- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴക്കാരിയിലൂടെ യുവതികളെ അടുപ്പിക്കും; മറിയാ ബിജുവിന്റെ മൊബൈലിൽ നിറയെ ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ; അടുത്ത മാസം വിവാഹം നടക്കേണ്ട അനീഷും അഴിക്കുള്ളിൽ; പിടിയിലായവരിൽ പലരും ഫ്‌ളാറ്റിലെ താമസക്കാർ; പുറത്തു വരുന്നത് ഞെട്ടിപ്പിക്കും വിവരങ്ങൾ; ഡാൻസാഫ് കൂടുതൽ സജീവമാകും
കൊച്ചി: ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് പിടികൂടിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കോഴിക്കോട് ബാലുശേരി നെന്മണ്ട ചാലിക്കണ്ടി ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് ചെങ്ങലിൽ അനീഷ് അനി (25), കരുനാഗപ്പിള്ളി കടത്തൂർ നസീം നിവാസിൽ നജീം ഷംസുദ്ദീൻ (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20), കായംകുളം പുതുപ്പാടി സ്വദേശി അതുൽ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റിന്റെ എട്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റ അതുലിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാക്കനാട് മില്ലുംപടിയിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിൽനിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും സഹിതം പ്രതികളെ പിടികൂടിയത്. ഫ്‌ളാറ്റിൽ മയക്കുമരുന്നുവിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഷാഡോ പൊലീസും തൃക്കാക്കര പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർഷെഡിന് മുകളിലേക്കുവീണ അതുൽ ഇരുമ്പുഷീറ്റ് തുളച്ച് നിലത്തുവീണു. ഇയാളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. പിടിയിലായവരിൽ പലരും ഫ്‌ളാറ്റിലെ താമസക്കാരായിരുന്നു. അതായത് മയക്കു മരുന്ന് കച്ചവടത്തിൽ സംശയം ഉണ്ടാകാതിരിക്കാൻ പ്രതികൾ എല്ലാം ഒരേ ഫ്‌ളാറ്റിൽ താമസിക്കുന്നുവെന്നതാണ് തെളിയുന്നത്. പുറത്തു നിന്ന് ഫ്‌ളാറ്റിലേക്ക് ആളുകളെത്തുന്നത് പലവിധ സംശയങ്ങളും ഉണ്ടാക്കും. ഇത് മനസ്സിലാക്കിയാണ് സമാന മനസ്‌കർ ഒരേ ഫ്‌ളാറ്റിൽ താമസമാക്കിയത്. ഇതോടെ പുറത്തുനിന്നുള്ള മയക്കു മരുന്ന് ആവശ്യക്കാർക്ക് ഫ്‌ളാറ്റിലെ പല വീടുകളിൽ നിന്ന് സാധനം കിട്ടുന്ന അവസ്ഥയുണ്ടാകും.
ഫ്‌ളാറ്റിലെ മറ്റുള്ളവർക്ക് ഇത് സംശയങ്ങൾക്കും ഇട നൽകില്ല. നാടകീയമായ സംഭവങ്ങളാണ് ഈ റെയ്ഡിനിടെ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടർന്നു പൊലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്‌ളാറ്റിന്റെ എട്ടാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനു വീണു പരുക്കേൽക്കുകയും ചെയ്തു. കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു. ഷീറ്റിൽ വീണതു കൊണ്ട് മാത്രമാണ് ജീവൻ രക്ഷപ്പെട്ടത്.
യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു മുൻപാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ളാറ്റിൽ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. പരുക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.
പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തിൽ ലഹരി സംഘങ്ങൾ സജീവമാകുമെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ പിടികൂടിയത്. ലഹരി നടക്കുന്ന വിവരം രഹസ്യമായി അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവർ.
പൊലീസിനെ കണ്ട് ഭയന്ന് അതുൽ രക്ഷപെടാനുള്ള ശ്രമത്തിനിടെ താഴേക്ക് ചാടുകയായിരുന്നു. കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേയ്ക്കു വീണതിനാൽ വൻ ദുരന്തം ഒഴിവായി. ഷീറ്റു തുളച്ചു താഴെ വീണെങ്കിലും തോളെല്ലിനു പരുക്കേറ്റതൊഴിച്ചാൽ ഗുരുതര പരുക്കില്ല. ഇയാളെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായവർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും നടത്തി വരികയായിരുന്നു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
പ്രതികൾ എല്ലാവരും മയക്കു മരുന്ന് വിൽപ്പന നടത്തുന്നവരാണ്. യുവതിയുടെ മൊബൈൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളിൽ ഒരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായി പോകുകയാണ് എന്ന് പറഞ്ഞാണ് ഇയാൾ നാട്ടിൽ നിന്നും ഇവിടേക്ക് വന്നത്. പിന്നീട് ലഹരി മാഫിയ സംഘത്തിന്റെ വലയിൽപെടുകയായിരുന്നു.
അതേ സമയം ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ 9995966666 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയക്കുകയോ നാർക്കോട്ടിക് സെൽ പൊലീസ് അസി.കമ്മീഷ്ണറുടെ 9497990065 എന്ന നമ്പറിലേക്കോ ഡാൻസാഫിന്റെ 9497980430 എന്ന നമ്പറിലേക്കോ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായിരിക്കുമെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ