- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർഗി സതി അന്തരിച്ചു; അന്ത്യം അർബുദബാധയെ തുടർന്ന് ആർസിസിയിൽ; ഓർമയായത് നങ്ങ്യാർകൂത്തിനെ ജനകീയമാക്കിയ കലാകാരി
തിരുവനന്തപുരം: പ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി മാർഗി സതി അന്തരിച്ചു. 50 വയസായിരുന്നു. ആർസിസിയിൽ അർബുദബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. നങ്ങ്യാർകൂത്തിനെ ജനകീയമാക്കിയ കലാകാരിയാണ് മാർഗി സതി. ജനകീയമായ ശ്രീരാമചരിതം നങ്ങ്യാർകൂത്ത് മാർഗി സതിയുടെ സംഭാവനയാണ്. 1965ൽ പുത്തില്ലത്ത് സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയുടെയും പാർവ്വതി അന്തർജ്ജന
തിരുവനന്തപുരം: പ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി മാർഗി സതി അന്തരിച്ചു. 50 വയസായിരുന്നു. ആർസിസിയിൽ അർബുദബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. നങ്ങ്യാർകൂത്തിനെ ജനകീയമാക്കിയ കലാകാരിയാണ് മാർഗി സതി. ജനകീയമായ ശ്രീരാമചരിതം നങ്ങ്യാർകൂത്ത് മാർഗി സതിയുടെ സംഭാവനയാണ്.
1965ൽ പുത്തില്ലത്ത് സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിലാണ് മാർഗി സതി ജനിച്ചത്.
കേരള കലാമണ്ഡലത്തിൽനിന്നും പൈങ്കുളം രാമചാക്യാരുടെ കീഴിൽ കൂടിയാട്ടപഠനം തുടങ്ങിയ സതി 77 മുതൽ 85 വരെയുള്ള വർഷങ്ങളിൽ അമ്മന്നൂർ മാധവചാക്യാരുടെയും മാണിമാധവചാക്യാരുടെയും പാണിവാദതിലകൻ പി.കെ. നാരായണൻ നമ്പ്യാരുടെയും കലാമണ്ഡലം ശിവൻ നമ്പൂതിരിയുടെയും കലാമണ്ഡലം രാമചാക്യാരുടെയും ശിക്ഷണത്തിൽ നാലു വർഷത്തെ കോഴ്‌സും രണ്ടു വർഷത്തെ ഉപരിപഠനവും നടത്തി. കേന്ദ്രഗവൺമെന്റിന്റെ സ്‌കോളർഷിപ്പോടെ തുടർന്നുള്ള രണ്ടുവർഷംകൂടി പഠിച്ചു.
കൂടിയാട്ടത്തിനും നങ്ങ്യാർകൂത്തിനും അരങ്ങുകൾ ദുർലഭമായിരുന്ന കാലത്ത്, തിരുവനന്തപുരം മാർഗിയിൽ 1988ൽ ചേർന്നത് ഈ കലാകാരിക്ക് ഒരു അനുഗ്രഹമായി. മാർഗി സ്ഥാപകൻ ഡി. അപ്പുക്കുട്ടൻ നായർ, ഡോ. കെ.അയ്യപ്പപ്പണിക്കർ തുടങ്ങിയവർ കൂടിയാട്ടത്തിന് കേന്ദ്രസംഗീതനാടക അക്കാദമി മുഖേന ഒരു നവോത്ഥാനപദ്ധതിക്ക് രൂപകല്പന ചെയ്ത് പ്രവൃത്തിയിൽ വരുത്തുന്ന സമയത്താണ് മാർഗി സതി മാർഗിയിൽ ചേർന്നത്. ഈ പദ്ധതിപ്രകാരം 1991 മുതൽ ആഴ്ചയിൽ ഒരു കൂടിയാട്ടം വീതം തിരുവനന്തപുരത്ത് അരങ്ങേറിയിരുന്നു. ഈ അരങ്ങുകളിലൂടെ തന്റെ പ്രതിഭ പ്രകടിപ്പിക്കാൻ മാർഗി സതിക്ക് അവസരം ലഭിച്ചു. 1996-98 കാലയളവിൽ കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ ഫെലോഷിപ്പിനും അവർ അർഹയായി.
പൈതൃകത്തിന്റെ സൗരഭ്യമുള്ള ക്ലാസിക്കൽ കലയായ കൂടിയാട്ടത്തിന്റെ ഭൂമികയിലെ ശക്തമായ സ്ത്രീസാന്നിധ്യമായിരുന്നു മാർഗി സതി. ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽനിന്ന് വിളിപ്പാടകലെ ജനിച്ചു വളർന്ന സതി കൂടിയാട്ടത്തിന്റെയും നങ്ങ്യാർകൂത്തിന്റെയും അഭിമാനമുഖമായാണു വളർന്നത്. ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്നുവന്ന സതിക്ക് നഷ്ടങ്ങളുടെ കണക്ക് വളരെ വലുതാണ്. എങ്കിലും തന്നോടൊപ്പം നടന്നവരുടെ വിയോഗങ്ങൾ തീർത്ത ശൂന്യതയിലും സതി കലയുടെ സൗന്ദര്യത്തിൽ അലിഞ്ഞു ചേർന്നിരുന്നു.
2006ൽ പുറത്തിറങ്ങിയ 'നോട്ടം' എന്ന സിനിമയിലും മാർഗി സതി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സതിയുടെ ഭർത്താവും ഇടയ്ക്ക വിദ്വാനുമായ സുബ്രഹ്മണ്യൻ പോറ്റി ഷോക്കേറ്റ് മരിച്ചിരുന്നു. തനിക്കേറ്റ ഈ വലിയ ദുഃഖത്തിലും പതറാതെ ചിത്രത്തിലെ തന്റെ ബാക്കി ഭാഗങ്ങൾ അഭിനയിച്ചു പൂർണ്ണമാക്കിയാണു മാർഗി സതി മടങ്ങിയത്. കലയോടുള്ള അർപ്പണമനോഭാവം തന്നെയായിരുന്നു സതിയുടെ ജീവിതത്തിന്റെ പ്രത്യേകത.