മലപ്പുറം: ആന്ധ്രയിലെ വിജയവാഡയിൽ നിന്നും തമിഴ്‌നാട്ടിലെ കമ്പം തേനി വഴി മലാബർ മേഖലകളിലേക്ക് ഓരോ ആഴ്ചയിലും എത്തുന്നത് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ മാത്രം ആഴ്ചയിൽ വിതരണം നടക്കുന്നത് ഒരു സംഘത്തിൽ നിന്ന് മാത്രം 45 കിലോയിലധികമാണ്. ഇത്തരത്തിൽ കഞ്ചാവെത്തിക്കുന്ന 10ലധികം ഗ്രൂപ്പുകളുണ്ടെന്നാണ് ഇന്നലെ പെരിന്തൽമണ്ണയിൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന മനസ്സിലാകുന്നത്.

ഇന്നലെ പെരിന്തൽമണ്ണയിൽ 15 കിലോ കഞ്ചാവുമായി പിടിയിലായവർ മലബാർ മേഖലയിലെ കഞ്ചാവ് വിതരണക്കരിൽ പ്രമുഖർ. ആഴ്ചയിൽ 15 മുതൽ 45 കിലോ വരെ കഞ്ചാവാണ് അവരിലൂടെ മാത്രം മലബാറിലെ വിവിധമേഖലകളിൽ വിതരണം ചെയ്യപ്പെട്ടിരുന്നത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ട്രെയ്ൻ മാർഗം തമിഴ്‌നാട്ടിലെ കമ്പം തേനി എന്നിവിടങ്ങളിലെത്തിച്ച് ആവശ്യാനുസരണം ജീപ്പിൽ മലബാറിലെ വിവിധ മേഖലകളിലെത്തിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി സംഘത്തിന് കമ്പത്ത് വാടക കെട്ടിടമുണ്ട്. ഈ മുറിയിൽ വച്ചാണ് ആവശ്യാനുസരണം ചെറിയ പൊതികളാക്കുന്നത്. കിലോക്ക് 15000 രൂപക്ക് വിജയവാഡയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ഇവർ ആവശ്യക്കാർക്ക് 25000 രൂപക്കാണ് വിറ്റിരുന്നത്. ഇത്തരം ചെറിയകച്ചവടാക്കാർ ഇത് വ്യക്തികൾക്ക് 1000രൂയുടെയും 500 രൂപയുടെ ചെറിയ പൊതികളാക്കി നൽകും.

ഇവർ സഞ്ചരിക്കുന്ന ജീപ്പിൽ പ്രത്യേക അറകളുണ്ടാക്കിയാണ് വിജയവാഡയിൽ നിന്നും കമ്പത്തെത്തുന്ന കഞ്ചാവ് മലബാർ മേഖലകളിലേക്കെത്തിക്കുന്നത്. സംഘത്തിലെ പ്രധാനികളായ മഞ്ചേരി വെട്ടത്തൂർ സ്വദേശി ചോൽകുളങ്ങര ആഷിഖ്, മഞ്ചേരി പയ്യനാട് കൂരിമണ്ണിൽ ഫൈസൽ എന്നിവരാണ് ഇന്നലെ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 15 കിലോ കഞ്ചാവും ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിൽ ആഴ്ചയിൽ രണ്ടിൽകൂടുതൽ തവണ ഇവർ തന്നെ കഞ്ചാവെത്തിക്കാറുണ്ടെന്നാണ് പൊലീസിനോട് പറഞ്ഞത്.

ഇവരെത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിലാണ് വിതരണം ചെയ്യുന്നത്. ഓർഡർ ലഭിക്കുന്ന മുറക്കാണ് സാധനം എത്തിക്കാറ്. അത് എത്രയും പെട്ടെന്ന് കൈമാറുകയും ചെയ്യും. മൊത്ത വിതരണക്കാരിൽ ചില്ലറ വിൽപനക്കാരിലേക്കെത്തിക്കുന്ന ഇടനിലക്കാരുമുണ്ട്. ഒരു കിലോക്ക് 2000 മുതൽ 5000 രൂപ വരെയാണ് ഇവർക്കുള്ള കമ്മീഷൻ. ഇത് മൊത്ത വിതരണക്കാരനും ചില്ലറവിൽപനക്കാരനും തുല്യമായി വീതിച്ച് നൽകണം. പലപ്പോഴും പിടിയിലാകുന്നത് ഇത്തരത്തിലുള്ള ഇടനിലക്കാരാണ്. അവർക്ക് പക്ഷെ എവിടെ നിന്നാണ് സാധനം എത്തുന്നതെന്നതിനെ കുറിച്ച് വിവരമുണ്ടാകില്ല.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ചാണ് ജില്ലയിലെ പ്രധാന കച്ചവട കേന്ദ്രം. മലപ്പുറത്തും കോളേജുകളും, സ്‌കൂളുകലും കേന്ദ്രീകരിച്ചാണ് വിൽപന. ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരാണ് മലപ്പുറത്തെ പ്രധാന വിൽപന കേന്ദ്രം. വിജയവാഡയിൽ നിന്നെത്തിക്കുന്ന ഇത്തരക്കാർക്ക് പുറമെ അട്ടപ്പാടി മേഖലയിൽ നിന്ന് കോയമ്പത്തൂർ, ഊട്ടി വഴിയും മലബാറിലേക്ക് കഞ്ചാവെത്തിക്കുന്നുണ്ട്. അട്ടപ്പാടിയിൽ നിന്ന് മണ്ണാർകാട് ചുരമിറങ്ങുന്നിടത്ത് എക്സൈസ് വകുപ്പ് പരിശോധന കർശനമാക്കിയതിനാൽ കോയമ്പത്തൂർ വഴിയും, മുള്ളി വഴി ഊട്ടിയിലൂടെ നിലമ്പൂരിലക്കുമാണ് വിതരണക്കാരെത്തിക്കുന്നത്.