- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷറപ്പോവയുടെ പേരിൽ ബാനറുകളും പരസ്യങ്ങളും; ഡിന്നർ പാർട്ടികളിൽ പങ്കെടുത്തു; പണം നൽകി ഏഴ് വർഷം പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങിയില്ല; ഗുരുഗ്രാമിലെ ഫ്‌ളാറ്റ് തട്ടിപ്പിൽ ഷറപ്പോവയ്ക്കും ഷുമാക്കറിനുമെതിരെ കേസ്
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ റഷ്യൻ ടെന്നിസ് സൂപ്പർതാരം മരിയ ഷറപ്പോവ, ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ എന്നിവരുടെയും പേരുകൾ. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരുടെയും പേരുകൾ ഉൾപ്പെട്ടത്.
ഗുരുഗ്രാമിൽ ഇവരുടെ പേരും പ്രശസ്തിയും മുൻനിർത്തി പ്രഖ്യാപിച്ച ഫ്‌ളാറ്റ് നിർമ്മാണ പ്രോജക്ടിന്റെ പേരിൽ ഏഴു വർഷം മുൻപ് പണം മുൻകൂട്ടി വാങ്ങിയെങ്കിലും, ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഷഫാലി അഗർവാൾ എന്ന വ്യക്തിയാണ് പരാതി നൽകിയത്. ഒരു റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ഡയറക്ടർമാരാണ് എഫ്‌ഐആറിൽ പ്രതിസ്ഥാനത്തുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
ഗുരുഗ്രാമിൽ മരിയ ഷറപ്പോവയുടെ പേരുവച്ച് പ്രഖ്യാപിച്ച ഫ്‌ളാറ്റ് പ്രോജക്ടിൽ 3,650 ചതുരശ്ര അടിയുള്ള റസിഡൻഷ്യൽ അപ്പാർട്‌മെന്റിനായി മുൻകൂട്ടി പണം നൽകിയിരുന്നുവെന്നാണ് ഷഫാലിയുടെ പരാതി. ഇതിനായി ഭർത്താവുമായി ചേർന്ന് 79,01,848 ലക്ഷം രൂപയും നൽകി. പണമടച്ച് ഏഴു വർഷം പിന്നിട്ടെങ്കിലും ഇതുവരെ പ്രോജക്ട് തുടങ്ങിയിട്ടു പോലുമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ ആരംഭിക്കാത്ത പദ്ധതിക്കായി പണം ചെലവഴിക്കാൻ കമ്പനിയുടെ ഡയറക്ടർമാർ നിർബന്ധിച്ചുവെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. ഒട്ടേറെ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് കമ്പനി അധികൃതർ പരാതിക്കാരിയെ പ്രോജക്ടിനായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
'പൊതു ജനങ്ങളുടെ മുന്നിൽ പ്രശസ്തയായ ഒരു രാജ്യാന്തര ടെന്നിസ് താരവും (മരിയ ഷറപ്പോവ) ഈ പ്രോജക്ടുമായി സഹകരിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ബാനറുകളിലും പരസ്യങ്ങളിലും ബ്രോഷറുകളിലും ഈ താരത്തിന്റെ പടവും ഉപയോഗിച്ചിരുന്നു. പദ്ധതിയിൽ പണം നിക്ഷേപിച്ചവർക്കൊപ്പം ഷറപ്പോവ ഡിന്നർ പാർട്ടികളിലും പങ്കെടുത്തിരുന്നു.
അതുകഴിഞ്ഞ് ഏഴു വർഷമായിട്ടും ആരംഭിച്ചിട്ടുപോലുമില്ലാത്ത ഒരു പ്രോജക്ടിന്റെ പേരിലായിരുന്നു ഈ വ്യാജ വാഗ്ദാനങ്ങൾ. മൈക്കൽ ഷൂമാക്കർ വേൾഡ് ടവർ എന്ന പേരിൽ ഒരു ടവറും നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു' പരാതിക്കാരി ചൂണ്ടിക്കാട്ടി.
ഈ പ്രോജക്ടുമായി സഹകരിച്ചിരുന്ന ഷറപ്പോവ ഇവിടെ വരികയും ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് ഒരു ടെന്നിസ് അക്കാദമിയും സ്പോർട്സ് സ്റ്റോറും ആരംഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാരി ചൂണ്ടിക്കാട്ടി. ഈ പദ്ധതി പ്രഖ്യാപിച്ചതുപോലും മരിയ ഷറപ്പോവയുടെയും മൈക്കൽ ഷൂമാക്കറിന്റെയും പേരിലാണെന്നും അങ്ങനെയാണ് ആളുകളെ പദ്ധതിയിലേക്ക് ആകർഷിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്