്ങിയ ഉന്നതവ്യക്തികളുടെ പ്രചോദനകരങ്ങളായ പ്രഭാഷണങ്ങളുടെ അന്തസത്തയെ ഉൾക്കൊണ്ടുകൊണ്ട് ഈ കരുണയുടെ വർഷത്തിൽ മറ്റുള്ളവരോടു കരുണ കാണിക്കാൻ സന്നദ്ധരാണ് എന്നു പ്രതിജ്ഞചെയ്തുകൊണ്ട് ഈ യുവതീയുവാക്കൾ മാർച്ച് ഫോർ ലൈഫ് മാർച്ച് വളരെ ക്യതാർത്ഥതയോടെ പൂർത്തിയാക്കി. ഇല്ലിനോയ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും, വിസ്‌കോൺസിൻ, ഐയോവ, മിസോറി, ഇന്ത്യാന, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുത്ത ഈ മാർച്ച് യുവജനങ്ങൾക്കു വളരെ പ്രചോദനമേകുന്നതായിരുന്നു.