അടിമാലി: പട്ടാപ്പകൽ എഴുപത്തിരണ്ടുകാരി വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന മധ്യവയസ്‌കൻ ചെന്നെയിൽ നിന്നും അറസ്റ്റിലായി. ചെന്നൈ മാങ്കാട് പട്ടൂർ മനോഹരൻ മാരിമുത്തു (54) ആണ് അറസ്റ്റിലായത്. തോക്കുപാറ മുരിക്കുംപറമ്പിൽ ഏലിയാമ്മ (73) യെയാണ് ആക്രമിച്ച് ആഭരണം കവർന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം നടന്നത്.

മുൻപ് 14 വർഷം മുൻപുവരെ പള്ളിവാസൽ തേയില ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മനോഹരൻ ഇപ്പോൾ ചെന്നൈയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. അന്ന് ദേവികുളം ഭാഗത്ത് ചായക്കട നടത്തിയിരുന്ന ഏലിയാമ്മയെ ഇയാൾക്ക് പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കേരളത്തിലെത്തിയ പ്രതി തോക്കുപാറയിൽ അമ്പഴച്ചാൽ ജംങ്ഷനിലുള്ള ഏലിയാമ്മയുടെ വീട്ടിലെത്തി. ഏലിയാമ്മ വിട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയതോടെ പരിചയം പുതുക്കിയ ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയലേക്കു പോയ വയോധികയെ പിന്നിൽ നിന്നും അടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തിൽ ഞെക്കിപ്പിടിച്ചു.

ഇതോടെ ബോധരഹിതയായ ഏലിയാമ്മയുടെ ഇരു ചെവികളിൽ നിന്നും കമ്മലുകൾ വലിച്ചുപറിച്ചു. കൈയിൽ കിടന്നിരുന്ന രണ്ടു വളകളും മാലയും കവർന്ന് രക്ഷപെടുകയായിരുന്നു. കമ്മൽ വലിച്ചുപറിച്ചതിനെ തുടർന്ന് കാതിലടക്കം ഗുരുതരമായി പരിക്കേറ്റ ഏലിയാമ്മ ആലുവ രാജഗിരി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞെത്തിയ വെള്ളത്തൂവൽ എസ്.ഐ: എസ്. ശിവലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ അപരിചിതനായ ഒരാൾ ഏലിയമ്മയുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് രേഖാ ചിത്രത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദ്ദേശത്തെ തുടർന്ന് അടിമാലി സി.ഐ: പി.കെ. സാബുവും സംഘവും അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച എസ്.ഐ: ശിവലാൽ, എഎസ്ഐമാരായ സി.വി. ഉലഹന്നാൻ, സജി എൻ. പോൾ, കെ.എൻ. സോമൻ, സി.പി.ഓ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. പിന്നീട് ഇയാളുടെ വാടക വീട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടാനായത്. മോഷ്ടിച്ച നാലുപവൻ വരുന്ന ആഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ല.

മൂന്നാറിൽ പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ഭൂമി സംബന്ധിച്ചും ഇയാൾ മുൻപ് തട്ടിപ്പു നടത്തിയിരുന്നതായി സൂചനയുണ്ട്. കൂടാതെ ദേവികുളത്തെ മറ്റൊരു ഉദ്യോഗസ്ഥനുമായി ചേർന്ന് വൻ തട്ടിപ്പു നടത്തിയ സംഭവത്തിൽ വിജിലൻസ് കേസ് വന്നതോടെ ഇയാളെ പള്ളിവാസലിലെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. പിന്നീട് പലവട്ടം പൊലീസ് ഇയാളെ അന്വേഷിച്ച് പോയിരുന്നതായും വിവരമുണ്ട്.

വലിയ തട്ടിപ്പുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രതി കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയത്. പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.