പാലക്കാട്: വനമേഖലകളിൽ കഞ്ചാവ് വിളയുമ്പോഴും മൗനം പാലിച്ച് വനംവകുപ്പ്. വനത്തിനകത്ത് കഞ്ചാവ് കൃഷി ഉണ്ടെന്നറിഞാലും റെയ്ഡ് നടത്താനോ വെട്ടിനിരത്താനോ വനംവകുപ്പിന് ഇപ്പോൾ പേടിയാണ്. വനത്തിനകത്ത് കഞ്ചാവ് വേട്ട നടത്താൻ ഇപ്പോൾ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് വകുപ്പ് വരേണ്ട സ്ഥിതിയാണ്. അട്ടപ്പാടി വനമേഖലയിൽ മുമ്പില്ലാത്തവിധം കഞ്ചാവ് കൃഷി വൻതോതിൽ തുടങ്ങിയിട്ടു രണ്ടുവർഷമായിട്ടും പേരിനു പോലും വനംവകുപ്പ് നടപടി എടുക്കുന്നില്ല. മാവോയിസ്റ്റ് ഭീതി കാരണം വനംവകുപ്പ് ഇപ്പോൾ ഉൾവനങ്ങളിലേക്ക് പോകാറില്ല.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന് രണ്ടു വർഷത്തോളം പഴക്കമുണ്ട്. ഈ കാലയളവിൽ മരുന്നിനുപോലും വനംവകുപ്പ് ഉൾവനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ വനത്തിനകത്ത് ഒരു വൻ കഞ്ചാവ് വേട്ടക്ക് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടി ആദിവാസി ഊരിനു സമീപത്തുനിന്ന് അര ഏക്കർ കഞ്ചാവ് കൃഷി കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസുകാർ വെട്ടി നശിപ്പിച്ചിരുന്നു. ആദിവാസി വനമേഖലയിലെ കഞ്ചാവ് കൃഷി വെട്ടിനശിപ്പിക്കാൻ കൊച്ചിയിൽ നിന്നാണ് പ്രത്യേക സംഘമെത്തുന്നത്.

വനംവകുപ്പുകാർ മാവോയിസ്റ്റ് ഭീതിയെന്ന പേരിൽ കാട്ടിലേക്ക് പോകാതായതോടെയാണ് കഞ്ചാവ് കൃഷി വ്യാപകമായത്. കാടിനകത്ത് കഞ്ചാവ് തോട്ടങ്ങൾ ഉള്ളതായി വനംവകുപ്പിന് അറിയാം .എന്നാൽ മുകളിൽനിന്നുള്ള നിർദ്ദേശം ലഭിച്ചാൽ മാത്രമേ പോകൂ എന്ന അഭിപ്രായമാണ് ഉദ്യോഗസ്ഥർക്ക്.

കാടിനകത്ത് ആദിവാസികളെ മുമ്പിൽ നിർത്തിയാണ് അന്യനാട്ടുകാർ കഞ്ചാവ് വിളയിക്കുന്നത്. തമിഴ്‌നാട്ടുകാരാണ് ഇങ്ങനെ വനത്തിനകത്ത് കഞ്ചാവ് കൃഷി ചെയ്യുന്നത്. കാടിനകത്തേക്ക് ആദിവാസികളെയല്ലാതെ പുറത്തുനിന്നാരേയും കാടിനകത്തേക്ക് കടത്തിവിടാറില്ല. സാധാരണക്കാരേയോ, മാദ്ധ്യമപ്രവർത്തകരെയോ കടത്തി വിടാറില്ല. എന്നാൽ പേരിനു പോലും വനംവകുപ്പും കാടിനകത്തേക്ക് കടക്കാറില്ല. ചുരുക്കത്തിൽ മാവോയിസ്റ്റുകളുടെ പേരിലാണ് വനമേഖലകളിൽ കഞ്ചാവ് കൃഷി നടക്കുന്നത്.

കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്‌കാർക്ക് കഞ്ചാവ് കൃഷിയെ കുറിച്ച് വിവരം നൽകിയാൽ വെട്ടിനശിപ്പിക്കപ്പെടുന്ന കഞ്ചാവിന്റെ വില കണക്കാക്കി പകുതി തുക വിവരം നൽകുന്നയാൾക്ക് നൽകും. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വളരെ അപൂർവ്വമായാണ് ഇവർക്ക് വിവരം ലഭിക്കുന്നതും റെയ്ഡ് നടത്തുന്നതും. മാവോയിസ്റ്റ്കളുടെ മറവിൽ വൻതോതിൽ വനാന്തരങ്ങളിൽ നടക്കുന്ന കഞ്ചാവ് കൃഷി നശിപ്പിക്കാതെ ഇതിന് ഒത്താശയൊരുക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.