തിരുവനന്തപുരം: മൂന്നു കോടി രൂപയുടെ ' മാർജിൻ ഫ്രീ ഹോം ക്ലബ്ബ് സൊസൈറ്റി ' തട്ടിപ്പ് കേസിൽ വിചാരണക്ക് ഹാജരാകാത്ത മൂന്നു സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 17 നകം സാക്ഷികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ കർശന നിർദ്ദേശം നൽകി.

മാർജിൻ ഫ്രീ ഹോം ക്ലബ്ബ് പ്രസിഡന്റ് എം.ജി.എസ്. മിത്രൻ, ക്ലബ്ബ് ഭാരവാഹികളും ജീവനക്കാരുമായ റോബിൻ ഷാജി സുനിൽ , ജയകുമാർ , വാസുദേവൻ നായർ , സുരേന്ദ്രൻ , സതീശൻ , സുശീല , സുരേഷ് , മണികണ്ഠൻ നായർ , ബി.ഡി.മാത്യു എന്ന ഭാസുരദാസ് , തമ്പി എന്ന നാരായണൻ തമ്പി എന്നിവരാണ് മാർജിൻ ഫ്രീ തട്ടിപ്പ് കേസിലെ ഒന്നു മുതൽ പതിനൊന്ന് വരെയുള്ള പ്രതികൾ. രണ്ടും ആറും പ്രതികളായ റോബിൻ ഷാജി സുനിലും സതീശനും വിചാരണക്കിടെ മരണപ്പെട്ടു.

2006 ആഗസ്റ്റിലാണ് തട്ടിപ്പ് സ്ഥാപനം തമ്പാനൂർ തൈക്കാടിന് സമീപം രൂപീകരിച്ചത്. നിത്യോപയോഗ സാധനങ്ങൾ പകുതി വിലയ്ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത് എഴുപതിനായിരം പേർക്ക് 500 രൂപ മുതൽ 3,000 രൂപയുടെ കാർഡുകൾ നൽകി അംഗത്വം നൽകുകയും തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 120 ഫ്രാഞ്ചൈസികൾ തുടങ്ങാനായി ഫ്രാഞ്ചൈസികളിൽ നിന്നും 1,10,000 രൂപ വീതവും ചതിക്കണമെന്ന ഉദ്ദേശത്തോടെ കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്. സബ്‌സിഡിയിനത്തിൽ തുക വാഗ്ദാനം ചെയ്ത് തുകകൾ കൈപ്പറ്റിയ ശേഷം വണ്ടിച്ചെക്ക് നൽകിയും കബളിപ്പിച്ചു.

ഫ്രാഞ്ചൈസികളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ക്ലബ്ബ് റെയ്ഡ് ചെയ്യുകയും കട അടപ്പിക്കുകയും ചെയ്തു. എന്നാൽ വീണ്ടും തുറന്നു പ്രവർത്തിച്ച ഇവർ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കി. തുറക്കരുതെന്ന കളക്ടറുടെ നിർദ്ദേശം നിലനിൽക്കെ വീണ്ടും തട്ടിപ്പു തുടങ്ങിയ ഇവർക്കെതിരെ ഫ്രാഞ്ചൈസികൾ വീണ്ടും പരാതിയുമായെത്തി. തുടർന്നാണ് തമ്പാനൂർ പൊലീസ് കേസെടുത്ത് 7 പേരെ 2007 ജനുവരി 10 ന് അറസ്റ്റ് ചെയ്തു. ഇതിനിടെ ഒന്നാം പ്രതി ക്ലബ്ബ് പ്രസിഡന്റ് മിത്രൻ മുൻകൂർ ജാമ്യം നേടിയിരുന്നു. 2008 ലാണ് തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.