പത്തനംതിട്ട: പ്രമാടത്തെ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് കഞ്ചാവ് എത്തിക്കുന്നവരെ പിടികൂടാൻ കച്ചകെട്ടി ഇറങ്ങിയതായിരുന്നു എക്സൈസ് സംഘം. ഒടുവിൽ അവർക്ക് പ്രതികളെ കിട്ടി. സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസിന് മുകളിലെ നിലയിൽ നിന്നാണ് പ്രതികൾ വലയിലായത്. എല്ലാവരും എസ്എഫ്ഐ നേതാക്കൾ. ഓടിയെത്തിയ സിപിഐഎം-ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ട് പ്രതികളെ കേസില്ലാതെ ഊരിയെന്നും ആക്ഷേപം.

ഇന്നലെ വൈകിട്ട് നാലരയോടെ പൂങ്കാവ് ചന്തയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു മുകളിലായിരുന്നു സംഭവം. തൊട്ടടുത്ത ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതു സംബന്ധിച്ച അന്വേഷണത്തിലായിരുന്നു പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ്. സംഘത്തിലെ അംഗം ഇവരുമായി ലോഹ്യം കൂടുകയും കഞ്ചാവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കഞ്ചാവ് തരില്ലെന്നും വലിക്കാനായി നൽകാമെന്നുമായിരുന്നു മറുപടി.

ഇന്നലെ സ്‌കൂൾ വിട്ട ശേഷം എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം പാർട്ടി ഓഫീസിനു മുകളിലെത്തി കൈമാറ്റം നടത്തുമ്പോഴാണ് പാർട്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ ബന്ധുവായ വിദ്യാർത്ഥിയടക്കം മൂന്ന് പേർ പിടിയിലാകുന്നത്. പ്രമാടത്തെ മുൻ ഡിവൈഎഫ്ഐ നേതാവായ എക്സൈസ് ഉദ്യോഗസ്ഥനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാൾ മുഖേനെ സ്വാധീനം ചെലുത്തിയാണ് കുറ്റക്കാരെ കേസെടുക്കാതെ പോലും വിട്ടയച്ചതെന്ന് നാട്ടുകാർ പറയുന്നു.

മുമ്പ് സ്‌കൂളിന്റെ താഴ്ഭാഗത്തെ ഗ്രൗണ്ടിൽ നിന്നും ചില വിദ്യാർത്ഥികളെ പിടികൂടിയ എക്സൈസ് സംഘം താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇതിലൊരാൾ ഇപ്പോഴത്തെ സംഘത്തിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അടുത്തിടെ കോന്നി കുമ്മണ്ണൂരിൽ നിന്ന് ഡിവൈഎഫ്ഐ നേതാക്കളെയും കഞ്ചാവുമായി പിടികൂടിയിരുന്നു.